ട്രാഫിക് സിനിമ മോഡലില്‍ രോഗികളെ രക്ഷപ്പെടുത്തല്‍ തുടരുന്നു; പക്ഷേ തന്റെ സ്വപ്‌നം പൂവണിയുന്നത് കാണാന്‍ സംവിധായകന്‍ രാജേഷ് പിള്ള ഇന്നില്ല

 


കാസര്‍കോട്: (www.kvartha.com 16.12.2017) 2011 ല്‍ പുറത്തിറങ്ങിയ ട്രാഫിക് സിനിമയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ രോഗികളെ രക്ഷപ്പെടുത്തല്‍ തുടരുമ്പോള്‍ സിനിമയിലൂടെ അതിന്റെ സന്ദേശം നല്‍കിയ സംവിധായകന്‍ രാജേഷ് പിള്ള ഇത് കാണാന്‍ ഇന്നില്ല. കേരളത്തില്‍ ഇത്തരത്തിലുള്ള രോഗികളെ രക്ഷപ്പെടുത്തുന്നത് സമൂഹം ഒന്നടങ്കം ഏറ്റെടുക്കാന്‍ പ്രധാന കാരണം ട്രാഫിക് സിനിമ നല്‍കിയ പ്രചോദനമാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല.

കഴിഞ്ഞ ദിവസം മംഗളൂരു യൂനിറ്റി ആശുപത്രിയില്‍ നിന്നും എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലേക്ക് ഉപ്പള സ്വദേശിനിയായ ആഫിയത്ത് നുസ്‌റയെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് കൊണ്ടുപോയതാണ് ഒടുവിലത്തെ മിഷന്‍. മംഗളൂരു മുതല്‍ എറണാകുളം വരെ ഉറക്കമൊഴിച്ചാണ് നാട് ഒന്നടങ്കം ആംബുലന്‍സ് വ്യൂഹത്തിന് പോകാന്‍ വഴിയൊരിക്കിയത്. ആറ് മണിക്കൂര്‍ കൊണ്ട് എറണാകുളത്ത് എത്തിക്കാനായിരുന്നു ദൗത്യം. എന്നാല്‍ അഞ്ച് മണിക്കൂര്‍ 55 മിനിട്ട് കൊണ്ട് തന്നെ കെഎ 19 എഎ 975 നമ്പര്‍ ഐസിയു സംവിധാനമുള്ള ആംബുലന്‍സ് രോഗിയുമായി കുതിച്ചു ലക്ഷ്യസ്ഥാനത്തെത്തി.

ട്രാഫിക് സിനിമ മോഡലില്‍ രോഗികളെ രക്ഷപ്പെടുത്തല്‍ തുടരുന്നു; പക്ഷേ തന്റെ സ്വപ്‌നം പൂവണിയുന്നത് കാണാന്‍ സംവിധായകന്‍ രാജേഷ് പിള്ള ഇന്നില്ല

ഡ്രൈവര്‍ സിറാജ്, നഴ്‌സിംഗ് അസിസ്റ്റന്റ് ഹാരിസ്, ചൈല്‍ഡ് പ്രൊടക്ട് ടീം അംഗങ്ങള്‍, ആംബുലന്‍സ് സംഘടന പ്രവര്‍ത്തകര്‍ എന്നിവരാണ് ഈ ദൗത്യത്തില്‍ പങ്കാളികളായത്. കേരള പോലീസും സോഷ്യല്‍ മീഡിയയിലൂടെയുള്ള സഹായാഭ്യര്‍ത്ഥനയും ദൗത്യം വിജയകരമാക്കാന്‍ രംഗത്തുവന്നു. ഞൊടിയിട കൊണ്ട് സന്ദേശങ്ങള്‍ കൈമാറിയാണ് ആളുകള്‍ ആംബുലന്‍സിന് സുഖമായി കടന്നുപോകാന്‍ വഴിയൊരുക്കിയത്. രാത്രി 9.30 ന് യൂനിറ്റി ആശുപത്രിയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് 3.30 ഓടെയാണ് ലേക് ഷോറിലെത്തിയത്. 403 കിലോ മീറ്ററാണ് ഈ ചുരുങ്ങിയ സമയം കൊണ്ട് രോഗിയെയും കൊണ്ട് ആംബുലന്‍സ് കടന്നുപോയത്. എങ്ങനെ പോയാലും ഏഴ് മണിക്കൂറിലധികം യാത്രക്ക് വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരും അധികൃതരും കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ഡ്രൈവര്‍ സിറാജും ഒരു പോള കണ്ണടക്കാതെ കാത്തിരുന്ന നാട്ടുകാരും അകമ്പടി സേവിച്ച പോലീസും പ്രയത്‌നിച്ചതിന്റെ ഫലമായി രോഗിയെ പറഞ്ഞതിലും ഒരു മണിക്കൂര്‍ മുമ്പ് തന്നെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞു. രോഗിയുമായി പോയ ആംബുലന്‍സ് 130 കിലോ മീറ്റര്‍ വേഗത കുറയാതെയാണ് കുതിച്ച് പാഞ്ഞത്. ചില സ്ഥലത്ത് വേഗത കണ്ണിമ പൂട്ടുമ്പോള്‍ കാണാത്ത രീതിയിലായിരുന്നു.

ട്രാഫിക് സിനിമയില്‍ പെട്ടിയിലാക്കിയ കരള്‍ കൊണ്ടുപോകുകയായിരുന്നു ചെയ്തതെങ്കില്‍ ഇവിടെ അത്യാസന്ന നിലയിലുള്ള രോഗിയുമായാണ് ആംബുലന്‍സ് കുതിച്ചെതെന്ന പ്രത്യേകതയുമുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും ഒന്നര മാസം പ്രായമുള്ള കുഞ്ഞുമായി തിരുവനന്തപുരം ആര്‍സിസിയിലേക്ക് ആംബുലന്‍സ് നടത്തിയ രക്ഷാ ദൗത്യം വലിയ ചര്‍ച്ചയായതോടെ ദൗത്യം ഏറ്റെടുത്ത കാസര്‍കോട് അടുക്കത്ത്ബയലിലെ തമീം എന്ന യുവ ആംബുലന്‍സ് ഡ്രൈവര്‍ക്ക് നാട്ടുകാരുടെ അഭിനന്ദന പ്രവാഹമായിരുന്നു. പിന്നീട് കാസര്‍കോട് പള്ളം സ്വദേശിയെയും കൊണ്ട് തിരുവനന്തപുരം ആര്‍ സി സിയിലേക്ക് മംഗളൂരുവില്‍ നിന്നും ഒമ്പത് മണിക്കൂര്‍ കൊണ്ട് രോഗിയെ എത്തിച്ച് ഉദുമ മുക്കുന്നോത്തെ ഹസന്‍ നടത്തിയ രക്ഷാ ദൗത്യവും ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.



ഇത്തരം ദൗത്യം ഭാവിയിലും ഏറ്റെടുക്കാന്‍ ഒരേ മനസോടെ തയ്യാറാണെന്ന് തെളിയിക്കുകയാണ് യുവാക്കള്‍. സോഷ്യല്‍ മീഡിയയുടെ നല്ല വശങ്ങള്‍ തന്നെയാണ് ഇത്തരം സംരംഭങ്ങള്‍ വിജയത്തിലെത്താന്‍ സഹായകമായത്. സോഷ്യല്‍ മീഡിയയില്‍ അനാവശ്യ മെസേജുകള്‍ ഫോര്‍വേഡ് ചെയ്യുന്നത് ഒഴിവാക്കി എല്ലാവരും ഒരേ മനസോടെ രക്ഷാ ദൗത്യത്തില്‍ പങ്കാളിയാകുന്നത് കേരളത്തില്‍ മാത്രം സംഭവിക്കുന്ന പ്രത്യേകതയാണെന്നും വിലയിരുത്തപ്പെടുന്നു.

കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഐ എസ് എല്‍ മത്സരം നടന്ന ദിവസം തന്നെയാണ് ഈ ദൗത്യം എന്നതിനാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിദ്ധ്യമായ ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ഫാന്‍സ് അസോസിയേഷന്‍ വിജയ ലഹരിക്കിടയിലും രക്ഷാ ദൗത്യത്തില്‍ പങ്കാളിയായെന്നത് ഇന്ത്യയിലെ ഏറ്റവും മികച്ച ഫാന്‍സിനുള്ള അവാര്‍ഡ് നേടിയ മഞ്ഞപ്പടയ്ക്ക് അഭിമാനമാണ്. ദേശീയ പാതയോരത്തെ ക്ലബ്ബുകളും സംഘടനകളും വഴിയൊരുക്കുന്നതില്‍ നേരിട്ടും മറ്റുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെയും കൃത്യമായ വിവരങ്ങള്‍ നല്‍കിയാണ് ദൗത്യത്തില്‍ പങ്കാളികളായത്.




Also Read:    തമീമിനു പിന്നാലെ താരമായി ഹസനും; രോഗിയെ മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കെത്തിച്ചത് 9 മണിക്കൂര്‍ കൊണ്ട്, ആംബുലന്‍സ് ഡ്രൈവര്‍ക്ക് അനുമോദനം

രോഗിയുമായി മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് മറ്റൊരു ദൗത്യവുമായി ആംബുലന്‍സ് ഡ്രൈവര്‍ ഹസന്‍

നാടിന്റെ പ്രാര്‍ത്ഥനകള്‍ സഫലമാകുന്നു; കുഞ്ഞു ലൈബ ജീവിതത്തിലേക്ക് തിരിച്ചുവന്നു, കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചവര്‍ക്കും വഴിയൊരുക്കിയവര്‍ക്കും അഭിമാനിക്കാം

പിഞ്ചുകുഞ്ഞിന്റെ ജീവനുവേണ്ടി കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ചീറിപ്പാഞ്ഞ ആംബുലന്‍സ് ഡ്രൈവര്‍ കാസര്‍കോട്ടെ തമീമിന് കേരള ജനതയുടെ അഭിനന്ദനപ്രവാഹം, 514 കിലോമീറ്ററുകള്‍ താണ്ടിയത് വെറും ഏഴു മണിക്കൂറിനുള്ളില്‍, വഴിയൊരുക്കിയ സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ക്കും പോലീസിനും കൈയ്യടി

Keywords:  Kerala, kasaragod, Kochi, Traffic, Cinema, Director, Ambulance, Patient, Critical, Road, Social Network, Health, Rajesh Pillai, Traffic cinema, Kerala Blasters fans Association, Manjappada, Siraj, Thameem, Hassan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia