മണ്‍മറഞ്ഞിട്ട് നാല് പതിറ്റാണ്ട്; രാമു കാര്യാട്ടിനെ ഓര്‍ക്കുമ്പോള്‍

 


എ ബെണ്ടിച്ചാല്‍

(www.kvartha.com 28.01.2019) മലയാള സിനിമയെ ലോക നിലവാരത്തോളം ഉയര്‍ത്തിയ രാമു കാര്യാട്ട് മണ്‍മറഞ്ഞിട്ട് നാല്‍പത് വര്‍ഷം തികഞ്ഞു. തിരമാലയിലൂടെ വന്ന് മലങ്കാറ്റ് (കൊണ്ടഗാലി) യില്‍ കടപുഴകിയ മലയുടെ ലാളിത്യമുള്ള വലിയ മനുഷ്യനായിരുന്നു രാമൂ കാര്യാട്ട്.

പ്രകൃതി പ്രേമിയും, കവിയും, രാഷ്ട്രീയക്കാരനും അതിലുപരി മനുഷ്യ സ്‌നേഹിയുമായിരുന്നു കാര്യാട്ട്. പ്രകൃതി പ്രേമം വിളിച്ചോതുന്ന സിനിമകളാണ് രാമുവിന്റെ ചെമ്മീനും, നെല്ലും. പണ്ട് മദ്രാസില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ജയകേരളം എന്ന മാസികയിലാണ് കവിതകള്‍ എഴുതിയിരുന്നത്. ആദ്യം ചേറ്റുവയില്‍ ചെങ്കൊടി പറത്തിയവരില്‍ ഒരാളാണ് രാമൂ കാര്യാട്ട്.

1960 ലൊ മറ്റൊ ഒരു തിരഞ്ഞെടുപ്പില്‍ രാമൂ കാര്യാട്ടിനെ സ്ഥാനര്‍ത്ഥി ആക്കുന്നതില്‍ പാര്‍ട്ടിക്കകത്ത് ചില ഭാഗത്തു നിന്നും മുറുമുറുപ്പ് ഉയര്‍ന്നപ്പോള്‍ അന്ന് ഇ എം എസ് നമ്പൂതിരിപ്പാട് പറഞ്ഞത്: 'നമ്മുടെ രാമു അല്ലെ, മത്സരിക്കട്ടെ' എന്നാണ്. 'അന്നത്തെ തിരഞ്ഞെടുപ്പില്‍ രാമു കാര്യാട്ട് മല്‍സരിക്കുകയും ജയിക്കുകയും ചെയ്തു. എങ്കിലും ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ആ തിരഞ്ഞെടുപ്പ് തന്നെ ചാപിള്ളയാകുകയായിരുന്നു.
മണ്‍മറഞ്ഞിട്ട് നാല് പതിറ്റാണ്ട്; രാമു കാര്യാട്ടിനെ ഓര്‍ക്കുമ്പോള്‍

1960 കളില്‍ തന്നെ രാമു കാര്യാട്ട് തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീന്‍ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയുമായി അലച്ചില്‍ തുടങ്ങിയിരുന്നു. ഒരു സിനിമ നിര്‍മാതാവിനെ കിട്ടാനുള്ള അലച്ചിലിനിടയില്‍ രാമൂ കാര്യാട്ടിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ആളാണ് ചെമ്മീന്‍ ബാബു എന്ന ഇസ്മാഈല്‍ സേട്ട് (കണ്‍മണി ബാബു). ചെമ്മീന്‍ സിനിമയുടെ ചിത്രികരണം തുടങ്ങിയ സമയത്ത് ബാബുവിന് പ്രായപൂര്‍ത്തി ആയിരുന്നില്ല. അതു കാരണം കടമ്പകള്‍ ഏറെയായിരുന്നു.

മലയാള സിനിമകളുടെ ചരിത്രാരംഭത്തിലെ പൂര്‍ണ്ണചന്ദ്രന്‍ ഏതാണന്ന ചരിത്രം അന്വേഷിക്കുന്നവരുടെ നിളയില്‍ എന്നും നീരാടുന്ന പൂതിങ്കള്‍ ചെമ്മീന്‍ സിനിമ അല്ലാതെ മറ്റൊന്നായിരിക്കുമോ? എന്തൊ, ആരെന്തു പറഞ്ഞാലും മലയാള സിനിമയുടെ മേല്‍വിലാസം ചെമ്മീന്‍ തന്നെയാണ്. ചെമ്മീന്‍ സിനിമ സുന്ദരമായ ഒരു പുഷ്പമാണ്. ഒരിക്കല്‍ പോലും പുഴുക്കുത്തേല്‍ക്കാത്ത പുഷ്പം. നല്ല കൈപ്പത്തിരിയും നാടന്‍ കോഴിച്ചാറിന്റെ രുചിയുമാണ് ചെമ്മീന്‍ സിനിമയ്ക്ക് എന്ന് പണ്ടാരോ പറഞ്ഞത് ഓര്‍ത്തു പോകുന്നു.

അമേരിക്കന്‍ കമ്പനിയുമായി ചെമ്മീന്‍ സിനിമ നിര്‍മിക്കാന്‍ വേണ്ടി തകഴി ശിവശങ്കരപ്പിള്ള സാറിനെ സമീപിച്ചവരോട് തകഴി സാര്‍ പറഞ്ഞത്: 'ചെമ്മീന്‍ എന്റെ മകളാണ്. അവള്‍ക്ക് പറ്റിയ ഭര്‍ത്താവ് രാമൂ കാര്യാട്ടുമാണ്' എന്നാണ്. ചെമ്മീന്‍ സിനിമയുടെ വരവോട് കൂടി മലയാള സിനിമയെ ഇന്ത്യ മുഴുവനും ലോകവും അറിയപ്പെട്ടു തുടങ്ങി. റഷ്യയില്‍ അന്ന് അറിയപ്പെടുന്ന രണ്ട് ഇന്ത്യന്‍ സിനിമക്കാര്‍, ഹിന്ദി സിനിമ നടന്‍ രാജ് കപൂറും, രാമൂ കാര്യാട്ടുമാണ്.

രാമൂ കാര്യാട്ടിന്റെ മനസ്സ് നിറയെ കവിതകളായിരുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് അഭയം സിനിമ. ആ സിനിമയില്‍ ഗാനങ്ങള്‍ക്ക് പകരം എല്ലാം കവിതകളായിരുന്നു. കുമാരനാശാന്‍, ജി ശങ്കരകുറുപ്പ്, ശ്രീകുമാരന്‍ തമ്പി എന്നിവരുടെ കവിതകള്‍. രമൂ കാര്യാട്ട് പുതുമുഖങ്ങളെ മാത്രം വെച്ച് പരീക്ഷിച്ച ചിത്രങ്ങളാണ് ഏഴു രാത്രികള്‍, ദ്വീപ് എന്നിവ.

രാമൂ കാര്യാട്ട് സിനിമ രംഗത്തേക്ക് കൊണ്ടുവന്നവര്‍ ധാരാളമുണ്ട്. അതില്‍ പ്രതിഭകളാണ് സിനിമ സംവിധായകനായ പി എ ബക്കര്‍ (കബനി നദി ചുവന്നപ്പോള്‍), കെ ജി ജോര്‍ജ്, നടന്‍ മധു, കവിയും ഗാന രചയിതാവുമായ യൂസഫലി കേച്ചേരി (മൂടുപടം), സംഗീത സംവിധായകന്‍ ബാബുരാജ് (മിന്നാമിനുങ്ങ്), നടന്‍ ജോസ് (ദ്വീപ്) തുടങ്ങി ഒരു പാട് പേര്‍.

ഹിന്ദി സിനിമ രംഗത്ത് നിന്നും ഇറക്കുമതി ചെയ്യപ്പെട്ടവരാണ് സംവിധായകനും എഡിറ്ററുമായ ഋഷികേശ് മുഖര്‍ജി, സംഗീത സംവിധായകനായ സലിയില്‍ ചൗധരി, ഗായകര്‍ മന്നാഡെ (മാനസ മൈനെ), ലത മങ്കേഷ്‌കര്‍ (കദളി ചെങ്കദളി), തലത് ഹമൂദ് (കടലേ നീലക്കടലേ), ലോകസിനിമയില്‍ നിന്നും എന്നുതന്നെ പറയാവുന്ന ക്യാമറമാന്‍ മര്‍ക്കസ് ബര്‍ട്ടലി (ചെമ്മീന്‍) എന്നിവര്‍. ചെമ്മീനിലെ കടലിനക്കരെ പോണോരെ എന്ന ഗാനം ലത മങ്കേഷ്‌കര്‍ പടണം എന്നായിരുന്നു കാര്യാട്ടിന്റെ അന്നത്തെ ആഗ്രഹം'. അത് സാധ്യമായത് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം നെല്ല് എന്ന സിനിമയിലൂടെയാണ്.

1978 - 79 കാലത്താണ് ഞാന്‍ രാമൂ കാര്യാട്ടിനെ പരിചയപ്പെടുന്നത്. അന്ന് ഞാന്‍ ദുബൈയിലായിരുന്നു. അബുദാബിയില്‍ അനുപമ ജ്വാല്ലറി ഉദ്ഘാടനം ചെയ്യാന്‍ രാമൂ കാര്യാട്ട് എത്തിയ വിവരം ഞാന്‍ അറിഞ്ഞു ഉടനെ ഞാന്‍ അബൂദാബിയില്‍ ചെന്ന് കാര്യാട്ടിനെ കണ്ട് മനസിലുള്ള ആശയം പറഞ്ഞു: 'പൂണൂല്‍ കാരന്റെ മകള്‍ ചെരിപ്പ് കുത്തിയുടെ മകന്റെ കരവലയത്തില്‍ ഒതുങ്ങുന്നു. മാന്യത്വം കണക്കിലെടുത്ത നാട്ടുപ്രമാണിയായ അച്ഛന്‍ മകളുടെ പ്രവര്‍ത്തിയില്‍ മനംനെന്ത് സ്വയംവെടിവെച്ച് മരിക്കുന്നു. മകള്‍ അച്ഛന്റെ മാറില്‍ കിടന്ന പൂണൂല്‍ പൊട്ടിച്ചെടുത്ത് ഭര്‍ത്താവായി സ്വീകരിച്ച ചെരിപ്പ് കുത്തിയെ കൊണ്ട് ഒരു ചെരിപ്പ് തുന്നിക്കുന്നു. കഥ കേട്ട കാര്യാട്ടിന്റെ മറുപടി: 'കഥ ആദര്‍ശ സുന്ദര മനോഹരമാണ്. ഇതേപോല്‍ സിനിമ എടുത്താല്‍ കേരളത്തില്‍ ഒരു തീയേറ്റര്‍ പോലും കാണില്ല. നാട്ടില്‍ എത്തിയാല്‍ കാണാന്‍ വേണ്ടിയും പറഞ്ഞു. 1979 ജനുവരി ആദ്യം നാട്ടിലെത്തിയ ഞാന്‍ മാതൃഭൂമി പത്രത്തില്‍ കാണുന്ന ആദ്യ പേജ് വാര്‍ത്ത  രാമൂ കാര്യാട്ട് അന്തരിച്ചു എന്നാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Cinema, Film, A Bendichal, About Ramu Kariat, Malayali Indian film director
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia