Allegation | 'അച്ഛനോട് ചെയ്ത തെറ്റിന് മാപ്പ് പറയാനെന്ന് പറഞ്ഞ് മകളേയെന്ന് വിളിച്ച ഒരു താരം തന്നെയും റൂമിലേക്ക് വിളിപ്പിച്ചിട്ടുണ്ട്'; വെളിപ്പെടുത്തലുകളുമായി നടന്‍ തിലകന്റെ മകള്‍
തിരുവനന്തപുരം: (KVARTHA) മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് (Hema Committee Report) തിങ്കളാഴ്ച പുറത്തുവന്നതിന് പിന്നാലെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെ മലയാള സിനിമയില്‍ (Malayalam Film) താന്‍ നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി നടന്‍ തിലകന്റെ മകള്‍ സോണിയ തിലകന്‍ (Sonia Thilakan) രംഗത്തെത്തി.
മകളേയെന്ന് വിളിച്ച ഒരു പ്രമുഖ നടന്‍ തന്നെയും റൂമിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് സോണിയ പറഞ്ഞു. മുറിയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുവെന്നും സന്ദേശങ്ങള്‍ അയച്ചുവെന്നും സോണിയ പറഞ്ഞു. നടന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തില്ല. അച്ഛനോട് ചെയ്ത തെറ്റില്‍ മോളോട് മാപ്പ് പറയണം എന്നു പറഞ്ഞാണ് വിളിച്ചത്. നടന് മോശം ഉദ്ദേശ്യമായിരുന്നുവെന്ന് പിന്നീട് വന്ന സന്ദേശങ്ങളില്‍നിന്നാണ് ബോധ്യപ്പെട്ടത്. ചെറുപ്പം മുതല്‍ കണ്ടയാളാണ് ഇങ്ങനെ ചെയ്തതെന്ന് സോണിയ വ്യക്തമാക്കി.
തിലകനെതിരെ ഉണ്ടാക്കിയ സംഘടനയാണ് അമ്മ സംഘടനയെന്ന് സോണിയ പറഞ്ഞു. തിലകന് തുടര്‍ച്ചയായി പുരസ്‌കാരങ്ങള്‍ ലഭിച്ചപ്പോള്‍ അവാര്‍ഡ് കുത്തക പൊളിക്കണ്ടേയെന്ന് പറഞ്ഞ് തുടങ്ങിയ സംഘടനയാണ് അമ്മ സംഘടനയെന്ന് സോണിയ പറഞ്ഞു. അമ്മ എന്നത് കോടാലിയാണെന്ന് പറഞ്ഞതിനാണ് അച്ഛനെതിരെ നടപടി ഉണ്ടായതെന്ന് മകള്‍ പറഞ്ഞു. റിപ്പോര്‍ട്ടില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി ഒന്നും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് സോണിയ കുറ്റപ്പെടുത്തി.
സംഘടനയിലെ പുഴുക്കുത്തുകളെക്കുറിച്ചു പുറത്തുപറഞ്ഞതിനാണ് അച്ഛന്‍ ക്രൂശിക്കപ്പെട്ടതെന്ന് സോണിയ പറഞ്ഞു. സംഘടനയില്‍ മാഫിയയും ഗുണ്ടായിസവും ഉണ്ടെന്നും അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞതിനാണ് നടപടി എടുത്തത്. അതിലും വലിയ വിഷയങ്ങള്‍ ചെയ്ത ആളുകളെ നിലനിര്‍ത്തിയെന്നും സോണിയ ആരോപിച്ചു.
അച്ഛനെ പുറത്താക്കാന്‍ കാണിച്ച ആര്‍ജ്ജവം എന്ത് കൊണ്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കാണിക്കുന്നില്ലെന്ന് സോണിയ ചോദിച്ചു. പവര്‍ ഗ്രൂപ്പില്‍ ആരൊക്കെയുണ്ട് എന്നത് ഇപ്പോള്‍ പറയുന്നത് ഉചിതമാകില്ലെന്ന് സോണിയ പറഞ്ഞു. പേരുകള്‍ സമയമാകുമ്പോള്‍ പറയുമെന്ന് സോണിയ പറഞ്ഞു.
അച്ഛന്‍ തുറന്ന് പറഞ്ഞിട്ട് മുഖവിലക്കെടുക്കാത്ത ആളുകള്‍ ഞാന്‍ പറഞ്ഞാല്‍ ആരാണ് മുഖവിലക്കെടുക്കുകയെന്ന് സോണിയ ചോദിച്ചു. തനിക്കൊരു ദുരനുഭവമുണ്ടെങ്കില്‍ ഒരു പുതുമുഖ താരത്തിന്റെ കാര്യം ആലോചിക്കാവുന്നതേയുള്ളൂവെന്ന് സോണിയ പറഞ്ഞു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഇരകള്‍ക്ക് നീതി ലഭിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. റിപ്പോര്‍ട്ടിലെ ബാക്കി പേജുകള്‍ കൂടി പുറത്തുവിടണം. കോണ്‍ക്ലേവ് നടത്തി ഒത്തുതീര്‍പ്പാക്കാനാണ് നീക്കമെങ്കില്‍ നടക്കില്ല. പൊലീസില്‍ പരാതി നല്‍കിയതുകൊണ്ട് കാര്യമില്ലെന്നും സോണിയ പറഞ്ഞു.
#SoniaThilakan, #AMMA, #MalayalamCinema, #HemaCommittee, #SexualHarassment, #Kerala