* അമ്മയിൽ ദിലീപിന്റെ സ്വാധീനം വളരെ കൂടുതലായിരുന്നു.
അർണവ് അനിത
(KVARTHA) ദിലീപ് സൂപ്പര്‍ താരമായ ശേഷം മലയാളസിനിമയുടെ എല്ലാ നിയന്ത്രണവും ഏറ്റെടുത്തു, മമ്മൂട്ടിയും മോഹന്‍ലാലും അടക്കം അതിന് ഒത്താശ ചെയ്ത് കൊടുത്തു, അതുകൊണ്ടാണ് ഫെഫ്ക എന്ന സംഘടന ഉണ്ടായതെന്ന് സംവിധായകന്‍ വിനയന്‍ പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്. ദിലീപിനൊപ്പം മറ്റുള്ളവര്‍ നില്‍ക്കാന്‍ വ്യക്തമായ കാരണവുമുണ്ടായിരുന്നു. അന്നുവരെ സിനിമയില്‍ അഭിനയിക്കുന്നവരാരും നിര്‍മാതാക്കളുമായി കരാര്‍ ഒപ്പിട്ടിരുന്നില്ല, അതില്ലാതെയാണ് ലക്ഷങ്ങള്‍ അഡ്വാന്‍സും പ്രതിഫലവും കൈപ്പറ്റിയിരുന്നത്.
അതുകൊണ്ട് ഇക്കാര്യത്തില്‍ മാറ്റംവരണമെന്ന് നിര്‍മാതാക്കളുല്‍ പലരും ഫിലിം ചേമ്പറും മാക്ട ഫെഡറേഷന്‍ സെക്രട്ടറി വിനയനോടും പ്രസിഡന്റ് ഹരിഹരനോടും അഭ്യര്‍ത്ഥിച്ചു. അങ്ങനെ എഗ്രിമെന്റ് വയ്ക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ളവര്‍ സമ്മതിച്ചില്ല. ഫിലിം ചേമ്പര്‍, മാക്ട എന്നിവരോട് അടുക്കാതെ താരങ്ങള്‍ അമേരിക്കയില്‍ ഷോ നടത്താന്‍ തീരുമാനിച്ചു. ഈ സമയം കരാറില്‍ ഒപ്പിട്ട് സിനിമ ചെയ്യാന്‍ പൃഥ്വിരാജ് തയ്യാറായി. തിലകനും ലാലുഅലക്‌സും അതിനെ പിന്തുണച്ചു. അങ്ങനെയാണ് സത്യം എന്ന സിനിമ 2004ല്‍ ഉണ്ടായത്.
പിന്നീട് ആ കരാറില്‍ ചെറിയ മാറ്റം വരുത്തി. അതില്‍ ഒപ്പിട്ടാണ് മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ളവര്‍ ഇന്നും അഭിനയിക്കുന്നത്. കല്യാണസൗഗന്ധികം പോലുള്ള നിരവധി ചിത്രങ്ങളില്‍ വിനയന്‍ ദിലീപിനെയാണ് നായകനാക്കിയത്. എന്നാല്‍ ദിലീപ് എഗ്രിമെന്റ് ലംഘിച്ചതോടെ മാക്ട നടപടിക്കൊരുങ്ങി. അങ്ങനെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അനുവാദത്തോടെ ദിലീപും സംവിധായകന്‍ രഞ്ജിത്, ഗണേഷ്‌കുമാര്‍, മുകേഷ്, സിദ്ധിഖ്, നിര്‍മാതാവ് സുരേഷ് കുമാര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഫെഫ്ക ഉണ്ടാക്കുകയും ബി. ഉണ്ണികൃഷ്ണനെ അതിന്റെ തലപ്പത്തേക്ക് കൊണ്ടുവരുകയും ചെയ്തു.
വിനയനെ വിലക്കാന്‍ ഫെഫ്ക തീരുമാനിക്കുകയും ചെയ്തു. താരമാകുന്നതിന് മുമ്പ് പത്തിലധികം ദിലീപിനെ വെച്ച് പത്തോളം സിനിമ ചെയ്തയാളാണ് വിനയന്‍. അങ്ങനെയുള്ള ആളെ പോലും വിലക്കി വീട്ടിലിരുത്തിയ ദിലീപിന്റെ വൈരാഗ്യം എത്രത്തോളമാണെന്ന് ഊഹിക്കാവുന്നതിനും അപ്പുറമാണ്. വ്യക്തിജീവിതത്തില്‍ ദിലീപിനുണ്ടായ നഷ്ടങ്ങള്‍ക്ക് കാരണവും ഈ പകയാണ്. എല്ലാം വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടെ കൂടെ നിന്നവരെയും സഹായിച്ചവരെയും ദിലീപ് മറന്നുവെന്നാണ് ആക്ഷേപം. അവസാനം അഴിക്കുള്ളില്‍ കിടക്കേണ്ട അവസ്ഥയുണ്ടായി, എന്നിട്ടും പഠിച്ചിട്ടില്ലെന്നാണ് സിനിമയിലുള്ള പലരും പറയുന്നത്.
മഞ്ജുവാര്യര്‍ രണ്ടാമത് അഭിനയിക്കാന്‍ തുടങ്ങിയതിനെ ദിലീപ് ശക്തമായി എതിര്‍ക്കുകയും അവസരങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തുവെന്നും ആരോപണമുണ്ട്. മഞ്ജുവും കുഞ്ചാക്കോ ബോബനും ജോഡികളായ ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ നിന്ന് പിന്‍മാറണമെന്ന് ദിലീപ് ഭീഷണിപ്പെടുത്തിയെന്ന് കുഞ്ചാക്കോ ബോബന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ദിലീപ് തന്റെ അവസരങ്ങള്‍ പലതവണ ഇല്ലാതാക്കിയെന്ന് ഭാവന അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബുവിന് പലതവണ പരാതി നല്‍കിയിരുന്നെങ്കിലും അതിലൊന്നും സംഘടന ഇടപെട്ടില്ല.
എതിര്‍ക്കുന്ന അഭിനേതാക്കള്‍, എഴുത്തുകാര്‍, സംവിധായകര്‍, മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരുടെയെല്ലാം അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയെന്നാണ് വിമർശനം. ചില സംവിധായകരും നിര്‍മാതാക്കളും നടന്മാരും എല്ലാം ദിലീപിന്റെ താവളത്തില്‍ ശക്തമായി നിലയുറച്ചു. ഇവരെയാണ് പവര്‍ഗ്രൂപ്പ് എന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. പവര്‍ ഗ്രൂപ്പിലുള്ള എല്ലാവരെയും കാലം പല രീതിയില്‍ ശിക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
രഞ്ജിത്, സിദ്ധിഖ്, മുകേഷ്, ഇടവേള ബാബു അടക്കമുള്ളവര്‍ക്കെതിരെ ഗുരുതരമായ കേസുകളാണുള്ളത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും നാണക്കേട് കൊണ്ട് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണുള്ളത്. അമ്മ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കും മുമ്പ് മാധ്യമങ്ങളെ നേരില്‍ക്കണ്ട്, പൊതുസമൂഹത്തോട് കാര്യങ്ങള്‍ വിശദമാക്കാന്‍ പോലും മോഹന്‍ലാലിന് കഴിഞ്ഞില്ല. ഗണേഷ് കുമാറിന് വേണ്ടി ജഗദീഷിനെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്താനും മോഹന്‍ലാലും മുകേഷും അടക്കമുള്ളവര്‍ ശ്രമിച്ചിരുന്നു.
എങ്ങനെ നല്ല സിനിമ നിര്‍മിക്കാം എന്നല്ല തങ്ങളുടെ സംഘത്തിന് എങ്ങനെ സിനിമയില്‍ അടക്കിവാഴാം എന്ന് മാത്രമാണ് ദിലീപും സംഘവും നോക്കിയതെന്നും ഇതിന് മലയാളത്തിലെ പല ചാനലുകളുടെയും ഒത്താശയുണ്ടായിരുന്നുവെന്നും അണിയറ പ്രവർത്തകർ പറയുന്നു. നിലവാരമില്ലാത്ത താര ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശം വന്‍കുത കൊടുത്ത് കൈക്കലാക്കാന്‍ ചാനലുകള്‍ മത്സരിക്കുകയായിരുന്നു. അതിലും സിനിമകള്‍ വിദേശത്ത് വിതരണം ചെയ്യുന്നതിലും ദിലീപ് ഇടപെട്ടു. മാത്രമല്ല, മറ്റ് താരങ്ങളുടെ അടക്കം ചിത്രങ്ങളുടെ റിലീസുകളും നിയന്ത്രിച്ചു. തിയേറ്റര്‍ ഉടമകളുടെ സംഘടന പൊളിച്ച്, അതിന്റെ തലപ്പത്ത് നിന്ന് ലിബര്‍ട്ടി ബഷീറിനെ മാറ്റി പുതിയ സംഘടനയും ഉണ്ടാക്കി. അതാണ് ഫിയോക്, മോഹന്‍ലാലിന്റെ മാനേജര്‍ ആന്റണി പെരുമ്പാവൂരാണ് അതിന്റെ മറ്റൊരു സാരഥി.
ഇത്തരത്തില്‍ എല്ലാവരെയും ചവിട്ടിമെതിച്ച് മുന്നോട്ട് പോകുന്നതിനിടെയാണ് കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവം ഉണ്ടായത്. നടിയും ദിലീപും തമ്മിലുള്ള വഴക്ക് സിനിമ മേഖലയില്‍ പരസ്യമായ രഹസ്യമായിരുന്നു. നടിയെ പച്ചയ്ക്ക് കത്തിക്കുമെന്ന് ദിലീപ് ഭീഷണിമുഴക്കിയിരുന്നതായി നടി ഭാവന പൊലീസിന് മൊഴി നല്‍കിയരുന്നു. എന്നാല്‍ കോടതിയിലത് മാറ്റിപ്പറഞ്ഞു. ഇത് ദീലിപിന്റെ സ്വാധീനം കൊണ്ടാണെന്ന ആരോപണം ശക്തമാണ്. ഭാവന മാത്രമല്ല, സിദ്ധിഖ്, ഇടവേളബാബു, ബിന്ദുപണിക്കര്‍ തുടങ്ങി പലരും മൊഴിമാറ്റിയിട്ടുണ്ട്. ഇതിന്റെ പകര്‍പ്പുകള്‍ പുറത്തുവരുകയും ചെയ്തു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലിലായ ശേഷമാണ് സിനിമയുടെ നിയന്ത്രണം ദിലീപിന്റെ കയ്യില്‍ നിന്ന് പോകുന്നത്. എങ്കിലും ഒപ്പമുള്ളവരായിരുന്നു ചരട് വലിച്ചിരുന്നത്. അതും പൊട്ടിതകര്‍ന്ന് വീണിരിക്കുകയാണിപ്പോള്‍. അതിന് വഴിവെച്ചത് ദിലീപിനെതിരെയുള്ള കേസാണ്.
#Dileep #MalayalamCinema #AMMA #Controversy #PowerStruggle #ActressAssaultCase