പ്രതികളുടെ പ്രവൃത്തി സംസ്‌കാരമില്ലാത്തത്, കായികബലം കൊണ്ട് നിയമത്തെ നേരിടാന്‍ കഴിയില്ല; വിജയ് പി നായരെ കൈകാര്യം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
Oct 9, 2020, 14:36 IST
തിരുവനന്തപുരം: (www.kvartha.com 09.10.2020) സ്ത്രീകള്‍ക്കെതിരെ യൂട്യൂബില്‍ അശ്ലീലവും അപകീര്‍ത്തിപരവുമായ വീഡിയോകള്‍ പോസ്റ്റ് ചെയ്ത വിജയ് പി നായരെ കൈകാര്യം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് വെള്ളിയാഴ്ച കോടതി തള്ളിയത്.
ജാമ്യാപേക്ഷ രണ്ടുദിവസം മുന്‍പ് പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. മാത്രമല്ല ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കാന്‍ സമൂഹത്തിന് പ്രചോദനമാകുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കണക്കിലെടുത്താണ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയത്.
ഈ വാദമാണ് കോടതി അംഗീകരിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ്. നിലവില്‍ ഇതുവരെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും കോടതിയുടെ രൂക്ഷ വിമര്‍ശവുമുണ്ടായി. കായികബലം കൊണ്ട് നിയമത്തെ നേരിടാന്‍ കഴിയില്ല. ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ബാധ്യതയില്‍ നിന്ന് കോടതിക്ക് പിന്മാറാനാവില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു
മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കൈയേറ്റം ചെയ്യല്‍, മോഷണം തുടങ്ങി അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്.
കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരുന്നത് ചൂണ്ടിക്കാട്ടിയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കാതിരുന്നത്. നിലവില്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ ഇവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാനാകും. എന്നാല്‍ അതുവരെ പോലീസ് കാത്തിരിക്കുമോയെന്നാണ് അറിയേണ്ടത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.