Separation | അങ്ങനെ ആ മനോഹരമായ പ്രണയകഥ അവസാനിക്കുന്നു; ഹോളിവുഡ് താരദമ്പതികളായ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ലെക്കും വേര്‍പിരിയുന്നു
ലോസ് ഏഞ്ചല്‍സ്: (KVARTHA) ഹോളിവുഡ് താരങ്ങളായ ജെന്നിഫര്‍ ലോപ്പസും (Jennifer Lopez - 55) ബെന്‍ അഫ്ളെക്കും (Ben Affleck - 52) രണ്ട് വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിച്ച് വേര്‍പിരിയുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഈ വര്‍ഷം ജൂലൈയില്‍ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ 'ബെന്നിഫര്‍' (Bennifer) എന്ന് വിളിപ്പേരുള്ള ഈ പ്രണയജോഡികള്‍ വിവാഹമോചനം (Divorce) ഫയല്‍ ചെയ്തതായി യുഎസ് മാധ്യമങ്ങള്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ജെന്നിഫര്‍ ലോപ്പസ്, ബെന്‍ അഫ്‌ലെക്കില്‍ നിന്ന് വിവാഹമോചനം നേടുന്നതിനായി ചൊവ്വാഴ്ച ലോസ് ഏഞ്ചല്‍സ് കോടതിയില്‍ വിവാഹമോചന പത്രിക സമര്‍പ്പിച്ചതായി ഹോളിവുഡ് മാധ്യമം വെറൈറ്റിയും സെലിബ്രിറ്റി ഗോസിപ്പ് വെബ്സൈറ്റായ ടിഎംസെഡും പറയുന്നു. അതേസമയം, ഔദ്യോഗിക വിശദീകരണം നല്‍കാന്‍ ജെന്നിഫര്‍ ലോപ്പസിന്റെ ഒരു പ്രതിനിധി വിസമ്മതിച്ചതായും ബെന്‍ അഫ്‌ലെക്കിന്റെ പ്രതിനിധിയും വാര്‍ത്തയോട് പ്രതികരിച്ചില്ലെന്നും എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
2002ല്‍ വിവാഹത്തോളം എത്തിയ ഇരുവരും തമ്മിലുള്ള ബന്ധം പിന്നീട് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് അവരുടെ ബന്ധം ഔദ്യോഗികമാക്കിയത്. 2001ല്‍ 'ഗിഗ്ലി' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ളെക്കും പരിചയപ്പെടുന്നത്. 2002 നവംബറില്‍ വിവാഹനിശ്ചയം നടത്തി. എന്നാല്‍ 2004-ന്റെ തുടക്കത്തില്‍ തങ്ങളുടെ ബന്ധം അവസാനിച്ചതായി ഇവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. വിവാഹം വേണ്ടെന്നവെച്ച ലോപ്പസ് ഇതേ വര്‍ഷം ജൂണില്‍ ഗായകന്‍ മാര്‍ക്ക് ആന്റണിയെ വിവാഹം കഴിക്കുകയും ചെയ്തു. 2008ല്‍ ഈ ദമ്പതികള്‍ക്ക് മാക്‌സ്, എമ്മ എന്നീ ഇരട്ടക്കുട്ടികള്‍ ജനിച്ചു.
2005-ല്‍ ബെന്‍ നടി ജെന്നിഫര്‍ ഗാര്‍ണറെ വിവാഹം കഴിച്ചു. 2017-ല്‍ ഇരുവരും വിവാഹമോചിതരായി. 2021 മെയ് മാസത്തിലാണ് ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കും വീണ്ടും ഒന്നിക്കുന്നത്. 2022 ജൂലൈ മാസത്തിലായിരുന്നു വിവാഹം. തെക്കുകിഴക്കന്‍ യുഎസിലെ ജോര്‍ജിയയിലെ ജെന്നിഫറിന്റെ 87 ഏക്കര്‍ എസ്റ്റേറ്റില്‍ നടന്ന ആഡംബര ചടങ്ങിലായിരുന്നു വിവാഹം. അന്ന് മൂന്ന് ദിവസം നീണ്ടു നിന്ന വിവാഹ ചടങ്ങുകളില്‍ പ്രമുഖ ഹോളിവുഡ് താരങ്ങള്‍ പങ്കെടുത്തിരുന്നു.
ഇവരുടെ വിവാഹമോചന പേപ്പറുകള്‍ ഫയല്‍ ചെയ്ത തീയതി 2024 ഏപ്രില്‍ 26 ആയി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസം ലോപ്പസ് തന്റെ 55-ാം ജന്മദിനം ഭര്‍ത്താവില്ലാതെ ആഘോഷിച്ചതും ശ്രദ്ധേയമായിരുന്നു. ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ലെക്കും പിരിഞ്ഞ് താമസമാണെന്നും ഇവരുടെ വീട് വിറ്റെന്നുമുള്ള വാര്‍ത്തകയും പുറത്തുവന്നിരുന്നു.
#JenniferLopez #BenAffleck #Bennifer #Divorce #Hollywood #Celebrity