താരാട്ടുപാട്ടു പാടി ജാനകിയമ്മ പാട്ടുനിര്‍ത്തുന്നു

 


ചെന്നൈ: (www.kvartha.com 22.09.2016) കഴിഞ്ഞ ആറു പതിറ്റാണ്ടായി മലയാളമടക്കം പതിനഞ്ചോളം ഭാഷകളില്‍ തന്റെ സ്വരമാധുരി കൊണ്ട് സംഗീത പ്രേമികളെ നിര്‍വൃതിയില്‍ ലയിപ്പിച്ച സുപ്രസിദ്ധ ഗായിക എസ്.ജാനകി പിന്നണി ഗാനരംഗത്ത് നിന്നും വിട പറയുന്നു.

മെലഡി ക്വീന്‍ എന്ന പേരിനെ അന്വര്‍ത്ഥമാക്കിയ ജാനകിയമ്മ, അനൂപ് മേനോനും മീര ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 10 കല്‍പനകള്‍ എന്ന സിനിമയിലെ അമ്മപ്പൂവിന് എന്ന താരാട്ടുപാട്ട് പാടിയാണ് പിന്നണിഗാനരംഗത്തുനിന്നും വിടപറയുന്നത്.

ഈ ഗാനം എന്റെ അവസാനത്തേതാണ്. ഇനി ഒരിക്കലും ഞാന്‍ പാടില്ല. സ്‌റ്റേജ് ഷോകളും ചെയ്യില്ല. പ്രായം ഏറിയിരിക്കുന്നു. മലയാളമടക്കം നിരവധി ഭാഷകളില്‍ ആവശ്യത്തിലേറെ പാടിക്കഴിഞ്ഞു. ഇനി വിശ്രമം വേണം, കരിയര്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തെ കുറിച്ച് ജാനകിയമ്മ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. 

മലയാളത്തില്‍ പാടി കരിയര്‍ അവസാനിപ്പിക്കാനുള്ള തീരുമാനം മുന്‍കൂട്ടി എടുത്തതായിരുന്നില്ലെന്നും ജാനകിയമ്മ കൂട്ടിച്ചേര്‍ത്തു. പാട്ട് നിറുത്തുന്ന കാര്യം ആലോചിച്ചിരിക്കെയാണ് മലയാളത്തില്‍ നിന്ന് ഓഫര്‍ ലഭിച്ചത്. മാത്രമല്ല, അതൊരു താരാട്ട് പാട്ടുമായിരുന്നു. അതുകൊണ്ടുതന്നെ ഈ പാട്ടുപാടി അവസാനിപ്പിക്കാമെന്ന് തീരുമാനിച്ചുവെന്നും ജാനകിയമ്മ വെളിപ്പെടുത്തി.

60 വര്‍ഷം നീണ്ട കരിയറിനിടെ 48,0000 ത്തോളം പാട്ടുകള്‍ ജാനകിയമ്മ പാടിയിട്ടുണ്ട്. 78-ാം വയസില്‍ ജാനകിയമ്മ തന്റെ പാട്ട് നിര്‍ത്തുമ്പോള്‍ പിന്നണിഗാന രംഗത്ത് അതൊരു തീരാനഷ്ടം തന്നെ ആയിരിക്കും. 1957ലാണ് ജാനകിയമ്മ പിന്നണിഗാന രംഗത്തെത്തുന്നത്. പഴയ സംഗീത സംവിധായകരോടൊപ്പം കരിയര്‍ ആരംഭിച്ച ജാനകിയമ്മ, എ.ആര്‍.റഹ്മാനെ പോലെയുള്ള പുതുതലമുറയ്ക്ക് മുന്നിലും കാലത്തേയും പ്രായത്തേയും കവച്ചു വയ്ക്കുന്ന പ്രകടനം കാഴ്ചവച്ചു.

താരാട്ടുപാട്ടു പാടി ജാനകിയമ്മ പാട്ടുനിര്‍ത്തുന്നുമിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലൂടെ ആയിരുന്നു ജാനകിയമ്മയുടെ മലയാളത്തിലെ
അരങ്ങേറ്റം. 1960കളായിരുന്നു മലയാളത്തില്‍ ജാനകിയമ്മയുടെ സുവര്‍ണകാലം. ജാനകിയമ്മ പാടിയ ഉണരുണരൂ .....എന്ന ഗാനം കൊണ്ട് മലയാള സിനിമാ പിന്നണി ഗാനശാഖ അക്ഷരാര്‍ത്ഥത്തില്‍ ഉണര്‍ന്നെണീക്കുകയായിരുന്നു. തളിരിട്ട കിനാക്കള്‍.., സൂര്യകാന്തി...,സന്ധ്യേ കണ്ണീരിതിന്തേ സന്ധ്യേ..., മാതളപ്പൂപോലൊരു.., അഞ്ജന കണ്ണെഴുതി...,? നാഥാ നീവരും...,? ഒരുവട്ടംകൂടിയെന്‍..,? തുടങ്ങി മലയാള മനസുകള്‍ നെഞ്ചിലേറ്റിയ നിരവധി പാട്ടുകള്‍ ജാനകിയുടേതായുണ്ട്.

മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണ എസ്.ജാനകിയമ്മക്ക് ലഭിച്ചു. മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് 14 തവണയും തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡ് ഏഴു തവണയും ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് പത്തു തവണയും ഈ ഗായിക സ്വന്തമാക്കി. 

തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം 1986ലും സുര്‍ സിംഗര്‍ അവാര്‍ഡ് 1987ലും കേരളത്തില്‍നിന്നും സിനിമാ ആര്‍ക്കൈവര്‍ അവാര്‍ഡ് 2002ലും സ്‌പെഷല്‍ ജൂറി സ്വരലയ യേശുദാസ് അവാര്‍ഡ് 2005ലും ലഭിച്ചു. 2013 ല്‍ പത്മഭൂഷണ്‍ ലഭിച്ചെങ്കിലും ജാനകിയമ്മ നിരസിച്ചു.

Keywords:  S Janaki to call it quits with a Malayalam song, chennai, Singer, K.J Yeshudas, Award, Actor, Actress, A.R Rahman, Song, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia