25 വർഷങ്ങൾക്ക് മുമ്പ് മോഷണം പോയ പിതാവിന്റെ പ്രിയപ്പെട്ട ബൈക് തേടി മകൻ അലഞ്ഞത് 15 വർഷം; ഒടുവിൽ സ്വപ്‌നസാക്ഷാത്കാരം; വേറിട്ടൊരു സ്നേഹത്തിന്റെ കഥ

 


ബെംഗ്ളുറു: (www.kvartha.com 01.02.2022) 25 വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ടുപോയ അമൂല്യമായ വസ്തുവിനെ പിതാവിന് കണ്ടെത്തി നൽകി യുവാവിന്റെ വേറിട്ട സ്നേഹ സമ്മാനം. റിടയേർഡ് ബാങ്ക് ഉദ്യോഗസ്ഥനായ എൻ ശ്രീനിവാസന്റെ പ്രിയപ്പെട്ട റോയൽ എൻഫീൽഡ് മോടോർ ബൈക് ബെംഗ്ളുറു നഗരത്തിൽ നിന്ന് 25 വർഷങ്ങൾക്ക് മുമ്പ് മോഷണം പോയിരുന്നു.
                          
25 വർഷങ്ങൾക്ക് മുമ്പ് മോഷണം പോയ പിതാവിന്റെ പ്രിയപ്പെട്ട ബൈക് തേടി മകൻ അലഞ്ഞത് 15 വർഷം; ഒടുവിൽ സ്വപ്‌നസാക്ഷാത്കാരം; വേറിട്ടൊരു സ്നേഹത്തിന്റെ കഥ
           
ബൈക് എന്നെങ്കിലും കിട്ടുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. എന്നാൽ സോഫ്‌റ്റ്‌വെയർ എൻജിനീയർ കൂടിയായ മകൻ അരുണിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ അതെല്ലാം വഴിമാറി. മോഷണം പോയ ബൈക് ഹെബ്ബാളിലെ വീടിന് മുന്നിൽ നിർത്തിയിട്ടിരിക്കുന്നത് കണ്ടപ്പോൾ ശ്രീനിവാസന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഈ സുന്ദര നിമിഷത്തിനായി അരുൺ ചെലവഴിച്ചതാകട്ടെ 15 വർഷവും.

ഇപ്പോൾ 75 വയസുള്ള ശ്രീനിവാസൻ, റോയൽ എൻഫീൽഡ് മോടോർ ബൈക് 1971-ൽ വാങ്ങിയതാണ്. 1996-ൽ അത് മോഷ്ടിക്കപ്പെട്ടു. ഒരുപാട് തിരക്കിയെങ്കിലും എവിടെയും കണ്ടെത്താനായില്ല. ഒടുവിൽ അരുൺ, 1972ൽ എടുത്ത ബൈകിന്റെ ബ്ലാക് ആൻഡ് വൈറ്റ് ഫോടോ ഉപയോഗിച്ച് ബൈക് തിരയാൻ തുടങ്ങി. വാഹനത്തിന്റെ റെജിസ്‌ട്രേഷൻ നമ്പർ എംവൈഎച് 1731 ആയിരുന്നു.

കർണാടകയിലെ ഒട്ടുമിക്ക ജില്ലകളിലെയും വിവിധ ഗാരേജുകളിൽ അരുൺ തിരച്ചിൽ നടത്തി. റീജ്യനൽ ട്രാൻസ്‌പോർട് ഓഫീസുകളിലും കയറിയിറങ്ങി. 2021-ൽ റെജിസ്റ്റർ ചെയ്ത ബൈകുകളുടെ വിശദാംശങ്ങൾ കൂട്ടിച്ചേർത്താണ് താൻ ബൈകിനായി തിരച്ചിൽ ആരംഭിച്ചതെന്ന് അരുൺ പറഞ്ഞു. അതിനിടെ ഈ ബൈകിന്റെ പേരിൽ ഒരു ഇൻഷുറൻസ് പോളിസി കണ്ടതായി അദ്ദേഹം പറഞ്ഞു.

അതിന്റെ പുറത്ത് നിലവിലെ ഉടമയെ അന്വേഷിച്ച് പോയി. നരസിപുരയിലെ ഒരു കർഷകന്റെ കൈവശമാണ് ബൈക് കണ്ടെത്തിയത്. കർഷകനോട് സംഭവം വിവരിച്ചു. താൻ ഇത് ഒരു പ്രാദേശിക ഓടോ മൊബൈൽ ഡീലറിൽ നിന്ന് വാങ്ങിയതാണെന്ന് അയാൾ പറഞ്ഞു. മോഷ്ടിച്ചതും കണ്ടെടുത്തതുമായ വാഹനങ്ങൾക്കായി പൊലീസ് സംഘടിപ്പിച്ച ലേലത്തിലാണ് തനിക്ക് ബൈക് ലഭിച്ചതെന്ന് ഡീലർ പറഞ്ഞു.

ബൈക് വിൽക്കാൻ കർഷകൻ സന്നദ്ധത പ്രകടിപ്പിക്കുകയും അരുൺ വാങ്ങുകയും ചെയ്തു. യുവാവ് അത് നന്നാക്കി അച്ഛന് തിരിച്ചു കൊടുത്തു. വളരെക്കാലമായി നഷ്ടപ്പെട്ട സുഹൃത്തിനെ വീണ്ടും കണ്ടുമുട്ടിയപ്പോൾ ശ്രീനിവാസനും അതിയായ സന്തോഷം. മകന്റെ സ്നേഹത്തിന് മുന്നിൽ, ആ കണ്ണുകൾ ഈറനണിഞ്ഞു.


Keywords:  News, Karnataka, Bangalore, Top-Headlines, Engineers, Father, Bike, Entertainment, Robbery, Investigates, Engineer finds his father's bike stolen 25 years ago.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia