അയാളിലെ മികച്ച നടനെക്കാൾ എന്നെ എന്നും ആകർഷിച്ചത് അയാളിലെ നല്ല മനുഷ്യൻ ആണ്; മലയാളത്തിന്റെ ഹിറ്റ് നായകൻ സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകളുമായി ഷാജി കൈലാസ്
Jun 26, 2021, 10:17 IST
കൊച്ചി:(www.kvartha.com 26.06.2021) മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് നായകൻ സുരേഷ് ഗോപിയുടെ ജന്മദിനമായ ശനിയാഴ്ച്ച അദ്ദേഹത്തിന് ആശംസകളുമായി വന്നിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ഷാജി കൈലാസ്. അയാളിലെ മികച്ച നടനെക്കാൾ എന്നെ എന്നും ആകർഷിച്ചത് അയാളിലെ നല്ല മനുഷ്യൻ ആണെന്ന് ഷാജി കൈലാസ് പറയുന്നു. എത്ര ഉന്നതിയിലെത്തിയാലും എന്നും സുരേഷ് ഗോപി ഒരു പോലെയായിരുന്നു. ആരോടും യാതൊരു വിരോധവും കാണിക്കാത്ത പ്രകൃതമാണ് അയാളുടേത് എന്നും ഷാജി കൈലാസ് പറയുന്നു.
ഷാജി കൈലാസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം;
ഞാൻ ആദ്യമായി ഒരു സിനിമ സംവിധാനം ചെയുന്നത് 1989ലാണ് - 'ന്യൂസ്'. സംവിധാനത്തോടൊപ്പം അതിന്റെ കഥയും എന്റേത് തന്നെയായിരുന്നു. ചിത്രം ആദ്യ ഡ്രാഫ്റ്റ് എഴുതുമ്പോൾ തന്നെ അതിലെ ഋഷി മേനോൻ എന്ന നായക കഥാപാത്രത്തിന് സുരേഷ് ഗോപിയുടെ രൂപം ആയിരുന്നു. ആ ചിത്രം ഞങ്ങൾക്ക് രണ്ടു പേർക്കും മുന്നോട്ട് സഞ്ചരിക്കാൻ ഉള്ള ആത്മ വിശ്വാസം തന്നു. സുരേഷിന്റെ ആദ്യ സോളോ ഹിറ്റ് ആയിരുന്നു ആ ചിത്രം. വിജയത്തോടൊപ്പം എനിക്ക് നല്ലൊരു സുഹൃത്തിനെയും സഹോദരനെയും ആ ചിത്രം സമാനിച്ചു. പിന്നീട് 1991 ഇൽ 'തലസ്ഥാനം' ആയി ഞങ്ങൾ വന്നപ്പോൾ ആ ചിത്രത്തെ ജനങ്ങൾ പൂർവാധികം ആവേശത്തോടെ ഏറ്റെടുത്തത് സ്‍മരിക്കുന്നു. എനിക്ക് ഞാൻ ഭാവിയിൽ ചെയ്യേണ്ട സിനിമകൾ എപ്രകാരം ഉള്ളതായിരിക്കണം എന്ന ദിശ കാണിച്ചു തന്നത് ഈ സിനിമയായിരുന്നു. പിന്നീട് കമ്മിഷണർ, ഏകലവ്യൻ, മാഫിയ തുടങ്ങി ഞങ്ങൾ ഒരുമിച്ചു ചെയ്‍ത എല്ലാ സിനിമകളും ജനങ്ങൾ ഏറ്റെടുത്തു കൊണ്ടിരുന്നു. എന്റെ കരിയറിനെ ഇത്ര അധികം ഉയർത്തി കൊണ്ട് വന്ന ആ മനുഷ്യൻ തന്നെ എന്റെ വ്യക്തി ജീവിതത്തിലും ഒരു നിമിത്തമായി പലപ്പോഴും ഉണ്ടായിരുന്നു എന്നതു കൗതുകകരമായ വസ്‍തുതയാണ്. അന്നത്തെ മുൻ നിര നായികയും പിൽക്കാലത്തു എന്റെ ജീവിത സഖിയുമായ ആനി ആദ്യമായി എന്റെ ചിത്രത്തിൽ അഭിനയിക്കുമ്പോൾ നായകൻ മറ്റാരുമായിരുന്നില്ല. ഞങ്ങളുടെ വിവാഹം നടന്നതും സുരേഷിന്റെ വീട്ടിൽ വച്ചായിരുന്നു.
അയാളിലെ മികച്ച നടനെക്കാൾ എന്നെ എന്നും ആകർഷിച്ചത് അയാളിലെ നല്ല മനുഷ്യൻ ആണ്. സുരേഷിന്റെ കരിയറിൽ ഒരുപാട് കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്.. പക്ഷെ അയാൾ എന്നും ആ പഴയ സുരേഷ് തന്നെയായിരുന്നു. കൊട്ടിഘോഷിക്കാതെ അയാൾ നിരന്തരം സമൂഹത്തിൽ നടത്തുന്ന ഇടപെടലുകൾ നിരവധിയാണ്. അതിന്റെ ഗുണഭോക്താക്കൾ അനവധി സാധാരണക്കാരാണ്. രാഷ്‍ട്രീയപരമായ എതിർപ്പുകൾ കൊണ്ട് വ്യക്തിആക്ഷേപകങ്ങൾക്കു പലരും മുതിർന്നപ്പോളും ഒരു ചിരിയോടെ ആണ് സുരേഷ് അതിനെ എതിരേറ്റത്. ആരോടും യാതൊരു വിരോധവും കാണിക്കാത്ത പ്രകൃതമാണ് അയാളുടേത്. മലയാളത്തിന്റെ സ്വന്തം സൂപ്പർ സ്റ്റാർ ഒരു പിടി ചിത്രങ്ങളുമായി വീണ്ടും ജനങ്ങളിലേക്ക് എത്തുകയാണ്. അതെല്ലാം വൻ വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം അദ്ദേഹവുമായി വീണ്ടും ഒരുമിക്കാനും മികച്ച ചിത്രങ്ങളുടെ ഭാഗമാകാനുമുള്ള അനുഗ്രഹം സർവേശ്വരൻ തരട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഹാപ്പി ബർത്ത് ഡേ സുരേഷ് ഗോപി.
Keywords: News, Kochi, Suresh Gopi, Birthday, Kerala, State, Entertainment, Film, Cinema, Actor, Shaji Kailas, Shaji Kailas wishes Suresh Gopi a happy birthday.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.