Empuraan | രാഷ്ട്രീയ വിവാദങ്ങൾക്ക് തീ കൊളുത്തി എമ്പുരാൻ; തീയേറ്ററികളിൽ സമ്മിശ്ര പ്രതികരണം; സിനിമ പറയുന്നത് എന്ത്?

 
Empuraan Ignites Political Controversy; Mixed Response in Theaters; What is the Movie About?
Empuraan Ignites Political Controversy; Mixed Response in Theaters; What is the Movie About?

Photo Credit: Facebook/ Mollywood Editors Gallery

● ഗുജറാത്ത് കലാപം മാത്രം കാണിച്ചതിൽ വിമർശനം. 
● സംഘപരിവാർ അനുകൂലികളുടെ ബഹിഷ്കരണ ആഹ്വാനം. 
● സിനിമയുടെ രാഷ്ട്രീയം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. 
● മേക്കിംഗിലും താരനിരയിലും മികച്ച പ്രതികരണങ്ങൾ. 
● ആദ്യ പകുതി മികച്ചതെങ്കിലും രണ്ടാം പകുതിക്ക് സമ്മിശ്ര പ്രതികരണം.

ഭാമനാവത്ത്

കണ്ണൂർ: (KVARTHA) മലയാള സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് എമ്പുരാന്‍. ചിത്രത്തിന്‍റെ മേക്കിങ്ങിനും വൻ താരനിരയ്ക്കും പുറമെ സിനിമയിലെ രാഷ്ട്രീയ പശ്ചാത്തലമാണ് ഇപ്പോള്‍ ചിത്രം ആഗോള തലത്തിൽ വിവാദമായിരിക്കുന്നത്. ഗോദ്ര ട്രെയിൻ തീവയ്പ്പിൽ കർസേവകർ കൊല്ലപ്പെട്ടത് പറയാതെ ഗുജറാത്ത് കലാപം മാത്രം ചിത്രീകരിച്ചുവെന്നാണ് ചിത്രത്തിനെതിരെയുള്ള സംഘപരിവാർ അനുകൂലികളുടെ വിമർശനം. ചിത്രം ബഹിഷ്കരിക്കുന്നതിനായി പരിവാർ സംഘടനകൾ മുംബൈയിൽ ഉൾപ്പെടെ ഹേറ്റ് ക്യാംപയിനും തുടങ്ങിയിട്ടുണ്ട്.

എമ്പുരാന്‍ തീയേറ്ററില്‍ എത്തിയപ്പോള്‍ ഒരു സിനിമയെന്നതിലുപരി ദേശീയ രാഷ്ട്രീയവും ചർച്ചയായി മാറിയിരിക്കുകയാണ്. ലൂസിഫറിന്‍റെ രണ്ടാം ഭാഗം, മേക്കിങ്ങിലും ഡയറക്ഷനിലും ഹോളിവുഡിനോട് കിടപിടിക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തുന്നത്.
ഹോളിവുഡിൽ നിന്നുൾപ്പെടെ താരനിരകളാല്‍ സമ്പന്നം, ഇതായിരുന്നു ഇന്നലെവെരെ സിനിമാ അസ്വാദകര്‍ക്ക് എമ്പുരാന്‍‍. എന്നാല്‍ എമ്പുരാന്‍ വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ കാ‍ഴ്ചപ്പാടുകള്‍ മാറുകയാണ്. 

വിനോദോപാധി എന്നതില്‍ നിന്നു മാറി അതിനു രാഷ്ട്രീയമാനം കൂടി കൈവന്നിരിക്കുന്നു.
സംഘപരിവാരിന്‍റെ യഥാര്‍ത്ഥ മുഖം ലോകത്തിന് മുന്നില്‍ തുറന്നുകാണിച്ചാണ് എമ്പുരാന്‍റെ വരവെന്നാണ് സോഷ്യൽ മീഡിയയിൽ ഇടതു അനുകൂലികൾ പറയുന്നത്. സിനിമ ഉള്‍പ്പടെയുള്ള സകലമേഖലയും തങ്ങളുടെ വരുതിയിലാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കു‍മ്പോഴാണ് ഒരു പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിച്ച്, അതില്‍ തന്നെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ രാഷ്ട്രീയ – വര്‍ഗീയ അജണ്ടകളെ തുറന്നു കാട്ടുവാന്‍ എമ്പുരാന്‍ ധൈര്യം കാട്ടിയതെന്ന് ബിനീഷ് കോടിയേരി ഉൾപ്പെടെയുള്ളവർ പുകഴ്ത്തുന്നു. 

എമ്പുരാന്‍ എന്ന സിനിമയുടെ മേക്കിങ്ങിനപ്പുറത്ത് സംഘപരിവാര്‍ രാഷ്ട്രീയം തുറന്നുകാട്ടിയ ചങ്കുറപ്പിന് സാമൂഹ്യമ മാധ്യമങ്ങളിൽ ഇടതു കേന്ദ്രങ്ങൾ പുകഴ്ത്തുകയാണ്.
സിനിമയ്ക്കെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കൂട്ടക്കരച്ചില്‍ തുടങ്ങിയെന്നും ചിലര്‍ പ്രതികരിക്കുന്നു. വര്‍ത്തമാന ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയവും ഗുജറാത്ത് വംശഹത്യയും തുറന്നുകാണിക്കാന്‍ മുരളീഗോപി കാണിച്ച അസാമാന്യ ധൈര്യവും പ്രിഥ്വിരാജ് എന്ന സംവിധായകന്‍റെ ആര്‍ജവവും ശക്തമായി ഒപ്പം നിന്ന മോഹന്‍ലാലിന്‍റെയും ആന്‍റണി പെരുമ്പാവൂരിന്‍റേയും തന്‍റേടവും സംഘപരിവാറിന് വലിയ തിരിച്ചടിയാണ് നല്‍കിയതെന്നും പലരും സോഷ്യല്‍മീഡിയയില്‍ കുറിക്കുന്നു. 

സിനിമയുടെ വിപണി സാധ്യതകളെ ലക്ഷ്യം വെക്കുന്ന പാന്‍ ഇന്ത്യന്‍ സിനിമയിലൊന്നും ആരും പറയാന്‍ ധൈര്യപ്പെടാത്ത സംഘപരിവാര്‍ വിമര്‍ശനങ്ങള്‍ ആര്‍ജ്ജവത്തോടെ എമ്പുരാന്‍ നടത്തുന്നുവെന്നാണ് ഇടതു സൈബർ കേന്ദ്രങ്ങളുടെ അവകാശവാദം. ഗുജറാത്ത് വംശഹത്യക്ക് കാരണക്കാരയവര്‍ കേന്ദ്രം ഭരിക്കുന്നുവെന്നത് ചരിത്രത്താളുകളില്‍ മായ്ക്കാന്‍ പറ്റാത്ത കറുത്ത ഏടായി മാറുമ്പോള്‍ പ‍ഴയതെല്ലാം എമ്പുരാനിലൂടെ ലോകം വീണ്ടും ചര്‍ച്ച ചെയ്യുകയാണെന്ന് ഇടതു ബുദ്ധിജീവികൾ ചൂണ്ടികാണിക്കുന്നു. എമ്പുരാനെ സംഘപരിവാര്‍ ഭയക്കുന്നു എന്നതാണ് സത്യം. സിനിമ തകര്‍ക്കാന്‍ പലഭാഗത്തും ഹേറ്റ് ക്യാംപയിൻ നടത്തുന്നെങ്കിലും എമ്പുരാന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍വെച്ച ചരിത്ര സത്യത്തെ ഇല്ലാതാക്കാന്‍ ഒരു സംഘപരിവാര്‍ ശക്തിക്കും ആകില്ലെന്നാണ് ഇവരുടെ സാമൂഹ്യമാധ്യമങ്ങളുടെ വിലയിരുത്തല്‍. 

എന്നാൽ പൃഥിരാജ് സംവിധായകനെന്ന നിലയിൽ കേരളം ഭരിക്കുന്ന സി.പി.എമ്മിനെ ഇകഴ്ത്തിയെന്ന ആരോപണവും പങ്കുവയ്ക്കുന്നു. സി.പി.എമ്മിനും ബി.ജെ.പിക്കും വിമർശനവും യു.ഡി.എഫിന് തലോടലുമാണ് എമ്പുരാൻ മുൻപോട്ടു വയ്ക്കുന്ന രാഷ്ട്രീയമെന്ന വിമർശനം ശക്തമാണ്. ഒരു സിനിമയെന്ന നിലയിൽ എമ്പുരാൻ പ്രതീക്ഷിക്കൊത്ത് ഉയർന്നിട്ടില്ലെന്നാണ് ചലച്ചിത്ര നിരൂപകനായ അശ്വന്ത് കോക്ക് ചുണ്ടികാണിക്കുന്നത്. പടത്തിൻ്റെ ആദ്യ പകുതി ത്രസിപ്പിക്കുന്നതാണെങ്കിലും രണ്ടാം പകുതി നിരാശജനകമാണെന്നാണ് വിലയിരുത്തൽ. ചിത്രം തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞ് അബ്രാം ഖുറേഷിയായ മോഹൻലാൽ സ്ക്രീനിൽ മുഴുനീളെ സാന്നിദ്ധ്യമറിയിക്കുന്നത് തിരിച്ചടിയായെന്നാണ് വിമർശനം.

ലൂസിഫര്‍ എന്ന 2019 ല്‍ ഇറങ്ങിയ ചിത്രത്തിന്‍റെ സീക്വലായി തന്നെയാണ് എമ്പുരാന്‍ പുരോഗമിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയത്തില്‍ ബിമല്‍ നായര്‍ ഇല്ലാതായതിനെ തുടര്‍ന്ന് ജെതിന്‍ രാം ദാസിന്‍റെ ഭരണമാണ്  നടക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ അഞ്ച് കൊല്ലം പിന്നിടുന്ന ജെതിന്‍ എന്നാല്‍ പിതാവിന്‍റെ വഴിയില്‍ നിന്നും ഒരു മാറ്റം നടത്താന്‍ ഒരുങ്ങുന്നു. സഹോദരി പ്രിയദര്‍ശനിക്ക് അടക്കം ഇതിനോട് എതിര്‍പ്പുണ്ട്. ജെതിനെ വാഴിച്ച ശേഷം കേരളം വിട്ട സ്റ്റീഫന്‍ നെടുമ്പള്ളി തിരിച്ചെത്തണം എന്ന് അവര്‍ എല്ലാവരും ആഗ്രഹിക്കുന്നു. 
എന്നാല്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷനായ സ്റ്റീഫന്‍ നെടുമ്പള്ളി എന്നാല്‍ അബ്രാം ഖുറേഷി എന്ന അധോലോക നായകനായി ആഗോളതലത്തില്‍ എന്ത് ചെയ്യുന്നു എന്നതും മറ്റൊരു തലത്തില്‍ അഖ്യാനം ചെയ്യപ്പെടുന്നുണ്ട്. 

ഇത്തരത്തില്‍ ലൂസിഫറില്‍ കണ്ട രീതിയില്‍ തന്നെ കഥാപാത്ര ബാഹുല്യവും, ലെയറുകളും ഉള്ള ഒരു മുരളി ഗോപി തിരക്കഥയ്ക്ക് മുകളില്‍ തന്നെ പൃഥ്വിരാജ് തന്‍റെ മേയ്ക്കിംഗ് ക്രാഫ്റ്റ് കാണിക്കുന്നത്. നേരത്തെ പ്രമോഷനില്‍ പറഞ്ഞ വാക്കുകള്‍ വെറും വാക്ക് അല്ലെന്ന് തെളിയിക്കുന്ന രീതിയില്‍ പല സീനുകളിലും ചിത്രത്തിന്‍റെ ബജറ്റിനോട് നീതി പുലര്‍ത്തുന്ന 'റിച്ചിനസ്' കാണാന്‍ കഴിയും. പ്രത്യേകിച്ച് മോഹന്‍ലാലിന്‍റെ ഇന്‍ട്രോ രംഗത്തില്‍ അടക്കം. 

രണ്ടാം പകുതിയുടെ വീര്യം കൂട്ടാന്‍ എന്ന നിലയിലുള്ള ഒരു രംഗ സജ്ജീകരണമാണ് ചിത്രത്തിന്‍റെ ആദ്യപകുതിയെന്ന് പറയാം. അതേ സമയം കഥാപാത്രങ്ങളെ കൂടുതല്‍ പരിചയപ്പെടുത്തി കഥയിലേക്ക് എത്തുന്ന രീതിയും സംവിധായകന്‍ എമ്പുരാനിലും ഉപേക്ഷിക്കുന്നില്ല. 

മോഹന്‍ലാല്‍ ഷോ എന്ന് പറയാവുന്ന മാസ് രംഗങ്ങള്‍ ചിത്രത്തില്‍ ഏറെയുണ്ട്. അതില്‍ പ്രത്യേകിച്ച് ഇടവേളയ്ക്ക് ശേഷം നെടുമ്പള്ളി കാട്ടില്‍ നടക്കുന്ന രംഗം ശരിക്കും ഗംഭീരമാണ്. ഒപ്പം തന്നെ മോഹന്‍ലാല്‍ ഇല്ലാത്ത  മഞ്ജു വാര്യര്‍ പ്രധാന വേഷത്തില്‍ എത്തുന്ന രംഗവും വന്‍ കൈയ്യടിയാണ് തീയറ്ററില്‍ ഉണ്ടാക്കുന്നത്. പതിവ് രീതിയില്‍ നായകന്‍റെ സ്ക്രീന്‍ ടൈമിന് അപ്പുറം നായകന്‍റെ ഫീല്‍ ഒരോ രംഗത്തിലും ഉണ്ടാക്കാന്‍ എമ്പുരാനും വിജയിക്കുന്നു.
സാങ്കേതികമായും ചിത്രം മികച്ച അനുഭവം തന്നെയാണ് സുജിത്ത് വാസുദേവിന്‍റെ ഛായാഗ്രഹണം, ദീപക് ദേവിന്‍റെ സംഗീതം, മോഹന്‍ദാസിന്‍റെ കലാ സംവിധാനം, അഖിലേഷ് മോഹന്‍റെ എഡിറ്റിംഗ് എല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നുണ്ട്. 

മലയാള സിനിമയില്‍ തീയറ്ററുകളില്‍ ഉത്സവം തീര്‍ക്കുന്ന അനുഭവമാണ് മോഹന്‍ലാലിന്‍റെ ബിഗ് ബഡ്ജറ്റ് സിനിമ തീയേറ്ററുകളിൽ സൃഷ്ടിച്ചത്. ആദ്യ ദിനം തന്നെ 50 കോടിയും സിനിമ റിലീസ് ചെയ്യുന്നതിത് മുൻപ് 58 കോടിയും കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട് ' 200 കോടിയിലധികം ചെലവ് വരുന്ന എമ്പുരാൻ മഹാദുരന്തമാവുമോയെന്നത് വരും നാളുകളിൽ വ്യക്തമാവും.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.  

Mohanlal's Empuraan has ignited political debates due to its portrayal of the Gujarat riots, omitting the Godhra incident, leading to criticism and boycott calls from Sangh Parivar supporters. While praised for its making and star cast, the film's political undertones, perceived by some as critical of right-wing politics and by others as subtly targeting the left, have become a major talking point. The storyline continues from Lucifer, focusing on political power in Kerala and the global activities of Abram Qureshi.

Hashtags in English for Social Shares: #Empuraan #PoliticalControversy #GujarathRiots #SanghParivar #MovieReview #Mohanlal

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia