മാനനഷ്ടക്കേസ്; സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, നടി ആലിയ ഭട്ട് എന്നിവര്‍ക്ക് സമന്‍സ്

 


മുംബൈ: (www.kvartha.com 25.03.2021) ഗംഗുഭായ് കത്ത്യവാടി എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, നടി ആലിയ ഭട്ട് എന്നിവര്‍ക്ക് സമന്‍സ്. മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായ് കൊഠേവാലിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രവുമായി ബന്ധപ്പെട്ടാണ് കേസ്. ചിത്രത്തില്‍ ഗംഗുഭായിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് ദത്തുപുത്രന്‍ രാവ്ജി ഷായാണ് മുംബൈ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. മെയ് 21 നുള്ളില്‍ കോടതിയില്‍ ഹാജരാകണമെന്നാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്. മാനനഷ്ടക്കേസ്; സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, നടി ആലിയ ഭട്ട് എന്നിവര്‍ക്ക് സമന്‍സ്
മാഫിയ ക്വീന്‍സ് ഓഫ് മുംബൈ; സ്റ്റോറീസ് ഓഫ് വിമണ്‍ ഫ്രം ദ ഗ്യാങ് ലാന്‍ഡ്‌സ് എന്ന പേരില്‍ ഹുസൈന്‍ സെയ്ദി, ജെയിന്‍ ബോര്‍ഗസ് എന്നിവര്‍ രചിച്ച പുസ്തത്തിലാണ് ഗംഗുഭായിയുടെ ജീവിതം പറയുന്നത്. പുസ്തകത്തില്‍ തന്റെ മാതാവിനെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്നും അതേ പുസ്തകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഇത് തന്നെ ആവര്‍ത്തിക്കുമെന്നും രാവ്ജി ഷാ ആരോപിക്കുന്നു.

മുംബൈ സിവില്‍ കോടതിയിലാണ് രാവ്ജി ഷാ ആദ്യം ഹര്‍ജി നല്‍കിയത്. ചിത്രത്തിന്റെ റിലീസ് തടയണമെന്നതായിരുന്നു ഇയാളുടെ ആവശ്യം. എന്നാല്‍ സിവില്‍ കോടതി രാവ്ജി ഷായുടെ കേസ് തള്ളി. ഗംഗുഭായിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച പ്രസ്തുത പുസ്തകം പുറത്തിറങ്ങിയത് 2011 ലാണ്.

2021 ല്‍ സിനിമ പുറത്തിറങ്ങുമ്പോള്‍ വിവാദം സൃഷ്ടിക്കുന്നത് രാവ്ജി ഷായുടെ ഉദ്ദേശശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് കോടതി ഹര്‍ജി തള്ളിയത്. മാത്രവുമല്ല രാവ്ജി ഷാ ഗംഗുഭായിയുടെ വളര്‍ത്തുമകനാണെന്നതിന് കൃത്യമായ തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ചിത്രത്തിന്റെ റിലീസ് ജൂലൈ 30-നാണ് തീരുമാനിച്ചിരിക്കുന്നത്. സഞ്ജയ് ലീല ബന്‍സാലിയുടെ ബന്‍സാലി പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്. മാഫിയ ക്വീന്‍ എന്ന ടാഗ്ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ഗംഗുഭായിയുടെ കൗമാരകാലവും മധ്യവയസ് കാലവും ആലിയ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ഈ രണ്ട് ലുകിലുമുള്ള ആലിയയുടെ ഫോട്ടോ ആലേഖനം ചെയ്ത ചിത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ ടീസറും വലിയ ജനശ്രദ്ധയാണ് നേടിയത്.

Keywords:  Mumbai court summons Alia Bhatt, Sanjay Leela Bhansali in 'Gangubai Kathiawadi' defamation case, Mumbai, News, Cinema, Entertainment, Court, Actress, Director, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia