Legend | സൈനുദ്ദീൻ വിട പറഞ്ഞിട്ട് കാൽ നൂറ്റാണ്ട്; ചിരിയാൽ പ്രേക്ഷകരെ കീഴടക്കിയ ജനപ്രിയ നടൻ
● മിമിക്രി വേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ താരം
● നിഷ്കളങ്കമായ അഭിനയം കൊണ്ട് പ്രേക്ഷകരെ ചിരിപ്പിച്ചു.
● 150-ലധികം സിനിമകളിൽ അഭിനയിച്ചു.
● ശ്വാസകോശ രോഗത്തെ തുടർന്ന് 47-ാം വയസ്സിൽ അന്തരിച്ചു.
(KVARTHA) മിമിക്രി വേദിയിൽ നിന്നുമെത്തി മലയാളിയെ ചിരിപ്പിച്ചു കടന്നുപോയ നടനായിരുന്നു സൈനുദ്ദീൻ. പഴയ കാല ചിത്രങ്ങൾ കാണുമ്പോൾ അദ്ദേഹം കുറച്ചു കാലം കൂടി ജീവിച്ചിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കാത്ത പ്രേക്ഷകരില്ല. വളരെ ചെറിയ കാലയളവ് മാത്രമാണ് സൈനുദ്ദീനെ അഭ്രപാളികളിൽ കാണാൻ കഴിഞ്ഞിരുന്നുള്ളു. കേവലം 13 വർഷത്തെ സിനിമ ജീവിതം കൊണ്ട് സാധാരണക്കാരിൽ സാധാരണക്കാരായ സിനിമ പ്രേമികളുടെ മനസ്സിൽ ചിരിയുടെ മാലപ്പടക്കങ്ങൾ തീർത്ത സൈനുദ്ദീൻ വിട പറയുകയായിരുന്നു.
അതി ഭാവുകത്വങ്ങളോ അത്ഭുത പ്രകടനങ്ങളോ ഇല്ലാതെയാണ് പ്രേക്ഷക മനസ്സിൽ അദ്ദേഹംഇടം നേടിയത്.
മലയാള സിനിമയിലെ ഹാസ്യ നടനെന്ന പേരിൽ പാർശ്വവൽക്കരിക്കപ്പെട്ടതായിരുന്നു സൈനുദ്ദീൻ്റെ അഭിനയ ജീവിതം. രഘുനാഥ് പലേരിയുടെ മൈ ഡിയർ കുട്ടിച്ചാത്തൻ, ഒന്നുമുതൽ പൂജ്യം വരെ തുടങ്ങിയ ചിത്രങ്ങളിലെ വളരെ ചെറിയ റോളുകൾ വഴി സിനിമാലോകത്തെത്തിയ സൈനുദ്ദീൻ 150 ലേറെ സിനിമകളിൽ അഭിനയിക്കുകയുണ്ടായി. ഹാസ്യ നടനായി തിളങ്ങിയ സൈനുദ്ദീൻ സയാമീസ് ഇരട്ടകൾ, ഹിറ്റ്ലർ, ആലഞ്ചേരി തമ്പ്രാക്കൾ, മിമിക്സ് പരെഡ്, കാസർഗോഡ് കാദർഭായ് തുടങ്ങിയ ചിത്രങ്ങൾ വഴി ശ്രദ്ധേയനായി.
മലയാള സിനിമ ചരിത്രത്തിൽ ജഗദീഷ്, സിദ്ദിഖ്, ബൈജു, സൈനുദ്ദീൻ എന്നിവർ നിറഞ്ഞാടിയ മിമിക്സ് പരേഡ്, കാസർകോട് കാദർഭായ് തുടങ്ങിയ ചിത്രങ്ങൾ ചിരിയുടെ മാലപ്പടക്കങ്ങൾ തീർത്തുകൊണ്ട് മുന്നേറുന്ന കാലഘട്ടത്തിലെ സുപ്രധാന കണ്ണിയായിരുന്നു സൈനുദ്ദീൻ. പ്രേക്ഷകർ ഒരിക്കലും മറക്കാത്ത നിരവധി വേഷങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. സൈനുദ്ദീന്റെ നിഷ്കളങ്കമായ ഒരു തമാശ കണ്ടവർക്ക് ഒരിക്കലും അദ്ദേഹത്തെ മറക്കാൻ പറ്റില്ല. സിനിമ പ്രേമവുമായി നടക്കുകയാണ് ഈ നാല് കൂട്ടുകാർ.
ഒരു ദിവസം രാവിലെ ആവേശത്തോടെ സൈനുദ്ദീൻ വിളിച്ചുപറഞ്ഞു. അളിയാ എനിക്കൊരു പടം കിട്ടി. മൂന്നുപേരും അത്ഭുതത്തോട് ചോദിച്ചു. എവിടുന്ന് ആരുടേത്? ഐ വി ശശി സാറിന്റേത്. മൂന്നുപേരും കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു എങ്ങനെ ഒപ്പിച്ചെടാ അളിയാ ഇത്? നിഷ്കളങ്കമായി തിരിച്ചുകൊണ്ടു പറഞ്ഞു നാനയിൽ നിന്ന് കട്ട് ചെയ്ത് എടുത്തതാണ്. തീയറ്ററിൽ ഉണ്ടാക്കിയ ചിരിയുടെ ഭൂകമ്പം അവിടെ മാത്രം ഒതുങ്ങിയിരുന്നില്ല. അന്നത്തെ യുവതലമുറക്ക് ആവേശമായിരുന്നു അത്.
മലയാള സിനിമ ചരിത്രത്തിൽ സ്വന്തമായ അധ്വാനങ്ങൾ കൊണ്ട് തങ്ങളുടെതായ ഇരിപ്പിടങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കേ അകാലത്തിൽ വിട പറഞ്ഞു പോയ നിരവധി പേരുണ്ട്. മരണം എന്നത് ചിന്തയിൽ വരുന്ന പ്രായത്തിനു മുമ്പ് വിടപറഞ്ഞു തിരിച്ചു പോകേണ്ടി വന്ന ജയൻ ശോഭ, റാണി ചന്ദ്ര, കൂട്ടത്തിൽ ചേർത്ത് വെക്കാൻ പറ്റുന്ന പേരാണ് 47-ാമത്തെ വയസ്സിൽ വിടവാങ്ങിയ തികച്ചും നിഷ്കളങ്കനായ സൈനുദ്ദീൻ. കളമശ്ശേരിയിലെ ഒരു ലോറി ട്രാൻസ്പോർട്ട് കമ്പനിയിൽ ജോലി ചെയ്യവേ മനസ്സിൽ കടന്നുകയറിയ കലാഭവന മൂലമാണ് കലാഭവൻ അൻസാറിന്റെ പ്രത്യേക പരിഗണന ലഭിച്ചു സൈനുദ്ദീൻ കൊച്ചിൻ കലാഭവനിലേക്ക് കാലെടുത്തുവച്ചത്.
അദ്ദേഹം തന്റെ അഭിനയജീവിതം തുടങ്ങിയത് ഒരു മിമിക്രി കലാകാരനായിട്ടായിരുന്നു. കൊച്ചിൻ കലാഭവൻ എന്ന മിമിക്രി സ്ഥാപനത്തിലൂടെയാണ് സൈനുദ്ദീൻ മിമിക്രി രംഗത്തേക്ക് വന്നത്. പ്രസിദ്ധ നടനായ മധുവിനെ അനുകരിക്കുന്നതിൽ സൈനുദ്ദീൻ വളരെ അറിയപ്പെട്ടിരുന്നു. 150ലധികം മലയാളചലച്ചിത്രങ്ങളിൽ സൈനുദ്ദീൻ അഭിനയിച്ചു. മലയാളചലച്ചിത്രസംഘടനായ അമ്മ സംഘടിപ്പിച്ചിരുന്ന സ്റ്റേജ് പരിപാടികളിലെ ഒരു പ്രധാന നടനും കൂടിയായിരുന്നു സൈനുദ്ദീൻ.
ശ്വാസകോശ സംബന്ധമായ രോഗങ്ങളാൽ അദ്ദേഹം 1999 നവംബർ നാലിന് വിട പറത്തു. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം പഞ്ചപാണ്ഡവറായിരുന്നു. പഴയ സിനിമകൾ ടെലിവിഷനുകളിൽ കാണുമ്പോൾ ഇന്നും പ്രേക്ഷകർ സൈനുദ്ദീൻ്റെ തമാശകൾ കണ്ടുചിരിക്കാറുണ്ട്. സാധാരണ പ്രേക്ഷകരുമായി അത്രയധികം താദാത്മ്യം പ്രാപിച്ച കലാകാരനായിരുന്നു അദ്ദേഹം.
#Zainuddin #MalayalamCinema #RIP #Comedy #MalayalamActor #Kerala #Nostalgia