20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്‌നം ചിത്രം 'പൊന്നിയിന്‍ സെല്‍വനി'ലൂടെ ശാലിനി തിരിച്ചെത്തുന്നു; റിപോര്‍ട്

 


ചെന്നൈ: (www.kvartha.com 24.07.2021) തെന്നിന്‍ഡ്യയുടെ പ്രിയതാരവും തല അജിത്തിന്റെ നല്ല പാതിയുമായ ശാലിനി വീണ്ടും അഭിനയത്തിലേക്ക് എന്ന് റിപോര്‍ടുകള്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ശാലിനി 20 വര്‍ഷത്തിനുശേഷം മണിരത്‌നം ചിത്രം 'പൊന്നിയിന്‍ സെല്‍വനി' ലൂടെ അതിഥിവേഷത്തിലെത്തുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ചിത്രത്തില്‍ ശക്തമായൊരു കഥാപാത്രത്തെയാണ് ശാലിനി അവതരിപ്പിക്കുന്നതെന്നും റിപോര്‍ടുകള്‍ പറയുന്നു.

20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്‌നം ചിത്രം 'പൊന്നിയിന്‍ സെല്‍വനി'ലൂടെ ശാലിനി തിരിച്ചെത്തുന്നു; റിപോര്‍ട്

ശാലിനി തിരികെയെത്തുന്നു എന്ന വാര്‍ത്ത ആരാധകരും സന്തോഷത്തോടെയാണ് സ്വാഗതം ചെയ്യുന്നത്. 'പിരിയാത വരം വേണ്ടും' എന്ന ചിത്രത്തില്‍ ആയിരുന്നു ശാലിനി അവസാനം അഭിനയിച്ചത്. 2000ല്‍ അജിത്തുമായുള്ള വിവാഹത്തിനു ശേഷം അഭിനയ രംഗത്തും നിന്നും ശാലിനി വിട്ടു നില്‍ക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോലും സജീവമല്ല താരം ഇപ്പോള്‍.

വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇത് രണ്ടാം തവണയാണ് അലൈപായുതെയ്ക്ക് (സഖി) ശേഷം ശാലിനി അജിത്ത് മണിരത്‌നത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത്. അലൈപായുതെയിലെ അഭിനയത്തിന് തമിഴ്നാട് സര്‍കാരിന്റെ ജൂറി അവാര്‍ഡ് ശാലിനിക്ക് ലഭിച്ചിരുന്നു. രണ്ടു കുട്ടികളാണ് അജിത് -ശാലിനി ദമ്പതികള്‍ക്ക്.

നിരവധി താരങ്ങള്‍ അണിനിരക്കുന്ന മണിരത്‌നം ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'. ഐശ്വര്യറായി ബച്ചന്‍, ചിയാന്‍ വിക്രം, കാര്‍ത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസര്‍, സത്യരാജ്, പാര്‍ഥിപന്‍, ശരത് കുമാര്‍, ലാല്‍, റഹ് മാന്‍, പ്രഭു, അദിതി റാവു ഹൈദരി, വിക്രം പ്രഭു തുടങ്ങി വലിയ താരനിര തന്നെ ഈ പീരീഡ് ചിത്രത്തിലുണ്ട്. കല്‍കി കൃഷ്ണമൂര്‍ത്തിയുടെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന 'പൊന്നിയിന്‍ സെല്‍വ'നില്‍ ഇരട്ട വേഷത്തിലാണ് ഐശ്വര്യ റായ് ബച്ചന്‍ എത്തുന്നത്.

ലൈക പ്രൊഡക്ഷന്‍സ്, മദ്രാസ് ടാല്‍കീസ് എന്നിവര്‍ സംയുക്തമായി നിര്‍മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം രണ്ടു ഭാഷകളിലായി റിലീസ് ചെയ്യും. പൊന്നിയിന്‍ സെല്‍വന്‍' എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്‌നം, കുമരവേല്‍, ജയമോഹന്‍ (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്‍മന്‍. ചിത്രസന്നിവേശം ശ്രീകര്‍ പ്രസാദ്. കലാസംവിധാനം തൊട്ടാധരണി. സംഗീതം എ ആര്‍ റഹ് മാന്‍.

Keywords:  Shalini Ajith to make a comeback with Ponniyin Selvan!, Chennai, News, Cinema, Entertainment, Report, Actress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia