ആനക്കൊമ്പുകേസ്; മോഹന്‍ലാലിനെതിരെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സിന്റെ ഉത്തരവ്

 


കൊച്ചി: (www.kvartha.com 15.10.2016) ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.

വനംവകുപ്പിന്റെ അനുമതിയില്ലാതെ വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ചെന്നാണു താരത്തിനെതിരെയുള്ള പരാതി. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും ആനക്കൊമ്പ് കൈമാറിയവര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഡിസംബര്‍ 16നകം റിപ്പോര്‍ട്ട് നല്‍കാനാണ് കോടതിയുടെ ഉത്തരവ്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒന്നാം പ്രതിയായും മോഹന്‍ലാലിനെ ഏഴാം പ്രതിയുമാക്കി പത്തു പേര്‍ക്കെതിരെ കേസെടുക്കണമെന്നാവ ശ്യപ്പെട്ട് ഏലൂര്‍ അന്തിക്കാട് വീട്ടില്‍ എ.എ.പാലോസാണ് ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് കോര്‍നാട് ഫോറസ്റ്റ് അധികൃതര്‍ കേസെടുത്തെങ്കിലും പിന്നീട് റദ്ദാക്കി. ഇതിനെതിരെയാണ് പൗലോസ് കോടതിയെ സമീപിച്ചത്. 2012 ജൂണില്‍ മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തത്.

ആനക്കൊമ്പ് കൈവശം വച്ച സംഭവത്തില്‍ വനംവകുപ്പു കേസുകള്‍ അവസാനിപ്പിക്കാനിരിക്കെയാണ് കോടതിയുടെ ഉത്തരവ്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിന് അനുമതി നല്‍കിക്കൊണ്ട് മുന്‍സര്‍ക്കാരിന്റെ കാലത്ത് ഉത്തരവു പുറത്തുവന്നിരുന്നു. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഉത്തരവ് അനുസരിച്ചാണ് വനംവകുപ്പ് അനുമതി നല്‍കിയത്. നിലവിലുള്ള വന നിയമങ്ങള്‍ക്കു വിരുദ്ധമാണിത്.

ഇങ്ങനെ അനുമതി നല്‍കിയതിനു പിന്നില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണു ഹര്‍ജിക്കാരന്റെ ആരോപണം. ഈ സാഹചര്യത്തിലാണ് മോഹന്‍ലാലിനെതിരെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഇതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്താന്‍ ആലോചിക്കുന്നുവെന്ന മറുപടിയാണു മോഹന്‍ലാല്‍ വനംവകുപ്പിനു നല്‍കിയ അപേക്ഷയില്‍ നല്‍കിയിട്ടുള്ളത്. ഈ അപേക്ഷ പരിഗണിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ വനംവകുപ്പ് അനുമതി നല്‍കുകയായിരുന്നു.

എന്നാല്‍ ആനക്കൊമ്പുകള്‍ തൃപ്പുണിത്തുറ സ്വദേശി കെ.കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്ന് 65,000
രൂപ കൊടുത്ത് വാങ്ങിയെന്നാണ് മോഹന്‍ലാലിന്റെ വാദം. എന്നാല്‍ ഈ വിശദീകരണം നിലനില്‍ക്കില്ലെന്നും വന്യജീവി നിയമപ്രകാരം നിയമലംഘനമാണെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.

വനംവകുപ്പ് മുന്‍ സെക്രട്ടറി മാരപാണ്ഡ്യന്‍, മലയാറ്റൂര്‍ ഡി.എഫ്.ഒ, കോടനാട് റേഞ്ച് ഓഫീസര്‍ ഐ.പി.സനല്‍, സിറ്റി പോലീസ് കമ്മിഷണറായിരുന്ന കെ.പത്മകുമാര്‍, തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ബിജോ അലക്‌സാണ്ടര്‍, തൃശൂര്‍ സ്വദേശി പി.എന്‍.കൃഷ്ണകുമാര്‍, കെ.കൃഷ്ണകുമാര്‍, കൊച്ചി രാജകുടുംബാംഗവും ചെന്നൈ സ്വദേശിനിയുമായ നളിനി രാമകൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രതികള്‍.



ആനക്കൊമ്പുകേസ്; മോഹന്‍ലാലിനെതിരെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സിന്റെ ഉത്തരവ്

Keywords:  Possession of Ivory: Quick verification ordered against Mohanlal, Kochi, Complaint, Thiruvanchoor Radhakrishnan, Actor, Application, House, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia