കുട്ടിയാനം മുഹമ്മദ് കുഞ്ഞി
(www.kvartha.com 07.07.2021) ഇന്ത്യൻ സിനിമയിലെ അതുല്യതാരം ദിലീപ് കുമാർ (യൂസഫ് ഖാൻ) ബുധനാഴ്ച പുലർച്ചെയാണ് നമ്മോട് വിടപറഞ്ഞത്. ഇന്ത്യ കണ്ട എക്കാലത്തെയും നല്ല നടനായ ദിലീപ് കുമാർ ഇന്ത്യൻ സിനിമയുടെ ആരംഭകാലത്ത് തന്നെ അഭിനയരംഗത്തേക്ക് കടന്നുവന്നു. കേവലം 65 ചലച്ചിത്രങ്ങളിൽ മാത്രം അഭിനയിച്ചുകൊണ്ട് ഇന്ത്യൻ സിനിമയുടെ നെറുകയിലെത്തിയ ദിലീപ് കുമാർ എന്ന അനശ്വര നടൻ ഓരോ സിനിമകളിലും തനിക്ക് കിട്ടിയ വേഷം ഭംഗിയായി അഭിനയിച്ചു കൊണ്ട് സിനിമ പ്രേക്ഷകരുടെ മനം കവരുക മാത്രമല്ല ചെയ്തത്, തന്റെ ഭാവാഭിനയ മികവുകൊണ്ട് ഏറ്റവും മികച്ച നടനുള്ള അവാർഡുകൾ വാരി കൂട്ടാനും ലോക റെക്കോർഡുകൾ രേഖപ്പെടുത്തുന്ന ഗിന്നസ് ബുക്കിൽ വരെ ഇടം നേടാനും സാധിച്ചിട്ടുണ്ട് എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം.
1922 ഡിസംബർ 11 ന് പാകിസ്ഥാനിലെ പെഷവാറിൽ ഗുലാം സർവ്വർ ഖാൻ - ആയിഷ ബീഗം ദമ്പതികളുടെ മകനായി ജനിച്ച യൂസഫ് ഖാൻ 1944ൽ ജാർ ഭട്ട എന്ന ചിത്രത്തിലൂടെ ദിലീപ് കുമാർ എന്ന പേരിൽ അഭിനയ രംഗത്തെത്തി. ആറു പതിറ്റാണ്ട് കാലം സിനിമാലോകത്ത് നിറസാന്നിധ്യമായിരുന്നു. ദേവദാസ്, നയ ദോർ മുകൾ ഇ അസം, ഗംഗ ജമുന, അന്താസ്, ബാബുൽ ക്രാംന്തി, ദീദാർ, സൗഭാഗർ, കർമ്മ തുടങ്ങിയവയാണ് ഏറ്റവും പ്രസക്തമായ സിനിമകൾ.
തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ഈ അതുല്യ പ്രതിഭയുടെ അഭിനയമികവിനെ വാഴ്ത്തിക്കൊണ്ട് വിശ്വ വിഖ്യാത ചലച്ചിത്രസംവിധായകൻ സത്യജിത്ത് റേ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ആത്യന്തിക അഭിനയ പാടവമുള്ള മഹാനടൻ എന്നായിരുന്നു.
ഫിലിംഫെയർ അവാർഡ് ഏർപ്പെടുത്തിയത് തൊട്ട് ആദ്യ അവാർഡ് മുതൽ ഏറ്റവും മികച്ച നടനുള്ള അവാർഡുകൾ വരെ പത്തു തവണ സ്വന്തമാക്കിയിട്ടുള്ള ഈ അനുഗ്രഹീത നടന് നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. മികച്ച നടനുള്ള ബംഗാൾ ഫിലിം അസോസിയേഷൻ പുരസ്കാരം, ദേശീയ ഫിലിം പുരസ്കാരം, ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് തുടങ്ങി വേറെയും നിരവധി സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ തേടിയെത്തിയിട്ടുള്ള ഈ മഹത് പ്രതിഭക്ക് 1991 പത്മഭൂഷനും 1994 ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും പാകിസ്ഥാൻ പരമോന്നത ബഹുമതിയായ നിഷാൻ ഇ ഇംതിയാസ് (1947), 2015ൽ പത്മവിഭൂഷണും ലഭിച്ചു. 1980 ൽ ഇദ്ദേഹത്തെ ബോംബെ ഷെരീഫായി തെരഞ്ഞെടുക്കുകയുണ്ടായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനുഭാവിയായിരുന്ന ഇദ്ദേഹത്തിന് 2000 മുതൽ 2006 വരെ രാജ്യസഭാംഗമായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ദിലീപ് കുമാർ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ഇഷ്ടതോഴൻ കൂടിയായിരുന്നു.
1960 ൽ പുറത്തിറങ്ങിയ ഇന്ത്യൻ സിനിമ ചരിത്രത്തിലെ ആദ്യത്തെ ബ്രഹ്മാണ്ഡ ചിത്രമായ മുകളെ ആസാമിലെ സലിം രാജകുമാരന്റെ വേഷം അവതരിപ്പിച്ചിട്ടുള്ള അഭിനയത്തെ സിനിമാലോകം ഇന്നും കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. വിഖ്യാത സംഗീതജ്ഞൻ നൗഷാദലിയുടെ സംഗീതത്തിൽ നൂറിലധികം വരുന്ന കോറസ് ഗായകരോടൊപ്പം ഇതിഹാസ ഗായകൻ മുഹമ്മദ് റാഫി പാടി ചരിത്രം സൃഷ്ടിച്ച ഗാനവും സിനിമ ആസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത ഒന്നായി ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്തിരിക്കുകയാണ്.
പ്രശസ്ത നടി സൈറാ ബാനുവിനെയാണ് ദിലീപ് കുമാർ വിവാഹം ചെയ്തിരിക്കുന്നത്. ദിലീപ് കുമാർ എന്ന നടന ചക്രവർത്തിയുടെ അഭിനയപാടവം കണ്ടു ഇഷ്ടപ്പെട്ട സൈറാബാനു തന്നെക്കാൾ 22 വയസ് പ്രായം കൂടുതലുള്ള ദിലീപ് കുമാറിനെ കല്യാണം കഴിക്കുകയും സ്നേഹ വാത്സല്യത്തോടു കൂടിയ ഒരു ദാമ്പത്യ ജീവിതം നയിക്കുകയായിരുന്നു. കുട്ടികളില്ലാത്ത ഇവർ ഒരു അനശ്വര പ്രണയ ജോഡികളായി സിനിമയിലെന്നപോലെ ജീവിതത്തിലും. ഏവർക്കും അനുകരിക്കാവുന്ന ഒരു മാതൃക ജീവിതമായിരുന്നു ഈ താര ജോഡികളുടെത്.
തന്റെ 98-ാമത്തെ വയസ്സിൽ യൂസഫ് ഖാൻ എന്ന ദിലീപ് കുമാർ നമ്മോട് വിടപറഞ്ഞു പോയെങ്കിലും അദ്ദേഹം ജീവൻ പകർന്നു നൽകിയ കഥാപാത്രങ്ങളിലൂടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ ഈ മഹാനടൻ ജനലക്ഷങ്ങളുടെ മനസ്സിൽ നിറം മങ്ങാതെ എന്നും നിലനിൽക്കുക തന്നെ ചെയ്യും.
ബോളിവുഡിൽ ഏറ്റവും തിരക്കുള്ള നടനായി വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്ന കാലത്തായിരുന്നു കാസർകോട് പുതിയ ബസ് സ്റ്റാൻന്റിലെ മിലൻ തീയറ്റർ ഉദ്ഘാടനത്തിനായി ഭാര്യ സൈറാബാനുവിനോടൊപ്പം കാസർകോട് എത്തിയത്. കെ എസ് ഹസൻകുട്ടി, കെ എസ് അബ്ദുല്ല തുടങ്ങിയ പ്രമുഖരോടൊപ്പം ദിലിപ് കുമാറിന്റെയും സൈറാബാനുവിന്റെ പടവും പത്രങ്ങളിൽ കണ്ടിരുന്നെങ്കിലും ഞാൻ അദ്ദേഹത്തെ അടുത്ത് കാണുന്നത് ബോംബെ ഡോഗ്രിയിലെ ഒരു പരിപാടിയിൽ വെച്ചായിരുന്നു.
സിനിമയെ പോലെത്തന്നെ ജീവിതവും ധന്യമാക്കിയ ആ പ്രിയ നടൻ ഒരു നൂറ്റാണ്ടിന്റെ ഇന്ത്യൻ സിനിമാ ചരിത്രവുമായി ഇഴചേന്നു നിൽക്കുകയാണ്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ദേഹവിയോഗത്തോടെ ആ ഇതിഹാസ താരം അനശ്വരനായി മാറി. ജനം എക്കാലവും മനസിന്റെ ഉള്ളറകളിൽ അദ്ദേഹത്തെ കുടിയിരുത്തുക തന്നെ ചെയ്യും.
Keywords: National, Article, Actor, Death, Cine Actor, Cinema, Film, Dilip Kumar, Yusuf Khan, The legendary star of Indian cinema is no longer.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.