Review | രജനികാന്തിന് ഒരുപടി മുകളിലോ ഫഹദ് ഫാസിൽ! 'വേട്ടയ്യന്‍' റിവ്യൂ
● ഫഹദ് ഫാസിലും മഞ്ജു വാര്യറും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ.
● അമിതാഭ് ബച്ചൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
● ഫഹദ് അവതരിപ്പിച്ച പാട്രിക്ക് എന്ന ബാറ്ററിക്ക് വലിയ പ്രാധാന്യമുണ്ട്.
ഡോണൽ മുവാറ്റുപുഴ
(KVARTHA) ജയ് ഭീമന് ശേഷം ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്തു രജനികാന്ത് നായകനായ വേട്ടയ്യൻ തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. മലയാളത്തിൻ്റെ സ്വന്തം മഞ‍്‍ജു വാര്യര്‍ നായികയായി എത്തിയിരിക്കുന്നതും ചിത്രത്തിന്റെ ആകര്‍ഷണമാണ്. കൂടാതെ മലയാളികളുടെ പ്രിയപ്പെട്ട നടൻ ഫഹദ് ഫാസിലും ഈ സിനിമയിൽ നിര്‍ണായകമായ ഒരു കഥാപാത്രമായി എത്തുന്നു എന്നതും ശ്രദ്ധേയമാണ്. ആദ്യമായിട്ടാണ് ഫഹദ് ഫാസിൽ ഒരു രജനി ചിത്രത്തിൽ അഭിനയിക്കുന്നത്.
മറ്റൊരു മലയാളി താരം സാബു മോൻ ആണ് ഈ സിനിമയിൽ വില്ലനായി എത്തിയിരിക്കുന്നത്. കൂടാതെ ബിഗ് ബി സാക്ഷാൽ അമിതാഭ് ബച്ചനും ഈ ചിത്രത്തിലുണ്ടെന്നത് കൗതുകകരമാക്കുന്നു. 1991ൽ പുറത്തിറങ്ങിയ ഹം എന്ന ചിത്രത്തിന് ശേഷം 33 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വേട്ടയ്യൻ. ഡിജിപി സത്യദേവ് ബ്രഹ്‌മദത്ത് പാണ്ഡ്യ എന്ന സുപ്രധാന കഥാപാത്രത്തിനെയാണ് ബച്ചൻ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്.
ഒരുപാട് കണ്ടുമടുത്ത ടെംപ്ലേറ്റിൽ മോശമാക്കാത്ത കണ്ടിരിക്കാൻ പാകത്തിനുള്ള രീതിയിലാണ് പടം എടുത്തുവെച്ചിരിക്കുന്നത്. ഫസ്റ്റ് ഹാഫ് അത്യാവശ്യം ത്രില്ലിങ്ങായി പോയപ്പോൾ സെക്കന്റ് ഹാഫ് നന്നായി വലിപ്പിച്ച് ക്ഷമയെ പരീക്ഷിക്കുന്നുണ്ട്. എന്നാലും ഇടയ്ക്കുള്ള ചില സീൻസ് കാരണം മടുപ്പിക്കാതെ പോകുന്നുമുണ്ട്. കന്യാകുമാരി എസ്.പിയായ ആദിയന്റെ കഥയാണ് സിനിമ പറയുന്നത്. രജനികാന്താണ് ആദിയനായി എത്തുന്നത്. എൻകൗണ്ടർ സ്‌പെഷലിസ്റ്റായ ആദിയന്റെ കരിയറിലെ സംഭവിക്കുന്ന സുപ്രധാന കേസും അതിലുണ്ടാവുന്ന വഴിത്തിരിവുമാണ് സിനിമയ്ക്ക് ആധാരം.
ചിത്രത്തിന്റെ കഥയിലേക്ക് കടക്കുന്ന രീതിയും ഇൻവെസ്റ്റിഗേഷൻ സീനുകളും നന്നായിരുന്നു. കഥയുടെ ഒരു മൊമന്റിൽ അടുത്തത് എന്താണെന്ന് എളുപ്പത്തിൽ ഊഹിക്കാൻ കഴിയുന്ന തരത്തിലായിരുന്നു പോക്ക്. ഇന്റർവല്ലിന് ശേഷം മറ്റൊരു തലത്തിലേക്ക് കഥ പോകുന്ന രീതിയും മികച്ചതായിരുന്നു. ഈയടുത്ത് ജനശ്രദ്ധ നേടിയ ഒരു ഓൺലൈൻ വിദ്യാഭ്യാസ ആപ്പുമായി ബന്ധപ്പെട്ട തട്ടിപ്പിനെ സിനിമയിലേക്ക് കണക്ട് ചെയ്ത രീതിയും അതിനെ വിമർശിച്ച രീതിയും കൈയടി അർഹിക്കുന്നതാണ്.
ഫഹദ് അവതരിപ്പിച്ച പാട്രിക്ക് എന്ന ബാറ്ററിക്ക് വലിയ പ്രാധാന്യമാണുള്ളത്. ഫഹദ് വരുന്ന ഓരോ രംഗത്തിലും അദ്ദേഹം തന്നെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കും. അദ്ദേഹം അവതരിപ്പിക്കുന്ന ബാറ്ററിയെന്ന കഥാപാത്രം സിനിമയുടെ നെടും തൂണുകളിലൊന്നാണ്. ഫഹദിന് പകരം മറ്റാർക്കും ആ കഥാപാത്രത്തെ കൈകാര്യം ചെയ്യാനാവില്ലെന്ന് തോന്നിപോവും. ചിത്രത്തിലെവിടെയും ഫഹദ് എന്ന നടനെ കാണാനാവില്ല ബാറ്ററിയുടെ ഒരോ ചലനങ്ങളും അത്രയധികം വിശ്വസനീയമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധ്യമായി. മഞ‍്‍ജു വാര്യര്‍ രജിനികാന്തിന്റെ ഭാര്യ കഥാപാത്രമായ താരയെയാണ് കൈകാര്യം ചെയ്യുന്നത്. അവർ വരുന്ന രംഗങ്ങളെല്ലാം മികച്ചതാക്കിയിട്ടുണ്ട്.
ഏറ്റവും ഇഷ്ടമായത് റിതിക ആണ്. ടിപ്പിക്കൽ രജനി ചിത്രങ്ങളെ ഓർമിപ്പിക്കുന്ന തരത്തിൽ രജനിയുടെ ഇൻട്രോയും അതിനൊടൊപ്പമുള്ള ഫൈറ്റും ഗംഭീരമായിരുന്നു. ഫാൻബോയ് ആയ അനിരുദ്ധ് ആ സീനിന് നൽകിയ ബി.ജി.എം തിയേറ്ററുകളെ ഇളക്കിമറിച്ചു. ഫൈറ്റിന് ശേഷം ഒരു പാട്ട് എന്ന രീതിയിൽ വന്ന ‘മനസിലായോ’ പാട്ടും അപ്രതീക്ഷിത കാമിയോയും ഗംഭീരമായിരുന്നു. പ്രായത്തിന്റെ പരിമിതകൾ രജനിയിൽ അറിയാൻ പറ്റുന്നുണ്ട്. അതേപോലെ പടത്തിന് ചേരുന്ന രീതിയിലുള്ള തരക്കേടില്ലാത്ത മ്യൂസിക്കും അനിരുദ്ധ് ചെയ്തിട്ടുണ്ട്.
റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്. ഛായാഗ്രഹണം എസ് ആർ കതിർ. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. മൊത്തത്തിൽ കണ്ടിരിക്കാവുന്ന ഒരു ആവറേജ് അനുഭവമായി തോന്നി വേട്ടയ്യൻ. സിനിമ കാണാം ബോറടിക്കില്ല.
#Veettayan #Rajinikanth #FahadhFaasil #MalayalamCinema #MovieReview #IndianCinema