ശരീരത്തിലേക്ക് മാത്രം നോക്കാതെ അഭിനയവും കാണണമെന്ന് പറഞ്ഞ് യുവാക്കളുടെ ആരാധന ഏറ്റുവാങ്ങിയ സില്‍ക്ക് സ്മിത മരിച്ചിട്ട് 24 വര്‍ഷം; പലരും അപവാദം പറയുമ്പോഴും നടിയുടെ അച്ഛനാകാന്‍ കൊതിച്ച വെള്ളിത്തിരയിലെ നടന്‍
Sep 23, 2020, 16:06 IST
കൊച്ചി: (www.kvartha.com 23.09.2020) വെറും മുപ്പത്തിയാറു വയസുവരെ മാത്രമുള്ള ജീവിതത്തിനിടയില്‍ ആരാധകരുടെ മനസില്‍ ഇന്നും വശ്യമധുരമായ മന്ദസ്മിതത്തോടെയുള്ള ഓര്‍മ്മ സമ്മാനിക്കുന്ന നടി. അതാണ് സില്‍ക്ക് സ്മിത. പതിനാറു വര്‍ഷം മാത്രമുള്ള സിനിമ ജീവിതത്തില്‍ രാജ്യമൊട്ടാകെ പ്രശസ്തയായ നടിയായിരുന്നു സില്‍ക്ക് സ്മിത. വെള്ളിത്തിരയില്‍ ആടിയ മാദക നൃത്തങ്ങളായിരുന്നു അവരെ ആരാധകരിലേക്ക് അടുപ്പിച്ചത്. ആരാധകരെ ഞെട്ടിച്ചുകൊണ്ട് 1996 സെപ്റ്റംബര്‍ 23ന് അവര്‍ സ്വയം ജീവനൊടുക്കുകയായിരുന്നു.
ജീവിതത്തിന്റെ അരങ്ങില്‍ നിന്ന് സ്വയം ഇറങ്ങിപ്പോയ സ്മിത വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകരുടെ ഉള്ളിലെ വിങ്ങലാണ്. തന്റെ മുപ്പത്തിയാറാം വയസില്‍ സില്‍ക്ക് സ്മിത ജീവിതം അവസാനിപ്പിച്ചു. തമിഴിലും മലയാളത്തിലും തെലുങ്കിലും ഒരുപാട് ഹിറ്റുകള്‍ക്ക് കാരണക്കാരിയായ സ്മിത എന്തിന് സ്വയം ജീവിതത്തില്‍ നിന്ന് ഇറങ്ങിപ്പോയി എന്നത് ഇപ്പോഴും ചോദ്യമായി അവശേഷിക്കുന്നു.
അപ്പോഴും സിനിമയുടെ സൗന്ദര്യം, അതിന് പിന്നിലും മുന്നിലും പ്രവര്‍ത്തിക്കുന്നവരുടെ ജീവിതത്തില്‍ എല്ലായിപ്പോഴും കാണില്ലെന്നതാണ് അതിനുള്ള ഉത്തരമെന്നും പറയാം. 1960ല്‍ ആന്ധ്രയിലെ ഏലൂരിനടുത്ത തേവാലി ഗ്രാമത്തില്‍ ജനിച്ച സില്‍ക്ക് സ്മിതയുടെ കഥ അതിന് ഏറ്റവും നല്ല ഉദാഹരണം. നാലാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച സില്‍ക്ക് സ്മിത അകന്നൊരു ബന്ധുവിനൊപ്പമാണ് പതിനാറാം വയസില്‍ ചെന്നൈയിലെത്തിയത്.
നടിമാരുടെ സഹായിയായും ടച്ചപ്പ് ഗേളായും സിനിമാ ലോകത്ത് പ്രവര്‍ത്തിച്ച് തുടങ്ങിയ അവള്‍ ഇണയെത്തേടി എന്ന ചിത്രത്തിലൂടെ നടിയായി. അങ്ങനെയാണ് സ്മിത എന്ന പേര് സ്വന്തമാക്കുന്നതും.
സില്‍ക്ക് സ്മിത മരിച്ചപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ തമിഴ് സിനിമയില്‍ വിരാചിച്ച ഒരു നടനിലേക്ക് മാറി. സില്‍ക്കിനോടൊപ്പം എറ്റവും കൂടുതല്‍ അഭിനയിച്ച് സില്‍ക്കുമായി ആത്മബന്ധം പുലര്‍ത്തുന്ന ആ നടന്‍ ആയിരത്തോളം സിനിമകളില്‍ അഭിനയിച്ച വിനുചക്രവര്‍ത്തിയാണ്.
പക്ഷേ വിനുവിന്റെ വാക്കുകളിലൂടെ കേട്ടത് മറ്റൊരു തരത്തിലുള്ളതായിരുന്നു. വിനു ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു, സില്‍ക്ക് സ്മിത നിങ്ങള്‍ക്ക് ഒരു മാദക റാണിയായിരിക്കും പക്ഷേ എനിക്ക് അവള്‍ മകളെപ്പോലെയായിരുന്നു. അടുത്ത ജന്‍മം ഉണ്ടെങ്കില്‍ എനിക്കവളുടെ അച്ഛനായാല്‍ മതി. നിങ്ങളുടെ കണ്ണില്‍ ഞാന്‍ ഒരു പുരുഷനും അവളൊരു സ്ത്രീയും മാത്രം. പക്ഷേ മറ്റൊരു രീതിയില്‍ കാണാന്‍ എനിക്ക് പറ്റില്ലായിരുന്നു.
മാതാപിതാക്കളുടെ സ്‌നേഹവും സുരക്ഷിതത്വവുമില്ലാതെ വളര്‍ന്നതുകൊണ്ടാണ് സിലുക്കിന് ഇങ്ങനെ ആകേണ്ടി വന്നത് എന്നാണ് ഞാന്‍ കരുതുന്നത്. അവള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചു. അവസാനം എല്ലാവരും അവളെ ചൂഷണം ചെയ്തു. തള്ളിപ്പറഞ്ഞു. ഈ നിരാശയില്‍ അവള്‍ ജീവിതമൊടുക്കി.
അവളുടെ ജഡത്തില്‍ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കി, കോടികള്‍ നേടി. സിനിമകള്‍ക്കെതിരെ കേസ് കൊടുക്കണമെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. വിനുചക്രവര്‍ത്തി പറയുന്നു. കൂലിപണിക്ക് പോയിരുന്ന ഒരു പെണ്‍കുട്ടിയുടെ കണ്ണിലെ സൂര്യവെളിച്ചം എല്ലാവരേയും അത്ഭുതപെടുത്തി. കണ്ണുകള്‍ക്കും ശരീര ഭാഷക്കും ഇത്ര അഴകുള്ള ഒരു പെണ്‍കുട്ടി ഇന്ത്യന്‍ സിനിമയില്‍ അടുത്ത കാലത്തൊന്നും ഉദയം ചെയ്യില്ല. സിലുക്കിനെ പലരും തിരിച്ചറിഞ്ഞില്ല.. അവളെ ഉപയോഗിച്ചവരാണ് എല്ലാവരും. എല്ലാ സിനിമാ സെറ്റിലും അവള്‍ പലര്‍ക്കും ലഹരിയായി മാറി. എന്നിട്ട് ഒടുവില്‍ ആര്‍ക്കും വേണ്ടാതെ, ആരും ഇല്ലാതെ അവള്‍ പോയി.
ആന്ധ്രാക്കാരിയായ വിജയമാല വളരെ അപ്രതീക്ഷിതമായിട്ടാണ് വെള്ളത്തിരയില്‍ എത്തിയത്. വണ്ടിചക്രം എന്ന ചിത്രത്തിനായി ഒരു നടിയെ വേണം എന്ന് പറഞ്ഞ് നിര്‍മാതാവ് തിരുപ്പൂര്‍ മണി എന്നെ സമീപിച്ചു. ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുപാട് പെണ്‍കുട്ടികള്‍ എത്തിയിരുന്നു. അതിനിടയിലാണ് അതീവ വശ്യതയുള്ള കണ്ണുകള്‍ക്കുടമയായ ഒരു പെണ്‍കുട്ടി എന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അടുത്ത് വിളിച്ച് പേര് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു. 'സര്‍ എന്റെ പേര് വിജയമാല. ആന്ധ്രയില്‍ നിന്നാണ് വരുന്നത്. സിനിമയില്‍ അഭിനയിക്കണമെന്നുണ്ട്.
ക്യാമറയ്ക്ക് മുന്‍പിലെത്തിയപ്പോള്‍ അവളുടെ കണ്ണുകളിലെ ഭാവം മാറി. ഒരു പ്രത്യേക ശരീരഭാഷയായിരുന്നു അവളുടേത്. ഞങ്ങള്‍ അവളെ തിരഞ്ഞെടുത്തു 22 ദിവസമാണ് അവളെ വച്ച് ചിത്രീകരിച്ചത്. വീടുകളില്‍ ജോലിക്ക് പോയി കൊണ്ടിരിക്കുന്ന അവള്‍ നാട്ടില്‍ അത്യാവശ്യം ഡാന്‍സൊക്കെ ചെയ്യാറുണ്ടായിരുന്നു.
സിലുക്ക് മരിച്ചപ്പോഴും എല്ലാവര്‍ക്കും അറിയേണ്ടത് ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. അവള്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത ഞാന്‍ അറിഞ്ഞത് സിംഗപ്പൂരില്‍ വച്ചാണ്. വശ്യതയേറിയ തന്റെ കണ്ണുകള്‍ കൊണ്ട് ഒരു കാലത്തെ ആരാധകരുടെ ഉറക്കം കെടുത്തിയ സില്‍ക്ക് സ്മിത കാലം തീര്‍ത്ത വെള്ളിത്തിരയില്‍ നിന്നും ജീവിതമെന്ന അഭിനയം നിര്‍ത്തി അരങ്ങൊഴിഞ്ഞിട്ട് ഇന്ന് ഇരുപതാണ്ടുകള്‍ കഴിയുന്നു. സില്‍ക്കിന്റെ ശരീരത്തെ മാത്രം ആഘോഷിച്ച തെന്നിന്ത്യ ഒരു പക്ഷെ ഇന്ന് പശ്ചാത്തപിക്കുന്നുണ്ടാകാം, അവരുടെ അഭിനയത്തിനുമപ്പുറത്ത് വിവസ്ത്രതയെ മാത്രം കൊണ്ടാടിയ ഒരു കാലത്തെ ഓര്‍ത്ത്.
ആന്ധ്രാപ്രദേശിലെ എളൂരെന്ന ഗ്രാമത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരായ ഒരു കുടുംബത്തില്‍ ജനിച്ച ഒരു പെണ്‍കുട്ടിക്ക് തെന്നിന്ത്യന്‍ സിനിമ സമ്മാനിച്ചത് മായ്ക്കാന്‍ പറ്റാത്ത മുറിവുകളായിരുന്നു. പതിനഞ്ചു വര്‍ഷത്തോളം തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ഇരുന്നൂറോളം ചിത്രങ്ങളില്‍ വേഷമിട്ട സ്മിതയ്ക്ക് സിനിമ പകരം നല്‍കിയതും ആരും സ്വീകരിക്കാത്ത നടിയെന്ന വിശേഷണവും.
മരണസമയത്ത് ചെന്നൈയിലുണ്ടായിരുന്ന സൂപ്പര്‍ സ്റ്റാറുകള്‍ പോലും സില്‍ക്കിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തില്ല. സില്‍ക്കിന്റെ മൃതദേഹം കാണുന്നത് പോലും തങ്ങളുടെ താരപരിവേഷത്തിന് കോട്ടം തട്ടിക്കുമെന്ന് കരുതി ചടങ്ങില്‍ നിന്നും താരങ്ങള്‍ മാറിനിന്നത് അന്ന് വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തു.
സില്‍ക്ക് അഭിനയിച്ച കാലഘട്ടത്തില്‍ ആരും അവരുടെ വ്യക്തിത്വത്തെ അംഗീകരിച്ചില്ല. അവര്‍ ഒരു മനുഷ്യജീവി എന്നുപോലും പരിഗണിക്കപ്പെടാതെ ശരീരത്തെ മാത്രം കാംക്ഷിച്ച സിനിമയിലെ ഉന്നതര്‍ പോലും പകല്‍വെളിച്ചത്തില്‍ അവരെ തള്ളിപ്പറഞ്ഞു. മരിച്ചു കഴിഞ്ഞപ്പോഴാണ് സില്‍ക്ക് സ്മിത മാദകനടി എന്നതിനപ്പുറം മികച്ച ഒരു അഭിനേത്രിയാണ് എന്ന് പലരും ഊറ്റംകൊണ്ട് പറഞ്ഞത്.
ഒരു ഘട്ടത്തില്‍ ഓരേ മുറിയില്‍ രണ്ടുപേരെയും പൂട്ടിയിട്ടാല്‍ എന്തു സംഭവിക്കും എന്നുവരെ ചോദ്യങ്ങളുയര്‍ന്നതായി ചക്രവര്‍ത്തി തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ സില്‍ക്ക് തനിക്ക് ആരായിരുന്നെന്ന് പലപ്പോഴും ചക്രവര്‍ത്തി ആവര്‍ത്തിച്ചു കൊണ്ടിരുന്നു. നല്ലൊരു അധ്യാപകനായിരുന്നു താന്‍ അവള്‍ക്ക്. അടുത്ത ജന്മത്തില്‍ അവള്‍ എന്റെ മകളായി ജനിക്കാന്‍ കൊതിക്കുന്നു. സിനിമാ ലോകത്ത് സില്‍ക്കിനെ തിരിച്ചറിഞ്ഞ ചുരുക്കം ചിലരില്‍ ഒരാളായ ചക്രവര്‍ത്തിയുടെ വാക്കുകളില്‍ വ്യക്തതയുണ്ടായിരുന്നു.
സില്‍ക്കിനെ അറിഞ്ഞവരില്‍ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. സില്‍ക്കിന്റെ പിന്‍ഗാമി അനുരാധ. അവരായിരുന്നു അവസാന കാലത്ത് അവളുടെ എല്ലാം. മരണത്തിലേക്ക് നടന്നടുത്ത ദിവസം അനുരാധയെ വിളിച്ചതും വിഷമം പറയാനുണ്ടെന്ന് അറിയച്ചതുമെല്ലാം അഭിമുഖങ്ങളില്‍ അനുരാധ പിന്നീട് തുറന്നു പറഞ്ഞിട്ടുണ്ട്. അന്ന് രാത്രി അവള്‍ വിളിച്ചപ്പോള്‍ കാണാന്‍ പോകാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ അവള്‍ ഇന്നും ഉണ്ടാകുമായിരുന്നു എന്നും അനുരാധ പരിതപിക്കാറുണ്ട്. ആരു മനസിലാക്കാത്ത വിഷമങ്ങളില്‍ കൂടെയുണ്ടായിരുന്നു പലപ്പോഴും അന്ന് അതിന് സാധിച്ചില്ല. ആവശ്യമായ സമയങ്ങളില്‍ അവളെ തിരിച്ചറിയാന്‍ കഴിയാതെ പോയത് എന്റെ മാത്രം പരാജയമാണെന്ന് അവര്‍ പശ്ചാത്തപിക്കാറുണ്ടായിരുന്നു.
ശരീര സൗന്ദര്യത്തിനൊപ്പം മികച്ചൊരു അഭിനേത്രിയും സ്മിതയില്‍ ഉണ്ടായിരുന്നു. ഭാരതിരാജയുടെ അലൈകള്‍ ഓയ്‌വതില്ലൈ എന്ന സിനിമയിലെ പ്രകടനം ഇതിന് തെളിവാണ്. പക്ഷെ തന്റെ ശരീരത്തിലേക്ക് മാത്രം നോക്കാതെ അഭിനയത്തിലേക്കും നോക്കണമെന്ന സ്മിതയുടെ അപേക്ഷ ആരും കേള്‍ക്കാതെ പോയി.
ഗ്ലാമര്‍ വേഷങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയ സ്മിതയുടെ മടക്കമാണ് പിന്നെ സിനിമാലോകം കണ്ടത്. അഭിനയത്തില്‍ നിന്ന് നിര്‍മ്മാണത്തിലേക്കുള്ള ചുവടുമാറ്റം നഷ്ടങ്ങളുടെ കണക്കിലേക്ക് അവരെ നയിച്ചു.
സ്മിതയെ ആരൊക്കെയോ മുതലെടുക്കുകയായിരുന്നുവെന്ന് പലകഥകള്‍ പറഞ്ഞു പരന്നിരുന്നു. എന്നാല്‍ ആരെയും പേരെടുത്ത് അപമാനിക്കാതെ തിരിഞ്ഞുനടക്കുകയാണ് സ്മിത ചെയ്തത്. ജീവിതത്തില്‍ നിന്ന് സ്വയം ഇറങ്ങിപ്പോയപ്പൊഴും സ്മിത ആരെയും കുറ്റം പറഞ്ഞില്ല.
മോഹിപ്പിച്ചൊരു ശരീരം മാത്രമായല്ല, സിനിമയുടെ മായികതയില്‍ മയങ്ങരുതെന്നൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി സ്മിത ഇന്നും പ്രേക്ഷക മനസ്സില്‍ നിറയുകയാണ്.
Keywords: News, Kerala, State, Kochi, Actress, Cinema, Entertainment, Mollywood, Memory, Actor, Death, Tribute to actress Silk Smitha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.