തിരുവനന്തപുരം: (www.kvartha.com 22.06.2021) പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍(73) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചകിത്സയിലായിരുന്നു. പിന്നീട് ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. സംസ്‌കാരം വൈകീട്ട് തിരുവനന്തപുരം പൂവച്ചല്‍ കുഴിയംകൊണം ജമാ അത്ത് പള്ളിയില്‍ നടക്കും.
1948 ഡിസംബര്‍ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് സമീപം അബൂക്കര്‍ പിള്ളയുടെയും റാബിയത്തുല്‍ അദബിയ ബീവിയുടെയും മകനായി പൂവച്ചലിലാണ് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്ന പൂവച്ചല്‍ ഖാദര്‍ ജനിച്ചത്. ഭാര്യ- ആമിന, മക്കള്‍- തുഷാര, പ്രസൂന.
സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തൃശൂര്‍ വലപ്പാട് പോളിടെക്‌നികില്‍ നിന്ന് എഞ്ചനീയറിങ്ങ് ഡിപ്ലോമയും തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍ നിന്ന് എ എം ഐ ഇയും പാസായി. പൊതുമരാമത്ത് വകുപ്പില്‍ എഞ്ചിനീയറായിരുന്നു. 1972 -ല്‍ ചലച്ചിത്ര ഗാനരചനയിലേക്ക് കടന്ന ഖാദര്‍ പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്കുവേണ്ടി ഗാനങ്ങള്‍ രചിച്ചു.
ചാമരം, ചൂള, തകര, പാളങ്ങള്‍, ബെല്‍റ്റ് മത്തായി, ശ്രീ അയ്യപ്പനും വാവരും, ആട്ടകലാശം, തമ്മില്‍ തമ്മില്‍, സന്ദര്‍ഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ നിരവധി ചിത്രങ്ങളിലെ പാട്ടുകള്‍ ശ്രദ്ധ നേടി. എഴുപത് എണ്‍പത് കാലഘട്ടത്തില്‍ സിനിമാഗാനരംഗത്തു നിറസാന്നിധ്യമായ ഖാദര്‍ കെ ജി ജോര്‍ജ്, പി എന്‍ മേനോന്‍, ഐവി ശശി. ഭരതന്‍, പത്മരാജന്‍ തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവര്‍ത്തിച്ചു.
മുന്നൂറിലേറെ ചിത്രങ്ങളിലായി 1200 ലേറെ പാട്ടെഴുതി. ശര റാന്തല്‍ തിരി താഴും.. നാഥാ നീ വരും കാലൊച്ച കേട്ടെന്‍.. ഏതോ ജന്മ കല്പനയില്‍.. പൂ മാനമേ.. തുടങ്ങി മലയാളികളുടെ മനസില്‍ തങ്ങിനില്‍ക്കുന്ന നിരവധി അനശ്വര ഗാനങ്ങള്‍ രചിച്ചു.
പൂവച്ചല്‍ ഖാദറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
ചലച്ചിത്രരംഗത്തും ലളിത ഗാന രംഗത്തും വളരെ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ കവി പൂവച്ചല്‍ ഖാദറിന്റെ നിര്യാണം സാഹിത്യ സാംസ്‌കാരിക ലോകത്തിനു കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നാനൂറോളം സിനിമകളിലായി 1400 ഓളം പാട്ടുകള്‍ അദ്ദേഹം എഴുതി. ഒരുപക്ഷേ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ എഴുതിയ രചയിതാവ് പൂവച്ചല്‍ ഖാദര്‍ ആയിരിക്കും. അദ്ദേഹത്തിന്റെ ഗാനങ്ങളെല്ലാം ആസ്വാദകരുടെ മനസ്സില്‍ ഒരുപോലെ തത്തിക്കളിക്കുന്നതാണ്.
അസാധാരണമായ സ്വീകാര്യതയാണ് ഖാദറിന്റെ ഗാനങ്ങള്‍ക്കുണ്ടായത്. സിനിമാപ്പാട്ടുകളോടൊപ്പം ലളിതഗാനങ്ങള്‍ കൊണ്ടും ശ്രദ്ധേയനായി ഖാദര്‍. രാമായണക്കിളി... ജയദേവകവിയുടെ... തുടങ്ങിയ ഗാനങ്ങള്‍ നിരവധി പതിറ്റാണ്ടുകളായി കേരളത്തിലാകെ ശ്രദ്ധേയമായി നില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.