കാന്തപുരത്തെ പരിഹസിച്ചും മര്‍ക്കസ് കോംപ്ലക്‌സിനെ ഇസ്ലാമിക രാഷ്ട്രമാക്കിയും സി.വി ബാലകൃഷ്ണന്റെ ലേഖനം

 


തിരുവനന്തപുരം: (www.kvartha.com 07.10.2014) അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ പരിഹസിച്ചും കോഴിക്കോട് മര്‍ക്കസ് കോംപ്ലക്‌സിനെ കുറ്റം പറഞ്ഞും എഴുത്തുകാരന്‍ സി.വി. ബാലകൃഷ്ണന്റെ ലേഖനം. ഡിസി ബുക്‌സ് പുറത്തിറക്കുന്ന സാഹിത്യ, രാഷ്ട്രീയ പ്രസിദ്ധീകരണത്തിന്റെ പുതിയ ലക്കത്തിലാണ് പ്രമുഖ സാഹിത്യകാരനും തിരക്കഥാകൃത്തുമായ ബാലകൃഷ്ണന്റെ വിവാദ ലേഖനം. തന്റെ സിനിമാ അനുഭവങ്ങളേക്കുറിച്ച് അദ്ദേഹം എഴുതിവരുന്ന പരമ്പരയിലാണിത്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം, ലക്ഷ്മി ഗോപാലസ്വാമി, ഭാനുപ്രിയ തുടങ്ങിയവര്‍ അഭിനയിച്ച കൊച്ചുകൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട ഓര്‍മകളാണ് ഈ ലക്കത്തില്‍ ബാലകൃഷ്ണന്‍ വിശദീകരിക്കുന്നത്. ചിത്രത്തിന്റെ രചന അദ്ദേഹത്തിന്റേതായിരുന്നു. പ്രമുഖ നര്‍ത്തകിയായി അഭിനയിക്കുന്ന ഭാനുപ്രിയയെ കാണാന്‍ അവര്‍ താമസിക്കുന്ന ഹോട്ടലില്‍ ലക്ഷ്മി ഗോപാലസ്വാമി പോകുന്നുണ്ട്.

മര്‍ക്കസ് കോംപ്ലക്‌സിന്റെ ഭാഗമായ ഹോട്ടല്‍ കാലിക്കറ്റ് ടവറിലായിരുന്നു ഷൂട്ടിംഗ്. 'അത് അറിഞ്ഞ് എത്തിയ' മതഭ്രാന്തരായ' കുറേ യുവാക്കള്‍ അവിടെ ഷൂട്ടിംഗ് പാടില്ല എന്നു പറഞ്ഞു. ഗള്‍ഫിലായിരുന്ന കാന്തപുരത്തെ വിളിച്ചു ചോദിച്ചപ്പോഴും സിനിമാ ഷൂട്ടിംഗ് മതവിരുദ്ധമാണെന്നും അനുവദിക്കാന്‍ പറ്റില്ല എന്നുമാണു പറഞ്ഞത്.' ബാലകൃഷ്ണന്‍ എഴുതുന്നു. ഷൂട്ടിംഗിനേക്കുറിച്ച് പറഞ്ഞു തുടങ്ങുന്നിടത്താണ് കാന്തപുരത്തേക്കുറിച്ചുള്ള പരിഹാസം.

ആ സിനിമയേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് കാന്തപുരത്തെ മറക്കാന്‍ പറ്റില്ല..... എന്ന് ബാലകൃഷ്ണന്‍ പറയുന്നു. താന്‍ കാന്തപുരത്തോടു സംസാരിച്ചു കൊള്ളാമെന്നും ഷൂട്ടിംഗ് നിര്‍ത്തേണ്ട എന്നുമാണത്രേ സിനിമയുടെ നിര്‍മാതാവ് പി.വി. ഗംഗാധരനെ വിളിച്ച് പറഞ്ഞപ്പോള്‍ പ്രതികരിച്ചത്. പിവി ഗംഗാധരന് കാന്തപുരത്തെ ഫോണില്‍ കിട്ടിയില്ല, ഞങ്ങള്‍ ഷൂട്ടിംഗ് തുടരുകയാണെന്ന് പുറത്തുനിന്ന പ്രതിഷേധക്കാര്‍ അറിഞ്ഞുമില്ല എന്ന് ബാലകൃഷ്ണന്‍ തുടരുന്നു. ഏതായാലും ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. പക്ഷേ, കാന്തപുരത്തെയും പ്രതിഷേധക്കാരെയും ഒരുപോലെ കബളിപ്പിച്ചു എന്ന ധ്വനി വ്യക്തമാണ്.

പിന്നീടാണ് സന്ദര്‍ഭവുമായി തീരെ യോജിക്കാത്ത വിധത്തില്‍ മര്‍ക്കസ് കോംപ്ലക്‌സിനേക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍. അവിടെ ചെന്നുപെട്ടാല്‍ ഏതോ ഇസ്്‌ലാമിക രാജ്യത്ത് ചെന്നുപെട്ടതുപോലെ തോന്നുമെന്നും അപരിചിതരെ സംശയത്തോടെ മാത്രമാണ് അവിടെയുള്ളവര്‍ വീക്ഷിക്കുന്നതെന്നുമാണ് പരാമര്‍ശങ്ങള്‍. കോഴിക്കോട്ടെ പ്രശസ്തമായ മര്‍ക്കസ് കോംപ്ലക്‌സില്‍ മുസ്ലിംങ്ങളല്ലാത്തവര്‍ക്കും സ്ഥാപനങ്ങള്‍ ഉണ്ടെന്നും അവിടെ വരുന്നവരില്‍ ഭൂരിഭാഗവും സ്ഥിരമായി എത്തുന്ന പരിചയക്കാരല്ല എന്നും മനസിലാക്കാതെയോ മറച്ചുവെച്ചോ ആണ് ബാലകൃഷ്ണന്റെ പരാമര്‍ശങ്ങള്‍ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കാലിക്കറ്റ് ടവറില്‍ സത്യന്‍ അന്തിക്കാട്, ജയറാം, സിദ്ദീഖ്, ഭാനുപ്രിയ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയ പ്രശസ്തര്‍ക്ക് മുറി നല്‍കിയത് അവരെ തിരിച്ചറിയാതെ അല്ലെന്നും അവര്‍ അവിടെ ചിത്രീകരണം നടത്താന്‍ നേരത്തെ അനുവാദം ചോദിച്ചിരുന്നില്ല എന്നും അറിയുന്നു. ഇക്കാര്യമൊക്കെ മറച്ചുവെച്ചാണ് ആ സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ക്കു ശേഷം അനവസരത്തില്‍ സി.വി ബാലകൃഷ്ണന്‍ ആ സിനിമയുമായി ബന്ധപ്പെട്ടു പുതിയ വിവാദത്തിനു ശ്രമിക്കുന്നത്.
കാന്തപുരത്തെ പരിഹസിച്ചും മര്‍ക്കസ് കോംപ്ലക്‌സിനെ ഇസ്ലാമിക രാഷ്ട്രമാക്കിയും സി.വി ബാലകൃഷ്ണന്റെ ലേഖനം
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Kerala, Thiruvananthapuram, Islam, Kanthapuram A.P.Aboobaker Musliyar, Cinema, Article, C.V Balakrishnan, Muslim, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia