'ആ കാര്‍ എടുത്തു മാറ്റൂ...' സിനിമാ സ്‌റ്റൈലില്‍ ആജ്ഞാപിച്ച് നടന്‍ സുരേഷ് ഗോപി; അമ്പരന്ന് പ്രവര്‍ത്തകര്‍, ഒടുവില്‍ 'ജില്ലാ കലക്ടര്‍' എന്ന ബോര്‍ഡ് കണ്ടതോടെ ആവേശം ചോര്‍ന്ന് താരം; സംഭവം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍

 


തൃശൂര്‍: (www.kvartha.com 05.04.2019) 'ആ കാര്‍ എടുത്തു മാറ്റൂ...' പ്രവര്‍ത്തകരോട് സിനിമാ സ്‌റ്റൈലില്‍ ആജ്ഞാപിച്ച് നടനും തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ സുരേഷ്‌ഗോപി. നടന്റെ ആജ്ഞാപനം കേട്ട് ഒരുനിമിഷം അമ്പരന്നുപോയി അവിടെ കൂടിനിന്ന പാര്‍ട്ടി പ്രവര്‍ത്തകരും മാധ്യമപ്രവര്‍കരും അടക്കമുള്ളവര്‍. കഴിഞ്ഞദിവസം തൃശൂര്‍ കലക്ട്രേറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോഴാണ് പ്രവര്‍ത്തകരെപ്പോലും അമ്പരപ്പിച്ച സംഭവം ഉണ്ടായത്.

താരം നാമനിര്‍ദേശപത്രിക സമര്‍പിക്കാന്‍ എത്തുന്നുവെന്ന് അറിഞ്ഞതു മുതല്‍ കലക്‌ട്രേറ്റില്‍ വലിയ തിക്കും തിരക്കും അനുഭവപ്പെട്ടു. എല്ലാവര്‍ക്കും അറിയേണ്ടത് ഒന്നു മാത്രമായിരുന്നു. ആള് എപ്പൊ വരും...? ഉച്ചകഴിയുമെന്ന മറുപടി കേട്ടതോടെ ഒന്നുകൂടി ഉഷാറായി.

 'ആ കാര്‍ എടുത്തു മാറ്റൂ...' സിനിമാ സ്‌റ്റൈലില്‍ ആജ്ഞാപിച്ച് നടന്‍ സുരേഷ് ഗോപി; അമ്പരന്ന് പ്രവര്‍ത്തകര്‍, ഒടുവില്‍ 'ജില്ലാ കലക്ടര്‍' എന്ന ബോര്‍ഡ് കണ്ടതോടെ ആവേശം ചോര്‍ന്ന് താരം; സംഭവം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍

അതോടെ കലക്‌ട്രേറ്റിലെ ജീവനക്കാരൊക്കെ ഉച്ചയൂണിന്റെ സമയം സ്വയം മാറ്റി നിശ്ചയിച്ച് താരത്തെ ഒരുനോക്കു കാണാനായി ഇടംപിടിച്ചു. കൃത്യം ഒന്നരമണിയോടെ സുരേഷ്‌ഗോപി എത്തി. അതുവരെ തന്നെ കാത്തു നിന്നവരെയൊന്നും നിരാശപ്പെടുത്താതെ അവര്‍ക്കിടയിലൂടെ കൈവീശിക്കാട്ടി. ഇതോടെ ആവേശം കൂടി... തിക്കും തിരക്കും കൂടി. കാമറകള്‍ക്ക് നടുവിലൂടെ താരം മുന്നോട്ടേക്ക് നീങ്ങി. ഒടുവില്‍ കലക്ടറുടെ ചേമ്പറിലെത്തി ജില്ലാ കലക്ടര്‍ ടി.വി അനുപമയ്ക്ക് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

പിന്നീട് നേരെ തന്നെ കാത്തുനില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ അടുത്തേക്ക് നീങ്ങി. കയ്യില്‍ കലക്‌ട്രേറ്റ് വളപ്പില്‍ നടാനുള്ള വൃക്ഷത്തൈയ്യും ഉണ്ട്. കാമറകള്‍ ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങിയപ്പോള്‍ തടസ്സമായി അതാ താരത്തിന് മുന്നില്‍ ഒരു ഇന്നോവ കാര്‍.

ഉടന്‍ ആജ്ഞാപിച്ചു. 'ആ കാര്‍ എടുത്തു മാറ്റൂ...' കേട്ടു നിന്ന ബിജെപി പ്രവര്‍ത്തകര്‍ പകച്ചുപോയി. തന്റെ വാക്കുകേട്ടിട്ടും യാതൊരു ഭാവഭേദവുമില്ലാതെ നില്‍ക്കുന്ന പ്രവര്‍ത്തകരെ കണ്ട് സുരേഷ്‌ഗോപിയും ആകെ അമ്പരന്നു. വീണ്ടും ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിട്ടും രക്ഷയില്ല.

ഇതോടെ കാര്യം കൈവിട്ടു പോകുമെന്നായപ്പോള്‍ ഒരു പ്രാദേശിക നേതാവ് സുരേഷ് ഗോപിയുടെ കാതില്‍ മന്ത്രിച്ചു.' ആ കാര്‍ അങ്ങനെ മാറ്റാന്‍ പറ്റില്ല, അതില്‍ തൊട്ടാല്‍ ഇവിടെ നിന്നും പോകാനും കഴിയില്ല. ' അപ്പോഴാണ് താരം കാര്‍ ശരിക്കും നോക്കിയത്. കാറിന്റെ മുന്നിലെ ബോര്‍ഡിലുള്ളത് 'ജില്ലാ കലക്ടര്‍' എന്ന്. ഇതോടെ തനിക്ക് പറ്റിയ ചമ്മല്‍ പുറത്തുകാണിക്കാതെ തൊട്ടടുത്ത് നില്‍ക്കുന്ന ആളോട് വോട്ടഭ്യര്‍ത്ഥിച്ച് താരം പതുക്കെ മുന്നോട്ട് നീങ്ങി.


Keywords: Suresh Gopi in Kozhikode Collectorate, Thrissur, News, Politics, Cinema, Entertainment, Suresh Gopi, Media, District Collector, Lok Sabha, Election, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia