സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ചെന്നൈ ട്രാഫിക് പൊലീസ് 100 രൂപ പെറ്റിയടിച്ചു

 


ചെന്നൈ: (www.kvartha.com 25.07.2020) വെള്ളിത്തിരയില്‍ പൊലീസായും കള്ളനായും നിയമവും ന്യായവും കൃത്യമായി നടപ്പാക്കുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ജീവിതത്തില്‍ നിയമം പാലിക്കാന്‍ മറന്നപ്പോള്‍ പൊലീസ് പെറ്റിയടിച്ചു. സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറോടിച്ചതിനാണ് ചെന്നൈ ട്രാഫിക് പൊലീസ് 100 രൂപ ഫൈന്‍ അടിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. 26ന് മുമ്പ് പിഴ അടയ്ക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ശനിയാഴ്ച രാവിലെ വരെ അടച്ചിട്ടില്ലെന്ന് ചെന്നൈ ട്രാഫിക് പൊലീസ് അറിയിച്ചു.

ജൂലായി 20ന് പുതിയ ലംബോര്‍ഗനി കാറോടിച്ച് രജനീകാന്ത് പോകുന്ന ഫോട്ടോ വയറലായിരുന്നു. 23ന് രജനീകാന്ത് കേളമ്പാക്കത്തുള്ള തന്റെ ഫാംഹൗസിലേക്ക് പോയിരുന്നു. കോവിഡ് കാലത്ത് ചെന്നൈയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക്  പോകാന്‍ രജനീകാന്ത്  ഇ പാസ് എടുത്തിട്ടുണ്ടോ എന്ന് സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ ചോദിച്ചിരുന്നു. ഇതേ കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. ആശുപത്രിയില്‍ പോകുന്നതിനാണ് രജനീകാന്ത് കേളമ്പാക്കത്തേക്ക് പോയതെന്ന് അധികൃതര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രി, മരണം എന്നിവയ്ക്ക് പോകണമെന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അതിന്റെ രേഖകളും സമര്‍പ്പിക്കണം. ഇത് പരിശോധിച്ച ശേഷം സര്‍ക്കാര്‍ ഇ പാസ് നല്‍കും.

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ചെന്നൈ ട്രാഫിക് പൊലീസ് 100 രൂപ പെറ്റിയടിച്ചു


രജനീകാന്തിനെ പോലെയുള്ള വിഐപികള്‍ പാസില്ലാതെ യാത്ര ചെയ്യുമ്പോള്‍ സാധാരണക്കാര്‍ക്ക് വളരെ അത്യാവശ്യങ്ങള്‍ക്ക് പോകാന്‍ സര്‍ക്കാര്‍ പാസ് അനുവദിക്കുന്നില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ പലരും ചൂണ്ടിക്കാട്ടുന്നു. അതേസമയം കൈക്കൂലി നല്‍കിയാല്‍ ഉദ്യോഗസ്ഥര്‍ ഇ പാസ് നല്‍കുമെന്ന ആരോപണവും ഉയരുന്നുണ്ട്. തെറ്റായ വിവരം നല്‍കിയാണ് 68 വയസുള്ള രജനീകാന്ത് ഇ പാസ് കരസ്ഥമാക്കിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ചെന്നൈയിലെ പോയസ് ഗാര്‍ഡനിലെ വീട്ടില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഫാംഹൗസ് ചെങ്കല്‍പേട്ട് ജില്ലയിലാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ചെങ്കല്‍പേട്ട് ജില്ലാ കലക്ടര്‍ ജോണ്‍ ലൂയിസ് പറഞ്ഞു.

ജൂലായ് 23ന് ഇ പാസ് അനുവദിച്ചെന്നാണ് പറയുന്നത്. എന്നാല്‍ 21ന് രജനീകാന്ത് ഫാംഹൗസില്‍ നടക്കുന്ന ഫോട്ടോ അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കാണാമെന്ന് രാഷ്ട്രീയ നിരീക്ഷകനായ ഡോ. സുമന്ത് രാമന്‍ പറഞ്ഞു. നമ്മുടെ ഭരണ സംവിധാനത്തിന്റെ വീഴ്ചയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണസംവിധാനം പോരെന്നാണ് രാഷ്ട്രിയ പ്രവേശനത്തിന് മുന്നോടിയായി രജനീകാന്തും ആരോപിച്ചിരുന്നത്. അതേ കാര്യത്തിന്റെ പേരില്‍ താരം പഴികേള്‍ക്കേണ്ടി വരുന്നു എന്നത് യാദൃച്ഛികം.

Keywords:  Superstar Rajinikanth fined rs 100 for not wearing seat belt, Superstar Rajinikanth, Chennai, E pass, Collector, Social Media, Covid, Poyas Garden, Farm House, Worng information, Chengalpett
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia