തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് അയല്‍വാസിക്കെതിരെ പരാതിയുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ കോടതിയില്‍
Jan 16, 2022, 15:47 IST
മുംബൈ: (www.kvartha.com 16.01.2022) തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് അയല്‍വാസിക്കെതിരെ പരാതിയുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ കോടതിയില്‍. താരത്തിന്റെ പരാതിയില്‍ അയല്‍വാസി കേതന്‍ കകാഡിനെതിരെ പൊലീസ് കേസെടുത്തു. ഭൂമി വില്‍പന ഇടപാടുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേതന്‍ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാണ് സല്‍മാന്റെ ആരോപണം.
എന്നാല്‍ ഖാന്റെ പന്‍വേല്‍ ഫാംഹൗസിന് സമീപം കേതന്‍ കകാഡിന് വസ്തു ഉണ്ടെന്ന് പിടിഐ റിപോര്‍ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഇടപാടുകളാണ് കേസിലേക്ക് നയിച്ചതെന്നും റിപോര്‍ട് വ്യക്തമാക്കുന്നു. യൂട്യൂബ് അഭിമുഖത്തിലാണ് കേതന്‍ നടനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതെന്നും നടനെക്കുറിച്ച് മറ്റ് പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് കകാഡിനെ തടയണമെന്നും അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു.
എന്നാല്‍, ഈ ആവശ്യം നിരസിച്ച മുംബൈ സിറ്റി സിവില്‍ കോടതി ഇടക്കാല നിരോധന ഉത്തരവൊന്നും പുറപ്പെടുവിച്ചുമില്ല. കേസ് ജനുവരി 21 ന് വാദം കേള്‍ക്കാന്‍ മാറ്റിവെച്ചതായി ജഡ്ജി അനില്‍ എച് ലദാദ് അറിയിച്ചു. സംഭവത്തില്‍ അന്ന് കകാഡിനോട് കോടതിയില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. കേതന്‍ കകാഡിനെ കൂടാതെ അഭിമുഖത്തില്‍ പങ്കാളികളായ മറ്റുരണ്ട് പേര്‍ക്കെതിരെയും നടന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. അഭിമുഖം നീക്കം ചെയ്യണമെന്ന് നടന്‍ ആവശ്യപ്പെട്ടതിനാല്‍ ഗൂഗിള്‍, യൂട്യൂബ്, ഫേസ്ബുക്, ട്വിറ്റെര്‍ എന്നിവയെയും കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്.
അതേസമയം, വ്യാഴാഴ്ചയാണ് തങ്ങളുടെ കക്ഷിക്ക് പരാതി സംബന്ധിച്ച രേഖകള്‍ ലഭിച്ചതെന്നും അതുകൊണ്ടുതന്നെ അവ പരിശോധിച്ച് മറുപടി നല്‍കാന്‍ മതിയായ സമയം നല്‍കണമെന്നും കകാഡിന്റെ അഭിഭാഷകര്‍ വാദിച്ചു. കേതന്‍ കകാഡിന്റെ പന്‍വേലിലെ ഭൂമി ഇടപാട് റദ്ദാക്കിയതിന് പിന്നില്‍ നടനാണെന്നാരോപിച്ചാണ് ഖാനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
എന്നാല്‍, തന്റെ ഫാം ഹൗസിനോട് ചേര്‍ന്ന് കേതന്‍ ഒരു സ്ഥലം വാങ്ങാന്‍ ശ്രമിച്ചിരുന്നുവെന്നും നിയമപ്രശ്‌നങ്ങളെ തുടര്‍ന്ന് അധികൃതരാണ് ആ ഇടപാട് റദ്ദാക്കിയതെന്നും ഖാന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. സംഭവത്തില്‍ വ്യാജവും അപകീര്‍ത്തികരവുമായ പ്രസ്താവനകള്‍ നടത്തുന്നത് നടനെയും കുടുംബത്തെയും ദോഷകരമായി ബാധിക്കുന്നുവെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
Keywords: Salman Khan approaches court against 'neighbour' on charges of defamation; next hearing on Jan 21, Mumbai, News, Cinema, Cine Actor, Bollywood, Salman Khan, Complaint, Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.