പള്‍സര്‍ സുനി പെണ്‍വാണിഭ കേസില്‍ ദുബൈ പോലീസ് അന്വേഷിക്കുന്ന കുറ്റവാളി

 


കൊച്ചി: (www.kvartha.com 02.03.2017) കൊച്ചിയില്‍ യുവനടിയെ കാറില്‍ വെച്ച് ക്രൂരമായി ആക്രമിച്ച കേസിലെ പ്രധാനപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി പെണ്‍വാണിഭ കേസില്‍ ദുബൈ പോലീസ് അന്വേഷിക്കുന്ന സുനില്‍ സുരേന്ദ്രനാണെന്ന് സൂചന. സിനിമയില്‍ അവസരം തേടിയെത്തുന്ന യുവതികളെ പ്രലോഭിപ്പിച്ചു വിദേശത്തേക്ക് കടത്തുന്ന റാക്കറ്റിന്റെ മുഖ്യകണ്ണിയായിരുന്നു സുനില്‍ സുരേന്ദ്രന്‍.

ഇതേ ലക്ഷ്യത്തോടെയാണ് ഇയാള്‍ സിനിമാക്കാരുമായി അടുപ്പമുണ്ടാക്കിയതെന്നും പോലീസ് സംശയിക്കുന്നു. ഇതിന്റെ ഭാഗമായി 2013- 2014 വര്‍ഷങ്ങളില്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ പലതവണ ഇയാള്‍ ദുബൈയിലെത്തിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായും സൂചനയുണ്ട്. 

 പള്‍സര്‍ സുനി പെണ്‍വാണിഭ കേസില്‍ ദുബൈ പോലീസ് അന്വേഷിക്കുന്ന കുറ്റവാളി

നേരത്തെ, നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതിയായ പെരുമ്പാവൂര്‍ കോടനാട് നെടുവേലിക്കുടി സുനില്‍ കുമാര്‍ വിദേശത്ത് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ തിരച്ചില്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സുനില്‍ കുമാറിന് മൂന്ന് പേരുകളില്‍ പാസ്‌പോര്‍ട്ട് ഉള്ളതായി കണ്ടെത്തിയത്.

കേരളത്തില്‍ നിന്ന് യുവതികളെ വിദേശത്തേക്കു കടത്തുന്നതിനു നേതൃത്വം നല്‍കിയ തൃശൂര്‍ വലപ്പാട് ചന്തപ്പടി കൊണ്ടിയറ കെ.വി. സുരേഷിന്റെ കൂട്ടാളിയായിരുന്നു സുനില്‍. സംഭവം പുറത്തറിഞ്ഞതോടെ ഇയാള്‍ ദുബൈയില്‍ നിന്നു മുങ്ങി. പാസ്‌പോര്‍ട്ട് വ്യാജമായിരുന്നതിനാല്‍ ദുബൈ പോലീസിന് ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

ദുബൈയിലെ പെണ്‍വാണിഭ സംഘത്തിനു വേണ്ടിയുള്ള മനുഷ്യക്കടത്ത് കേസ് സി.ബി.ഐ ഏറ്റെടുക്കുന്ന ഘട്ടമെത്തിയപ്പോള്‍ അജ്ഞാതനായിരുന്ന സുനില്‍ സുരേന്ദ്രന്‍ തെളിവുകളുടെ അഭാവത്തില്‍ കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ദുബൈയിലെ മലയാളി സന്നദ്ധ സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്നു 2013 പകുതിയോടെയാണു പെണ്‍വാണിഭ കേസില്‍ ദുബൈ പോലീസ് അന്വേഷണം തുടങ്ങിയത്.

ഇപ്പോള്‍ സിബിഐ അന്വേഷിക്കുന്ന പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി ലിസി സോജന്റെ ഏജന്റുമാരായി ദുബൈയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡ്രൈവര്‍മാരായ കൊടുങ്ങല്ലൂര്‍ എറിയാട് ആവണിത്തറയില്‍ എ.പി. മനേഷ്, അഴീക്കോട് തോട്ടുങ്കല്‍ ടി.എ. റഫീഖ്, മരട് പയ്യപ്പിള്ളി വര്‍ഗീസ് റാഫേല്‍ എന്നിവരുടെ മൊഴികളിലും ഡ്രൈവറായിരുന്ന സുനില്‍ സുരേന്ദ്രനെ കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്.

സുരേഷ്, ലിസി സോജന്‍ എന്നിവര്‍ അടക്കമുള്ള പ്രതികളെ ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിച്ചാണു സിബിഐ അറസ്റ്റ് ചെയ്തത്. പെണ്‍വാണിഭ കേസിലെ പ്രതികള്‍ സുനില്‍കുമാറിനെ തിരിച്ചറിഞ്ഞു മൊഴി നല്‍കിയാല്‍ ഇയാളെ സിബിഐയും ചോദ്യം ചെയ്യും.

Also Read:
അരവ് യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി ഭര്‍തൃമതി മരണപ്പെട്ടു
Keywords: Pulsar Suni involved Dubai immoral racket, Women, Passport, Airport, Notice, Actress, Cinema, Probe, News, Fake, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia