'അച്ഛനു വേണ്ടി പ്രാര്‍ഥിച്ച നിങ്ങള്‍ക്കെല്ലാവര്‍ക്കും മുന്നില്‍ നന്ദിയോടെ കുമ്പിടുന്നു'; എസ്പിബിയുടെ മകന്‍
Aug 21, 2020, 13:12 IST
ചെന്നൈ: (www.kvartha.com 21.08.2020) കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്ന് മകന്‍ എസ് പി ചരണ്‍. അച്ഛന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ പാഴാകില്ലെന്നും അത് തനിക്കും കുടുംബത്തിനും ആശ്വാസവും ധൈര്യവും നല്‍കുന്നുവെന്നും കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയില്‍ ചരണ്‍ പറഞ്ഞു. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും നന്ദിയും അറിയിച്ചു. എസ്പിബിയുടെ രോഗമുക്തിക്കു വേണ്ടി തമിഴ് സിനിമാ ലോകം വ്യാഴാഴ്ച പ്രത്യേക പ്രാര്‍ഥന സംഘടിപ്പിച്ചിരുന്നു.
'അച്ഛന്റെ ആരോഗ്യത്തില്‍ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. എങ്കിലും ഞങ്ങള്‍ പ്രതീക്ഷയും വിശ്വാസവും നിലനിര്‍ത്തുകയാണ്. അച്ഛന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ പാഴാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം വേഗം സുഖം പ്രാപിക്കും. രോഗമുക്തിക്കു വേണ്ടി വിവിധയിടങ്ങളിലിരുന്ന് പ്രാര്‍ഥനയില്‍ പങ്കു ചേര്‍ന്നവര്‍ക്ക് നന്ദി അറിയിക്കുകയാണ്. ഈ സ്‌നേഹത്തിനും കരുതലിനും ഞാനും കുടുംബവും എന്നും കടപ്പെട്ടിരിക്കും. സത്യം പറഞ്ഞാല്‍ നിങ്ങളുടെ സ്‌നേഹത്തിനു നന്ദി പറയാന്‍ എനിക്കു വാക്കുകള്‍ കിട്ടുന്നില്ല. ഈ പ്രാര്‍ഥനകള്‍ ഒന്നും പാഴാകില്ല. ദൈവം കരുണയുള്ളവനാണ്. അവിടുന്ന് അച്ഛനെ തിരികെ തരും. അച്ഛനു വേണ്ടി പ്രാര്‍ഥിച്ച നിങ്ങള്‍ക്കെല്ലാവര്‍ക്കും മുന്നില്‍ നന്ദിയോടെ കുമ്പിടുകയാണ്. നിങ്ങളുടെ പ്രാര്‍ഥന ഏറെ ആശ്വാസവും ധൈര്യവും നല്‍കുന്നു'', ചരണ്‍ പറഞ്ഞു.
വൈകുന്നേരം ആറ് മണിയോടെയായിരുന്നു എസ്പിബിയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥന. സംവിധായകന്‍ ഭാരതിരാജ സംഘടിപ്പിച്ച പ്രാര്‍ഥനായജ്ഞത്തില്‍ ഇളയരാജ, രജനികാന്ത്, കമല്‍ ഹാസന്‍, എ ആര്‍ റഹ്മാന്‍, വൈരമുത്തു തുടങ്ങി തമിഴ് സിനിമാ ലോകത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.