ആദ്യ സിനിമാ ഷൂട്ടിംഗിനിടെ വിവാഹത്തിനായി അവധിയെടുത്ത് ഊഴത്തിലെ നായിക

 


തിരുവനന്തപുരം: (www.kvartha.com 24.09.2016) ആദ്യ സിനിമാ ഷൂട്ടിംഗിനിടെ തന്നെ വിവാഹത്തിനായി അവധിയെടുത്ത് ഊഴത്തിലെ നായിക ദിവ്യാ പിള്ള. ആദ്യ സിനിമയായ അയാള്‍ ഞാനല്ലയില്‍ അഭിനയിക്കുന്നതിനു മുന്‍പു തന്നെ, ദിവ്യ വിവാഹത്തിനായി അഞ്ചു ദിവസത്തെ ലീവ് വേണമെന്നു പറഞ്ഞിരുന്നു. വിവാഹത്തിനു ശേഷം സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി എന്നതു മാത്രമല്ല ഈ നടിയുടെ പ്രത്യേകത.

ഫ് ളൈ ദുബൈ കമ്പനിയില്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസറാണു ദിവ്യ. അയാള്‍ ഞാനല്ലയില്‍ അഭിനയിക്കുന്ന സമയത്തായിരുന്നു വിവാഹം. അപ്പോള്‍ തന്നെ സംവിധായകന്‍ വിനീത് കുമാറിനോട് ദിവ്യ അഞ്ചു ദിവസത്തെ അവധി വേണമെന്നും, വിവാഹത്തിനാണെന്നും പറഞ്ഞു. എന്നാല്‍ ആരുടെ വിവാഹമെന്ന് ചോദിച്ചപ്പോള്‍ മാത്രമാണ് അത് ദിവ്യയുടെ വിവാഹമാണെന്ന് സെറ്റില്‍ എല്ലാവരും അറിയുന്നത്. ബ്രിട്ടിഷ് പൗരനായ ഒസാമ അല്‍ ബന്നാ ആണു ദിവ്യയുടെ ഭര്‍ത്താവ്.

പ്രണയവിവാഹമായിരുന്നു. ദിവ്യ ആദ്യം ജോലി ചെയ്തിരുന്ന എമിറേറ്റ്‌സ് എയര്‍ലൈനില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ സഹപ്രവര്‍ത്തകനായ ഒസാമയെ അറിയാമായിരുന്നു. അന്ന് ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. ഇപ്പോള്‍ ബന്നയും ഫ് ളൈ ദുബൈയിയിലാണ് ജോലി ചെയ്യുന്നത്. ബന്നയുടെ പിതാവ് 18 വര്‍ഷം മുമ്പ് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഇറാഖിയാണ്. മാതാവ് ഇംഗ്ലിഷുകാരിയും. ദിവ്യയുടെ വീട്ടില്‍ എല്ലാവരും മലയാളമാണു സംസാരിക്കുക. ബന്നയെയും കുറച്ചു മലയാളം പഠിപ്പിച്ചിട്ടുണ്ട് ദിവ്യ.

നേരത്തെ ജോലിയില്‍ മാത്രമായിരുന്നു ദിവ്യയുടെ ശ്രദ്ധ. ഇപ്പോള്‍ സിനിമയും ആസ്വദിച്ചു തുടങ്ങിയിരിക്കയാണ്. നല്ല കഥയും കഥാപാത്രങ്ങളും വന്നാല്‍ സിനിമയ്ക്കു തന്നെ പ്രാധാന്യം നല്‍കുമെന്നും ദിവ്യ പറയുന്നു.

സിനിമയിലെത്തി ആദ്യമൊക്കെ ചില സീനുകളില്‍ അഭിനയിക്കുമ്പോള്‍ ദിവ്യ വളരെ നെര്‍വസ് ആയിരുന്നു. അപ്പോള്‍ പൃഥ്യുരാജ് ആയിരുന്നു ദിവ്യയ്ക്ക് ധൈര്യം നല്‍കിയിരുന്നത്. നീ എത്ര വേണമെങ്കിലും ടേക്ക് എടുത്തോ...ആര് എന്തു പറയുമെന്നോര്‍ത്തൊന്നും വിഷമിക്കണ്ട എന്നൊക്കെയായിരുന്നു പൃഥ്യു പറയാറുള്ളത്. ആ വാക്കുകള്‍ ആണ് തനിക്ക് ഊര്‍ജം പകര്‍ന്നുതന്നതെന്ന് ദിവ്യ പറയുന്നു.

അയാള്‍ ഞാനല്ല സിനിമയുടെ ഛായാഗ്രാഹകനായ ഷാംദത്ത് ആണ് ജീത്തു ജോസഫിനോട് ദിവ്യയുടെ കാര്യം പറയുന്നത്. അങ്ങനെയാണ് ഊഴത്തിലേക്കു വരുന്നത്. ആദ്യമൊക്കെ ദിവ്യയ്ക്ക് വല്ലാത്ത ടെന്‍ഷനായിരുന്നു. പിന്നെ സിനിമയുടെ വര്‍ക്‌ഷോപ്പ് കഴിഞ്ഞതോടെ ധൈര്യം കിട്ടിയെന്നും താരം പറയുന്നു.


ആദ്യ സിനിമാ ഷൂട്ടിംഗിനിടെ വിവാഹത്തിനായി അവധിയെടുത്ത് ഊഴത്തിലെ നായിക


Keywords: Oozham Actress Divya Pillai , Fly Dubai, Officer, Thiruvananthapuram, Director, Marriage, Holidays, Iraq, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia