Manoj Kana | വിജേഷ് പിള്ള തന്നെ വഞ്ചിച്ചതായി 'കെഞ്ചിര' സിനിമയുടെ സംവിധായകന്‍ മനോജ് കാന; വകീല്‍ നോടിസ് അയച്ചിട്ടും മറുപടി നല്‍കിയില്ലെന്ന് ആരോപണം

 


കണ്ണൂര്‍: (www.kvartha.com) സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍നിന്നു പിന്മാറാനും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകള്‍ നശിപ്പിക്കാനും 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് സ്വപ്ന സുരേഷ് ആരോപിച്ച വിജേഷ് പിള്ളയ്‌ക്കെതിരെ ആരോപണവുമായി സംവിധായകന്‍ മനോജ് കാന. കഴിഞ്ഞദിവസമാണ് ഫേസ് ബുക് ലൈവിലൂടെ എത്തി സ്വപ്ന വിജേഷ് പിള്ളയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

അതിനിടെയാണ് വിജേഷ് പിള്ള തന്നെ വഞ്ചിച്ചതായുള്ള ആരോപണങ്ങളുമായി 'കെഞ്ചിര' സിനിമയുടെ സംവിധായകന്‍ മനോജ് കാന രംഗത്തെത്തിയത്. വിജേഷ് പിള്ളയുടെ ആക്ഷന്‍ പ്രൈം ഒടിടി വഴി സിനിമ പ്രദര്‍ശിപ്പിക്കാമെന്ന് പറഞ്ഞെങ്കിലും പ്രദര്‍ശനം സുഗമമായിരുന്നില്ലെന്ന് മനോജ് കാന പറയുന്നു. കരാര്‍ ഉണ്ടാക്കിയ ശേഷം പ്രദര്‍ശിപ്പിക്കാമെന്നാണ് പറഞ്ഞത്. എന്നാല്‍ വകീല്‍ നോടിസ് അയച്ചിട്ട് മറുപടി പോലും നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

Manoj Kana | വിജേഷ് പിള്ള തന്നെ വഞ്ചിച്ചതായി 'കെഞ്ചിര' സിനിമയുടെ സംവിധായകന്‍ മനോജ് കാന; വകീല്‍ നോടിസ് അയച്ചിട്ടും മറുപടി നല്‍കിയില്ലെന്ന് ആരോപണം

മനോജ് കാനയുടെ വാക്കുകള്‍:


വലിയ ഓഫറാണ് തന്നത്. മറ്റ് ഏത് ഒടിടി പ്ലാറ്റ് ഫോമില്‍ കൊടുത്താലും കിട്ടാവുന്നതില്‍ അധികം ഇതിലൂടെ കിട്ടുമെന്ന് പറഞ്ഞു. എന്നാല്‍, പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍ പോലും ചെയ്യാതെ, ലൈസന്‍സ് പോലും പൂര്‍ത്തിയാവാതെയാണ് ഒടിടി പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തത്. അതുകൊണ്ട് തന്നെ ആര്‍ക്കും ചിത്രം കാണാനായില്ല. ഇവര്‍ സിനിമയുടെ പേരില്‍ കള്ളത്തരം കാണിച്ചു ജീവിക്കുന്നവരാണ്. അതിന്റെ അനുഭവസ്ഥനാണ് ഞാന്‍.

സിനിമ മേഖലയിലെ പലരെയും വിജേഷ് പറ്റിച്ചിട്ടുണ്ട്. എം വി ഗോവിന്ദനെ പോലുള്ളവരെ അറിയാമെന്ന് പറഞ്ഞെങ്കിൽ അത് നെഗറ്റീവ് പബ്ലിസിറ്റിക്
വേണ്ടിയാണ്. സ്വപ്നയുമായി ചേർന്ന് നടത്തിയ നീക്കമാണോ എന്ന് സംശയമുണ്ടെന്നും നാടുമായി ഒരു ബന്ധവും ഇല്ലാത്ത ആളാണ് ഇയാളെന്നും മനോജ്‌ കാന പറഞ്ഞു.

ബെംഗ്ലൂര്‍ മല്ലേശ്വരം ബ്രിഗേഡ് ഗേറ്റ് വേ കാംപസിലെ വേള്‍ഡ് ട്രേഡ് സെന്ററിലാണ് വിജേഷ് സിഇഒ ആയി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ ഒടിടി എന്ന ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ബ്രോഡ് കാസ്റ്റിങ്, മീഡിയ പ്രൊഡക്ഷന്‍ കംപനിയായ ഡബ്ല്യുജിഎന്‍ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റേതാണിത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തുടങ്ങുന്നതായി 2021 ജൂലൈ ആദ്യം കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തി വിജേഷ് പ്രഖ്യാപനം നടത്തിയിരുന്നു.

എന്നാല്‍ കംപനിയുടെ കൊച്ചിയിലെ ഓഫിസ് അധികകാലം പ്രവര്‍ത്തിച്ചില്ല. വാടക കുടിശിക വരുത്തിയാണ് ഓഫിസ് പൂട്ടിപ്പോയതെന്ന് കഴിഞ്ഞദിവസം ഇടപ്പള്ളിയിലെ കെട്ടിടം ഉടമ ജാക്‌സണ്‍ മാത്യു പറഞ്ഞിരുന്നു. ഡബ്ല്യുജിഎന്‍ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ മലയാള സിനിമാ നിര്‍മാണത്തിനും വിജേഷ് പിള്ള ശ്രമിച്ചിരുന്നു.

ചലച്ചിത്ര നിര്‍മാണത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കുന്ന റാകറ്റിന്റെ ഭാഗമാണോ എന്ന സംശയത്തില്‍ വിജേഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങിയിരുന്നു.

Keywords:  Vijesh Pillai is a Fraud says Movie Director Manoj Kana, Kannur, News, Allegation, Director, Cinema, Kerala, Cheating.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia