Remembrance | എംജിആർ വിടവാങ്ങിയിട്ട് 37 വർഷം; തമിഴ് മനം കീഴടക്കിയ മലയാളി
● ഇന്ത്യയിൽ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയിൽ എത്തുന്ന ആദ്യ സിനിമാതാരമാണ് എം ജി ആർ.
● റിക്ഷാക്കാരൻ എന്ന ചിത്രത്തിലെ അഭിനയത്തിനു എം.ജി.ആറിനു മികച്ച നടനുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്.
● രാജകുമാരിയിലെ നായകവേഷം എം.ജി.ആറിനെ കോളിവുഡിലെ ഏറ്റവും പ്രധാന നായകരിൽ ഒരാളാക്കി.
(KVARTHA) ഒരു കാലഘട്ടത്തെ തമിഴ് സിനിമയെയും പിന്നീട് രാഷ്ട്രീയ നേതൃത്വവുമായി വന്നപ്പോൾ ദ്രാവിഡ രാഷ്ട്രീയത്തെയും തന്റെ വ്യക്തിപ്രഭാവം കൊണ്ട് അമ്മാനമാടിയ തന്ത്രജ്ഞനാണ് എം ജി ആർ. 1977 മുതൽ തന്റെ മരണം വരെ മൂന്ന് വട്ടം തമിഴ്നാടിന്റെ മുഖ്യമന്ത്രിയും 1988ൽ മരണാനന്തരം രാഷ്ട്രം ഭാരത രത്നം നൽകി ആദരിച്ച വ്യക്തിയുമായ മരത്തൂർ ഗോപാല രാമചന്ദ്രൻ എന്ന എം ജി ആർ ഈ ലോകത്തോട് വിടവാങ്ങിയിട്ട് ഡിസംബർ 24ന് 37 വർഷം.
തമിഴ് മക്കളുടെ മാനസിക വ്യാപാരം ഇത്രമേൽ കയ്യടക്കത്തോടെ കൈകാര്യം ചെയ്ത വേറൊരു നേതാവ് തമിഴ്നാട്ടിൽ ഉണ്ടായിട്ടില്ലെന്ന് നിസംശയം പറയാം. ഇന്ത്യയിൽ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയിൽ എത്തുന്ന ആദ്യ സിനിമാതാരമാണ് എം ജി ആർ. അനീതിക്കും വ്യവസ്ഥിതികൾക്കും എതിരെ പൊരുതുന്ന അദ്ദേഹത്തിന്റെ ധീര വേഷങ്ങൾ വഴി ഉണ്ടായ സൂപ്പർഹിറ്റുകൾ തമിഴ് ജനതയുടെ നെഞ്ചിൽ അദ്ദേഹത്തിന് വീരപരി വേഷം നൽകുകയാണ് ഉണ്ടായത്.
പാലക്കാടിനടുത്ത് വടവന്നൂർ ഉള്ള ഒരു നായർ കുടുംബത്തിന്റെ പിന്തുടർച്ചാവകാശിയായി ശ്രീലങ്കയിൽ 1917 ജനുവരി 17 ന് ആയിരുന്നു ജനനം. സിനിമ ലോകവും രാഷ്ട്രീയ ലോകവും തമ്മിൽ ഇഴപിരിഞ്ഞു കിടക്കുന്ന തമിഴ്നാട്ടിൽ സിനിമയിലെ ജനകീയ നായിക വേഷം വഴി പ്രേക്ഷകരുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് കടന്നിറങ്ങിയ എംജിആർ പിന്നീട് അവരുടെ രാഷ്ട്രീയ നേതാവ് കൂടി ആവുകയായിരുന്നു.
റിക്ഷാക്കാരൻ എന്ന ചിത്രത്തിലെ അഭിനയത്തിനു എം.ജി.ആറിനു മികച്ച നടനുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്. 1936-ൽ 'സതി ലീലാവതി' എന്ന ചിത്രത്തിലൂടെയായിരുന്നു എം.ജി.ആർ വെള്ളിത്തിരയിൽ രംഗത്തുവന്നത്. 1947-ൽ പുറത്തിറങ്ങിയ രാജകുമാരി എന്ന ചിത്രം ഇന്ത്യൻ സിനിമാചരിത്രത്തിലെ തന്നെ വലിയ വിജയങ്ങളിൽ ഒന്നായി. കരുണാനിധി ആയിരുന്നു ഈ ചിത്രത്തിനു തിരക്കഥ എഴുതിയത്. രാജകുമാരിയിലെ നായകവേഷം എം.ജി.ആറിനെ കോളിവുഡിലെ ഏറ്റവും പ്രധാന നായകരിൽ ഒരാളാക്കി.
പാവങ്ങളുടെ രക്ഷകനായി അഭിനയിച്ച പല കഥാപാത്രങ്ങളിലൂടെയും എം.ജി.ആർ താരപദവിയിലേക്ക് ഉയർന്നു. അടുത്ത കാൽ നൂറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്രരംഗത്തെ ഏറ്റവും പ്രധാന നായകനും തമിഴ്നാട്ടിൽ ഏറ്റവും ആരാധിക്കപ്പെടുന്ന വ്യക്തിയും തമിഴരുടെ ധീര നായകനുമാനയി. ഒന്നിനു പുറമേ മറ്റൊന്നായി വന്ന ചലച്ചിത്രവിജയങ്ങൾ എം.ജി.ആറിനു രാഷ്ട്രീയത്തിലേക്കുള്ള വഴിയൊരുക്കി.
വിണ്ണിൽ നിന്ന് മണ്ണിലേക്ക് ഇറങ്ങിയ എംജിആര്‍ താൻ അവതരിപ്പിച്ച ജനകീയ പരിവേഷങ്ങൾ നിലനിർത്തിക്കൊണ്ട് നിരവധി ജനപ്രിയ പരിപാടികൾ ആവിഷ്കരിച്ചു എന്നതാണ് ജനങ്ങളുടെ മനസ്സിൽ എന്നും അദ്ദേഹത്തിന് സ്ഥാനം ലഭിക്കാൻ കാരണം. അതുകൊണ്ടു തന്നെയാണ് ഓർമ്മകൾ എത്ര ക്ഷണികമാണ് എന്ന് പറയുന്ന പുതിയ കാലഘട്ടത്തിലും എംജിആർ എന്ന മൂന്നക്ഷരം തമിഴകത്ത് ഇന്നും നിത്യസാന്നിധ്യമായി നില നിൽക്കുന്നത്.
#MGR #TamilCinema #IndianPolitics #TamilNadu #CinemaLegends #DravidianPolitics