Review | 'വാഴ': സിനിമ പ്രേക്ഷകരെ കീഴടക്കുന്നു; യുവതാരങ്ങൾ തകർത്തു
* സംഗീതവും അഭിനയവും ചിത്രത്തിന്റെ മികവ് വർദ്ധിപ്പിക്കുന്നു.
(KVARTHA) പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി സംവിധായകനായ വിപിൻ ദാസ് തിരക്കഥ ഒരുക്കുന്ന 'വാഴ' തീയേറ്ററിൽ റിലീസ് ആയിരിക്കുകയാണ്. ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ആയിരുന്നു വിപിൻ ദാസ്. കുലയിലും, കുടപ്പനിലും, പിണ്ടിയിലും, നാരിലും, ഇലയിലും ഗുണമുള്ള 'വാഴ' പോലൊരു സിനിമ എന്ന് ഒറ്റവാക്കിൽ ഈ സിനിമയെ വിശേഷിക്കാം. വാഴ എന്ന് പേരുദോഷം കേൾപ്പിക്കുന്ന ഒരുപാട് ചെറുപ്പക്കാരുടെയും അവരുടെ അച്ഛന്മാരുടെയും കഥയാണ് ഈ സിനിമ. എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന രീതിയിൽ കുറച്ച് കഥാപാത്രങ്ങളിലൂടെ രസമായി പറഞ്ഞിട്ടുണ്ട്.
ചിത്രത്തിൽ സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരാണ് മറ്റ് താരങ്ങൾ. ജൂനിയർ പിള്ളേരായാ ജോമോൻ ജ്യോതിറിനും, ഹഷീറിനും, സിജു സണ്ണിക്കും അനായാസം കൗണ്ടറുകൾ ഇറക്കി ആളുകളെ ചിരിപ്പിക്കാൻ അവസരമൊരുക്കി.
സീനിയേഴ്‌സ് ആയ ജഗദീഷിനും കോട്ടയം നസീറിനും, അസീസിനും, നോബിക്കും തങ്ങളുടെ റേഞ്ച് വെളിപ്പെടുത്താനുള്ള കരുത്തുള്ള വേഷങ്ങൾ കൂടി തിരക്കഥയിൽ ഒരുക്കിയ വിപിൻ ദാസ് കയ്യടി അർഹിക്കുന്നു. അങ്കിത് മേനോന്റെ പാട്ടുകളും സ്കോറും നന്നായിട്ടുണ്ട്. കോട്ടയം നസീറിനും അസീസിനും നോബിക്കും കിട്ടിയ അവരുടെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളും കിടിലൻ പെർഫോമൻസും ആണ് ഇതിൽ.
സങ്കീർണമായ ഒരു കഥാതന്തുവിനെ പ്രേക്ഷകർക്ക് അടുത്തു തോന്നുന്നതും അവരുടെ ജീവിതവുമായി ബന്ധപ്പെട്ടതുമായ ഒരു അനുഭവമാക്കി മാറ്റുന്നതിൽ വിപിൻ ദാസ് വിജയിച്ചു എന്നതാണ് 'വാഴ' എന്ന ചിത്രത്തിന്റെ വിജയത്തിന്റെ രഹസ്യം. നമ്മൾ കേട്ടിട്ടുള്ള കുറെ അനുഭവങ്ങളും ട്രോളുകളും റീൽസുമൊക്കെ കൂടി വൃത്തിയായി കൂട്ടിയോജിപ്പിച്ച് രസകരമായ ഒരു സിനിമ സൃഷ്ടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മ്യൂസിക് ആണ് പിന്നെ പോസിറ്റീവ് ആയി തോന്നിയത്. ഈ ചിത്രത്തിലെ സംഗീതം ചിത്രത്തിന്റെ മൊത്തത്തിലുള്ള അനുഭവത്തെ വളരെ മികച്ചതാക്കി. ഏറെക്കുറെ 90 ശതമാനം കുട്ടികളെ ഒരുപാട് ബന്ധിപ്പിക്കുന്ന രീതിയിലാണ് പടം എടുത്തിരിക്കുന്നത്..
പ്രധാന വേഷങ്ങൾ ചെയ്ത എല്ലാവരും നല്ല പ്രകടനം ആയിരുന്നു സിനിമയിൽ കാഴ്ചവെച്ചത്. ആദ്യ സിനിമ എന്ന നിലയിൽ ഹാഷിർ ചില സീനിൽ കുറച്ച് പേടിച്ചു അഭിനയിക്കുന്നപോലെ തോന്നി. ആകെ മൊത്തത്തിൽ തീയേറ്ററിൽ വേറൊന്നും ചിന്തിക്കാതെ കണ്ട് രസിക്കാവുന്ന ഒരു സിനിമയാണ് വാഴ. 'ക്ലിയർ ഫാമിലി എന്റർടെയ്നർ'. കാശും, സമയവും നഷ്ടപ്പെടുത്തില്ല തീർച്ച. ചിരിച്ചും, ആസ്വദിച്ചും, കണ്ണു നിറഞ്ഞും കണ്ടിരിക്കാം. പുതുമയോ, വിഷ്വൽ ബ്രില്യൻസോ, ട്വിസ്‌റ്റോ, സിദ്ധാന്തമോ, അമ്പരപ്പിക്കുന്ന ക്ലൈമാക്സോ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു പാവം അടിപൊളി സിനിമ.
ഛായാഗ്രഹണം: അരവിന്ദ് പുതുശ്ശേരി, ചിത്രസംയോജനം: കണ്ണൻ മോഹൻ, മ്യൂസിക് സൂപ്പർ വിഷൻ- അങ്കിത് മേനോൻ, കലാസംവിധാനം: ബാബു പിള്ള, ചീഫ് അസോസിയേറ്റ്: ശ്രീലാൽ, മേക്കപ്പ്: സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം: അശ്വതി ജയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അനീഷ് നന്തിപുലം, അസോസിയേറ്റ് ഡയറക്ടർ: അനൂപ് രാജ്, സവിൻ സ, സൗണ്ട് ഡിസൈൻ: അരുൺ എസ് മണി, സൗണ്ട് മിക്സിംങ്: വിഷ്ണു സുജതൻ, ആക്ഷൻ ഡയറക്ടർ: കലൈ കിങ്സൺ, പിആർഒ: എ എസ് ദിനേശ്, ഡിജിറ്റൽ പിആർഒ: വിപിൻ കുമാർ., ഡിഐ: ജോയ്നർ തോമസ്, സ്റ്റിൽസ്: അമൽ ജെയിംസ്, ടൈറ്റിൽ ഡിസൈൻ: സാർക്കാസനം, ഡിസൈൻ: യെല്ലോ ടൂത്ത്സ്. എന്നിവരാണ് സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.
ഡബ്ല്യു ബി ടി എസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നീരജ് മാധവ് ചിത്രം 'ഗൗതമൻ്റെ രഥം'ത്തിന് ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്ത സിനിമയാണ് 'വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്'.
ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും 'വാഴ ആന്തവും, അതിമനോഹരം..' എന്ന ഗാനവും സോഷ്യൽ മീഡിയയിൽ റിലീസിന് മുൻപ് ഏറെ ശ്രദ്ധ നേടിയിരുന്നതാണ്. ഈ പടത്തിനു പോയ നേരം കൊണ്ടു രണ്ട് വാഴ വക്കാമായിരുന്നു എന്ന് ഒരിക്കലും പറയാൻ തോന്നാത്ത നിലവാരമുള്ളൊരു സിനിമ. അതാണ് വാഴ. തീയേറ്ററിൽ തന്നെ പോയി സിനിമ കാണുക.