Watan | വതൻ: രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരകാലത്ത് പോരാട്ടത്തിന് പ്രചോദനമേകിയ സിനിമ

 


ന്യൂഡെൽഹി: (www.kvartha.com) ബ്രിടീഷ്‌ മേധാവിത്വത്തില്‍ നിന്ന്‌ ഇൻഡ്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ സിനിമകളും പാട്ടുകളും അതിന്റേതായ പങ്കുവഹിച്ചിട്ടുണ്ട്. ഒട്ടേറെ പത്രമാധ്യമങ്ങള്‍ അക്കാലത്ത്‌ ഉണ്ടായിരുന്നെങ്കിലും ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം കുറവായിരുന്നു. ഇന്നത്തെപ്പോലെ ടെലിവിഷന്‍ ജനകീയമായ ഒരു കാലഘട്ടമായിരുന്നില്ല അന്ന്. എന്നിരുന്നാലും നേരിട്ടല്ലെങ്കിലും സ്വാതന്ത്ര്യ സമരത്തെ ചിത്രീകരിക്കുന്ന സിനിമകൾ അന്നിറങ്ങി.
  
Watan | വതൻ: രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരകാലത്ത് പോരാട്ടത്തിന് പ്രചോദനമേകിയ സിനിമ

1938-ൽ മെഹ്ബൂബ് ഖാൻ സംവിധാനം ചെയ്ത ഹിന്ദുസ്താനി കോസ്റ്റ്യൂം ഡ്രാമ ചിത്രമാണ് വതൻ (Watan). സാഗർ ഫിലിംസ് (Sagar Movietone) നിർമിച്ച ഈ ചിത്രത്തിന്റെ കഥ രചിച്ചത് മെഹ്ബൂബ് ഖാനും വജാഹത് മിർസയും ചേർന്നാണ്. ഛായാഗ്രാഹകൻ ഫറേദൂൺ ഇറാനി ആയിരുന്നു. കുമാർ (സയ്യിദ് അലി ഹസൻ സെയ്ദി), ബിബ്ബോ (ഇഷ്റത് സുൽത്വാന), മായ ബാനർജി, യാക്കൂബ് ലാല, സിതാര ദേവി, കായം അലി എന്നിവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കൾ.

ഡീകോസാകൈസേഷൻ (Decossackization) നയത്തെ അടിസ്ഥാനമാക്കി മധ്യേഷ്യയിൽ നടക്കുന്ന കഥയാണ് ചിത്രം പറഞ്ഞത്. ബോൾഷെവികുകളും കോസാകുകളും തമ്മിലുള്ള സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമായിരുന്നു ഇതിവൃത്തം. അക്കാലത്ത് ഇൻഡ്യയിലെ ബ്രിടീഷ് ഭരണത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ പ്രതീകാത്മക പരാമർശമായിരുന്നു ചിത്രം. മധ്യേഷ്യയിൽ എവിടെയോ ഒരു സാങ്കൽപിക പശ്ചാത്തലത്തിൽ, സ്വേച്ഛാധിപതിയായ റഷ്യൻ രാജാവ് (സിദ്ദീഖി) കോസാകുകൾക്കെതിരെ ക്രൂരതകൾ അഴിച്ചുവിടുന്നു. ജനറൽ മുറാദ് (കുമാർ) കോസാകുകളോട് അനുഭാവം പുലർത്തുകയും വഞ്ചനയ്ക്ക് അറസ്റ്റിലാവുകയും ചെയ്യുന്നു.

അവിടെ നിന്ന് അദ്ദേഹം രക്ഷപ്പെടുകയും ഗുൽനാറിനെ (സിതാര ദേവി) കണ്ടുമുട്ടുന്നു. മുറാദുമായി പ്രണയത്തിലായ നിഗർ രാജകുമാരിയുടെ (ബിബ്ബോ) സഹായത്തോടെ അവർ അട്ടിമറി ആസൂത്രണം ചെയ്യുകയും രാജാവിനെയും സൈന്യത്തെയും പരാജയപ്പെടുത്തുന്നു. ഇതായിരുന്നു സിനിമയുടെ കഥ. അനിൽ ബിശ്വാസിന്റെ സംഗീതത്തിൽ ‘ജഹാൻ തു ഹേ വഹിൻ മേരാ വതൻ ഹേ’ (Jahan Tu Hai Wahin Mera Watan Hai) എന്ന അതിലെ ഗാനം സ്വാതന്ത്ര്യ സമരത്തെ പ്രചോദിപ്പിക്കുന്നതിൽ പങ്കുവഹിച്ചു.

Keywords: New Delhi, Independence-Day, Protest, Entertainment, News, british, Freedom, Best-of-Bharat, Cinema, India.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia