'സമൂഹമാധ്യമങ്ങളിലൂടെ സഭ്യമല്ലാത്ത ഭാഷയില്‍ പ്രചാരണം നടത്തി അപമാനിച്ചു': നായകളെ കൊന്നൊടുക്കിയതില്‍ പ്രതിഷേധിച്ച അവതാരിക രഞ്ജിനി ഹരിദാസിനും നടന്‍ അക്ഷയ് രാധാകൃഷ്ണനുമെതിരെ നഗരസഭാ അധ്യക്ഷയുടെ പരാതി

 



കൊച്ചി: (www.kvartha.com 30.07.2021) സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്നാരോപിച്ച് രഞ്ജിനി ഹരിദാസിനും നടന്‍ അക്ഷയ് രാധാകൃഷ്ണനുമെതിരെ പരാതിയുമായി തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പന്‍. രഞ്ജിനി ഹരിദാസിനും അഭിനേതാവായ അക്ഷയ് രാധാകൃഷ്ണനും എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. തൃക്കാക്കരയില്‍ നായകളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവത്തില്‍ രഞ്ജിനി ഹരിദാസ് പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് പരാതി. 

പട്ടികജാതിക്കാരിയായ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചെന്നും കാണിച്ചാണ് ചെയര്‍പഴ്‌സന്‍ അജിതാ തങ്കപ്പന്‍ തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയത്. തന്റെ ചിത്രം ദുരുപയോഗം ചെയ്‌തെന്നും സമൂഹമാധ്യമങ്ങളിലൂടെ സഭ്യമല്ലാത്ത ഭാഷയില്‍ പ്രചാരണം നടത്തിയെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ ഇരുവരും പോസ്റ്റു ചെയ്ത ചിത്രത്തിന്റെ സ്‌ക്രീന്‍ഷോട് ഉള്‍പെടെയാണ് പരാതി നല്‍കിയത്. 'പ്രത്യേക താല്‍പര്യത്തോടെയാണ് ഇവരുടെ പ്രവൃത്തി. എന്നെ ഔദ്യോഗിക പദവയില്‍നിന്നു നീക്കാന്‍ ലക്ഷ്യമിട്ടുള്ള കൂട്ടായ ആക്രമണമാണ് നടക്കുന്നത്. സാമൂഹികപ്രവര്‍ത്തക എന്ന നിലയില്‍ തന്റെ സല്‍പേരിനു കളങ്കം വരുത്തുന്നതാണ് ഇരുവരുടെയും നടപടി. അതുകൊണ്ടു തന്നെ പട്ടികജാതി, പട്ടിക വകുപ്പുകാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും നടപടി എടുക്കണം.' പരാതിയില്‍ പറയുന്നു. പരാതിയുടെ പകര്‍പ്പ് അസിസ്റ്റന്റ് കമിഷണര്‍ക്കും കൈമാറി. 

'സമൂഹമാധ്യമങ്ങളിലൂടെ സഭ്യമല്ലാത്ത ഭാഷയില്‍ പ്രചാരണം നടത്തി അപമാനിച്ചു': നായകളെ കൊന്നൊടുക്കിയതില്‍ പ്രതിഷേധിച്ച അവതാരിക രഞ്ജിനി ഹരിദാസിനും നടന്‍ അക്ഷയ് രാധാകൃഷ്ണനുമെതിരെ നഗരസഭാ അധ്യക്ഷയുടെ പരാതി


കഴിഞ്ഞ ദിവസം തൃക്കാക്കര നഗരസഭാ യാര്‍ഡില്‍ 30 നായ്ക്കളുടെ ജഡം കണ്ടെത്തിയിരുന്നു. നഗരസഭാ പരിസരത്ത് നായ്ക്കളെ കൂട്ടമായി കൊന്നുകുഴിച്ചിട്ട സംഭവം പുറത്തുവന്നതിനു പിന്നാലെ രഞ്ജിനി ഹരിദാസ് ഉള്‍പെടെയുള്ള മൃഗസ്നേഹികള്‍ കണ്ണു മൂടിക്കെട്ടി കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. നഗരസഭാ ഓഫിസിനു മുന്നില്‍വെച്ചായിരുന്നു പ്രതിഷേധം. നായ്ക്കളെ കൂട്ടമായി കൊല്ലാന്‍ ഉത്തരവിട്ട നഗരസഭാ അധ്യക്ഷ രാജിവയ്ക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.

സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ നഗരസഭയിലെ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെയാണ് പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇയാള്‍ ഫോണിലൂടെ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് നായകളെ കൂട്ടമായി പിടികൂടി കൊന്നൊടുക്കിയത് എന്നാണ് മൊഴി. 

സംഭവത്തില്‍ തൃക്കാക്കര നഗരസഭ ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടറെ പ്രതി ചേര്‍ത്തു. ഇന്‍ഫോ പാര്‍ക് പൊലീസാണ് ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ സജികുമാറിനെ പ്രതിചേര്‍ത്തത്. എന്നാല്‍ നഗരസഭയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്നും വിഷയത്തില്‍ തനിക്കു പങ്കില്ലെന്നും ചൂണ്ടിക്കാട്ടി ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.
 
Keywords:  News, Kerala, State, Kochi, Animals, Killed, Protesters, Police, Protest, Social Media, Complaint, Actor, Entertainment, Renjini Haridas, Complaint against anchor Ranjini Haridas and actor Akshay Radhakrishnan  ​who react in stray dogs murder
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia