പേട്ട ... കാളിയുടെ കളി, പേട്ട വേലന്റെയും

 


ലിസണ്‍ ഈഴുവത്ര

ഇന്നലെ വെള്ളിയാഴ്ച്ച രാത്രി, ഓഫീസിലെ തിരക്കുള്ള ജോലി കഴിഞ്ഞു വീട്ടില്‍ വന്നു ഭക്ഷണം കഴിച്ചെന്നു വരുത്തി പുതുതായി തുടങ്ങിയ കൊളംബോ രാജഗിരിയിലെ സാവോയ് പ്രീമിയര്‍ സിനിമ തീയേറ്ററിലേക്ക് മുന്‍ കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുമായി ഓടിക്കയറുമ്പോള്‍ പോസിറ്റീവ് റിവ്യൂകള്‍ എന്റെ മനസ്സിലുണ്ടാക്കിയിരുന്ന അമിത പ്രതീക്ഷയുടെ ഭാരം എന്നെ അല്‍പ്പം ഭയപ്പെടുത്തിയിരുന്നു.

പകലത്തെ ക്ഷീണം കാരണം ഹാളില്‍ ചെന്നിരുന്നപ്പോള്‍ തന്നെ നിദ്രദേവിയും പുള്ളിക്കാരിയുടെ അനിയത്തിയും കണ്ണുകളെ തഴുകി അടക്കാന്‍ ആരംഭിച്ച സമയം പടം തുടങ്ങി. തുടങ്ങുമ്പോള്‍ തന്നെ കട്ട ആക്ഷന്‍ കണ്ടപ്പോള്‍ ഒരു വ്യത്യസ്തത തോന്നി.

പിന്നീട് കണ്ടത് തലൈവരുടെ ഒരു വെടിക്കെട്ട് പ്രകടനം ആയിരുന്നു. പടയപ്പാ നീലാംബരി പറഞ്ഞത് പോലെ 'വയസ്സനാലും ഉന്‍ സ്‌റ്റൈലും അഴകും ഇന്നും ഉന്നെ വിട്ടു പോകലെ', അജ്ജാതി സ്‌ക്രീന്‍ പ്രെസെന്‍സും എനര്‍ജിയും. കണ്ണുകളില്‍ തടിച്ചു കൂടിയ ഉറക്കം ഉസൈന്‍ ബോള്‍ട്ടിന്റെ വേഗതയില്‍ പമ്പ കടന്നു.

സുന്ദരിമാര്‍ ആയ രണ്ടു നായിക കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നെകിലും രണ്ടു പേര്‍ക്കും സുന്ദരികളായി ഇരിക്കുക എന്നതില്‍ കവിഞ്ഞു പ്രത്യക റോള്‍ ഒന്നും ഉണ്ടായില്ല, അവരെക്കാള്‍ കൂടുതല്‍ പ്രാധാന്യം മാളവിക മോഹന്‍ അവതരിപ്പിച്ച പൂങ്കൊടിക്കും, ആടുകളം നരേന്റെ ഭാര്യാവേഷം അഭിനയിച്ച നടിക്കും ഉണ്ട്.

വോള്‍ട്ടേജ് കുറഞ്ഞ വില്ലന്മാര്‍ ആയി ബോബി സിംഹയും പുള്ളിയുടെ അച്ഛനായി ആടുകളം നരേനും വരുന്നുണ്ട്. വളരെ ഭീരുവും ലക്ഷ്യം നേടാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ക്രൂരസ്വഭാവവും ഉള്ള വില്ലന്‍ ആയി നവാസുദ്ധീന്‍ സിദ്ദിഖിയും, മകനും സദാചാര ഗുണ്ടാ രാഷ്ട്രീയ നേതാവായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും നിറഞ്ഞാടി.

എന്റര്‍ടെയിന്മെന്റിനോടൊപ്പം വ്യക്തമായ രാഷ്ട്രീയവും ഈ സിനിമ നമുക്ക് കാണിച്ച് തരുന്നുണ്ട്. കാണാന്‍ നല്ല ഭംഗിയുള്ള ഫ്രയിമുകള്‍ ആയിരുന്നു. കുറെ നാളായി നമ്മള്‍ കാണാതിരുന്ന ആ രജനി മാജിക് ഈ പടത്തില്‍ ശരിക്കും കാണാം.

അനിരുദ്ധിന്റെ സംഗീതം, അതെടുത്തുപറയേണ്ടത് തന്നെയാണ്. പിന്നെ നമ്മുടെ സ്വന്തം കമ്മട്ടിപ്പാടം ബാലേട്ടന്‍, മണികണ്ഠന്‍ ആചാരിയുടെ നല്ലൊരു വേഷവും. ഒരു പുതുമയും ഇല്ലാത്ത നൂറ്റൊന്നാവര്‍ത്തിച്ച ഒരു പ്രതികാര കഥ, രജനികാന്ത് എന്ന ഇതിഹാസത്തിനു നിറഞ്ഞാടാന്‍ തക്കവണ്ണം ട്വിസ്റ്റുകള്‍ നിറഞ്ഞ ദൃശ്യവിരുന്നാക്കിയ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് തീര്‍ച്ചയായും കയ്യടി അര്‍ഹിക്കുന്നു.

പടം തീര്‍ന്നപ്പോള്‍ മണികണ്ഠന്‍ ആചാരിയുടെ ഡയലോഗ് ആണ് നമുക്കും പറയാന്‍ തോന്നുക... സാറേ.. നിങള്‍ കൊലമാസാണ്...



പേട്ട ... കാളിയുടെ കളി, പേട്ട വേലന്റെയും

Keywords:  Article, film, Entertainment, Rajnikanth, Tamil, Cinema, Petta movie review by Lisan Ezhuvathra 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia