സുശാന്ത് അവസാനമായി കുടിച്ചത് ജ്യൂസ്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ!

 


മുംബൈ: (www.kvartha.com 15.06.2020) മുംബൈ ബാന്ദ്രയിലെ വസതിയില്‍ കഴിഞ്ഞദിവസം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണം തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മുംബൈ ആര്‍എന്‍ കൂപ്പര്‍ മുനിസിപ്പല്‍ ജനറല്‍ ഹോസ്പിറ്റലിലാണ് സുശാന്തിന്റെ പോസ്റ്റ്മോര്‍ട്ടം നടന്നത്.

ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം എങ്കിലും വിഷാംശം എന്തെങ്കിലും അകത്ത് ചെന്നിട്ടുണ്ടോ എന്നറിയാന്‍ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പാട്നയിലുള്ള അച്ഛനും സഹോദരിമാരും മറ്റ് കുടുംബാംഗങ്ങളും മുംബൈയിലെത്തുന്നതോടെ വൈകുന്നേരം സുശാന്തിന്റെ സംസ്‌കാരം നടക്കും.

സുശാന്ത് അവസാനമായി കുടിച്ചത് ജ്യൂസ്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ!

മരണം നടക്കുമ്പോള്‍ സുശാന്തിന്റെ മാനേജര്‍, വീട്ടു ജോലിക്കാരന്‍, സുഹൃത്ത് എന്നിവരുള്‍പ്പടെ നാല് പേര്‍ ആ വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. രാവിലെ ഉറക്കമുണര്‍ന്ന സുശാന്തിന് ജോലിക്കാരന്‍ ജ്യൂസ് നല്‍കിയിരുന്നു. അത് കുടിച്ച് മുറിയില്‍ കയറി വാതിലടച്ച താരത്തെ പ്രഭാത ഭക്ഷണം എന്ത് വേണമെന്ന് ചോദിക്കാന്‍ ജോലിക്കാരന്‍ പത്ത് മണിയോടെ വിളിക്കുകയുണ്ടായി. എന്നാല്‍ കതക് തുറന്നില്ല. രണ്ടുമൂന്നു മണിക്കൂര്‍ കഴിഞ്ഞും തുറക്കാതെ വന്നപ്പോഴാണ് മാനേജറും മറ്റുള്ളവരും ചേര്‍ന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്നതും സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നതും.

മുറിയില്‍ കയറി കതകടയ്ക്കുന്നതിന് മുന്‍പ് സുശാന്ത് തന്റെ സ്നേഹിതനും നടനുമായ മഹേഷ് ഷെട്ടിയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും വീട്ടിലുള്ളവര്‍ പറയുന്നു. പത്തുമണിക്കും ഒരുമണിക്കുമിടയിലാണ് സുശാന്ത് സിംഗ് രാജ്പുത് മരിച്ചിട്ടുണ്ടാവുക എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എന്നാല്‍ സുശാന്തിന്റെ വീട്ടില്‍ നിന്ന് ആത്മഹത്യകുറിപ്പൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചുള്ള ദുരൂഹതകള്‍ അവസാനിക്കുന്നില്ല.

സുശാന്തിന്റെ മുന്‍ മാനേജറായ ദിശ സാലിയന്‍ ജീവനൊടുക്കി അഞ്ച് ദിവസം പിന്നിടുമ്പോഴാണ് നടനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. അതിനിടയിലാണ് നടന്‍ അവസാനമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വീണ്ടും പ്രചരിക്കുന്നത്. ജൂണ്‍ മൂന്നിലെ നടന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. നടന്റെ ആത്മഹത്യാക്കുറിപ്പെന്ന നിലയിലാണ് ഈ പോസ്റ്റ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ദു:ഖസൂചകമായ വാക്യങ്ങളാണ് കുറിപ്പില്‍. നടന്‍ വിഷാദത്തിന് അടിമയായിരുന്നു എന്നു സൂചിപ്പിക്കുന്ന വരികളും മരിച്ചുപോയ അമ്മയുടെ ഓര്‍മ്മകളും കുറിപ്പില്‍ നിറയുന്നു. അമ്മയുടെ ചിത്രത്തോടൊപ്പം തന്റെ ചിത്രവും ചേര്‍ത്തുവച്ചാണ് താരത്തിന്റെ പോസ്റ്റ്. 2002 ല്‍ ആണ് സുശാന്തിന്റെ അമ്മ മരിക്കുന്നത്. അമ്മയുടെ മരണം സുശാന്തിനെ ഏറെ തളര്‍ത്തിയിരുന്നു. അതില്‍ നിന്നും മോചിതനാകാന്‍ കുറേ പ്രയാസപ്പെട്ടുവെന്ന് താരം തന്നെ ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

2019 ല്‍ സുശാന്ത് അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രൊജക്ടുകളാണ് മുടങ്ങിപ്പോയത്. സിനിമകള്‍ മുടങ്ങിപ്പോയത് സുശാന്തിനെ മാനസികമായി തളര്‍ത്തിയിരിക്കാമെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. ആര്‍ മാധവനൊപ്പം ചന്ദ മാമാ ദൂരെ കേ എന്ന ചിത്രത്തില്‍ സുശാന്ത് അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ പ്രൊജക്ട് നടന്നില്ല.

എ പി ജെ അബ്ദുള്‍ കലാം, രബീന്ദ്രനാഥ ടാഗോര്‍, ചാണക്യന്‍ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രങ്ങളും മുടങ്ങിപ്പോയി. അമേരിക്കന്‍ റൊമാന്റിക് കോമഡി ചിത്രമായ ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാറിന്റെ റീമേക്കായ ദില്‍ബേചാരാ എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി വേഷമിട്ടത്. മുകേഷ് ചബ്ര ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് നീണ്ടു പോയി. 2019 ല്‍ പുറത്തിറങ്ങിയ ഡ്രൈവ് ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.

Keywords:  Sushant Singh Rajput died due to hanging, postmortem report reveals, Mumbai, News, Trending, Bollywood, Actor, Suicide, Cinema, National, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia