Suresh Gopi | സുരേഷ് ഗോപി മനസിൽ പതിഞ്ഞ കാലഘട്ടം മുതൽ സൂപ്പർസ്റ്റാർ ആകുന്നതുവരെ; സിനിമ ജീവിതം ഓർത്തെടുത്ത് ആരാധകൻ
1989ൽ റിലീസ് ചെയ്ത ഒരു വടക്കൻ വീരഗാഥയിൽ നായകനായ മമ്മൂട്ടിയുടെ ചന്തു ചേകവർക്കൊപ്പം തലയെടുപ്പോടെ നിൽക്കുന്ന ആരോമൽ ചേകവരായി സുരേഷ് ഗോപി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്
(KVARTHA) കേന്ദ്ര സഹമന്ത്രിയും മലയാളത്തിലെ സൂപ്പർസ്റ്റാറുമായ സുരേഷ് ഗോപിയുടെ പിറന്നാൾ ആണ് ബുധനാഴ്ച. രാഷ്ട്രീയക്കാരനും സിനിമാക്കാരനും എന്നതിലുപരി സുരേഷ് ഗോപി ഒരു നന്മയുള്ള ഒരു നല്ല മനസിൻ്റെ കൂടെ ഉടമയാണെന്ന് കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ചിന്തിക്കുന്നു. അത് തന്നെയാണ് അദ്ദേഹത്തിന് പൊതുസമൂഹത്തിൽ കിട്ടുന്ന സ്വീകാര്യതയും. ഇപ്പോൾ ഒരു ആരാധകൻ താരത്തിന്റെ പിറന്നാൾ ദിനത്തിൽ, സുരേഷ് ഗോപി സിനിമയിൽ ചെറിയ റോളുകൾ ചെയ്യുന്ന കാലം തുടങ്ങി സൂപ്പർസ്റ്റാർ ആയി തിളങ്ങി വരുന്ന കാലയളവുവരെയുള്ള സിനിമാ ചരിത്രങ്ങൾ ഓർത്തെടുത്ത് വിവരിച്ച് സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുകയാണ്.
ബിനിഷ് കെ അച്യുതൻ എന്ന ഒരു ആരാധകനാണ് സുരേഷ് ഗോപിയുടെ സിനിമാ ജീവിതം വിശദമായി തയ്യാറാക്കി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് സുരേഷ് ഗോപിയോടുള്ള താല്പര്യം കൊണ്ടാണെന്ന് വ്യക്തം. ഈ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിൻ്റെ സന്തോഷമാണ് ഇതിലൂടെ പ്രകടമാകുന്നത്. സുരേഷ് ഗോപിയുടെ സിനിമ ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ടെങ്കിൽ ഇത് വായിച്ചാൽ നന്നായിരിക്കും. പോസ്റ്റ് ഇങ്ങനെയാണ്:
'രാജാവിന്റെ മകനിലെ കുമാർ, അതാണ് വെള്ളിത്തിരയിൽ ഞാൻ ആദ്യമായി കണ്ട ഒരു സുരേഷ് ഗോപി കഥാപാത്രം. അധോലോക നേതാവായ വിൻസന്റ് ഗോമസിന്റെ വിശ്വസ്തനായ വലംകൈ. അത്ര ഹെവി റോൾ ഒന്നുമല്ലെങ്കിൽ പോലും ആ കഥാപാത്രം ആവശ്യപ്പെടുന്ന പ്രകടനം സുരേഷ് ഗോപി കാഴ്ചവച്ചു. പിന്നീട് കാണുന്നത് ഇരുപതാം നൂറ്റാണ്ടിലെ ശേഖരൻ കുട്ടിയായിട്ടാണ്. സുരേഷ് ഗോപിയുടെ അത് വരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച പ്രകടനമായിരുന്നു അതിൽ. അദ്ദേഹത്തിന്റെ ശബ്ദവും ഡയലോഗ് പ്രസന്റേഷനും ശ്രദ്ധയിൽ പെട്ടത് അന്നാണ്. അനുനാസികമായിരുന്നു ശബ്ദം. അന്നതൊരു പോരായ്മയായിട്ടാണ് തോന്നിയത്.
വർഷങ്ങൾക്കിപ്പുറം അതേ ശബ്ദത്തിലൂടെ തന്നെ ഡയലോഗ് പറഞ്ഞ് അദ്ദേഹം മലയാളി പ്രേക്ഷകരെ കയ്യടിപ്പിക്കുമെന്ന് അന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. പിന്നീട് അദ്ദേഹം സഹനടനും വില്ലനുമായിട്ടഭിനയിച്ച ഒട്ടേറെ ചിത്രങ്ങൾ കാണാനിടയായി. അവയൊന്നും മനസിൽ അത്ര തങ്ങി നിൽക്കുന്നവയായിരുന്നില്ല. 1989ൽ റിലീസ് ചെയ്ത ഒരു വടക്കൻ വീരഗാഥയിൽ നായകനായ മമ്മൂട്ടിയുടെ ചന്തു ചേകവർക്കൊപ്പം തലയെടുപ്പോടെ നിൽക്കുന്ന ആരോമൽ ചേകവരായി സുരേഷ് ഗോപി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പ്രതിനായക സ്വഭാവത്തിലുള്ള ആരോമൽ ചേകവർ സുരേഷ് ഗോപിയുടെ കരിയറിലെ നാഴികക്കല്ലായി മാറി.
1989 ഓണം സീസണ് മുമ്പായി റിലീസായ സിദ്ദീഖ് - ലാലിന്റെ റാംജിറാവ് സ്പീക്കിംഗ് അക്കാലത്തെ ട്രെന്റ് സെറ്ററായിരുന്നു. മമ്മൂട്ടിക്കും മോഹൻലാലിനും ചുറ്റും പ്രദക്ഷിണം വച്ചിരുന്ന മലയാള സിനിമയിൽ ശക്തമായ ഒരു രണ്ടാം നിര രൂപപ്പെടുന്നത് അവിടെ നിന്നായിരുന്നു. തൊഴിൽരഹിതരായ ഒരുപറ്റം യുവാക്കളുടെ തമാശകളും ജീവിത പ്രാരാബ്ധങ്ങളുമൊക്കെയായി മുന്നോട്ട് നീങ്ങുന്ന ഇത്തരം ചിത്രങ്ങളിൽ സുരേഷ് ഗോപിയുടെ റോളുകൾ വ്യത്യസ്തമായിരുന്നു. അധികം തമാശക്കളിക്കൊന്നും നിൽക്കാതെ അൽപ്പം ഗൗരവമുള്ള വേഷങ്ങളായിരുന്നു സുരേഷ് ഗോപിക്ക്. ഇൻ ഹരിഹർ നഗർ, തൂവൽ സ്പർശം, കൗതുക വാർത്തകൾ എന്നീ ചിത്രങ്ങളൊക്കെ ഇതിന് ഉദാഹരണമാണ്.
ഇക്കാലയളവിൽ സോളോ ഹീറോയായി ധാരാളം ലോ ബജറ്റ് ചിത്രങ്ങളിൽ സുരേഷ് ഗോപി അഭിനയിച്ചുവെങ്കിലും അവയൊന്നും വലിയ ഹിറ്റായില്ല. ഇതേ സമയം പത്മരാജന്റെ ഇന്നലെയിലെയും ഐ.വി ശശിയുടെ അക്ഷരതെറ്റിലെയും കഥാപാത്രങ്ങൾ നിരൂപക പ്രശംസ പിടിച്ചു പറ്റി. 1992ൽ റിലീസായ തലസ്ഥാനം മുതലാണ് ഷാജി കൈലാസ് - രഞ്ജി പണിക്കർ - സുരേഷ് ഗോപി ടീം രൂപപ്പെടുന്നത്. ഷാജിയുമായി 1989ൽ തന്നെ ന്യൂസ് എന്ന ചിത്രത്തിൽ ഒരുമിച്ചെങ്കിലും രഞ്ജി കൂടി വന്നപ്പോഴാണ് അതൊരു ഫയർ ബ്രാൻഡ് ടീമായി മാറുന്നത്. കാംപസ് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന തലസ്ഥാനത്തിലെ പ്രകടനത്തിലൂടെ സുരേഷ് ഗോപി സൂപ്പർതാര ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു.
1993 തുടക്കത്തിൽ റിലീസായ ജോഷി - എസ്.എൻ സാമി - മമ്മൂട്ടി കൂട്ടുകെട്ടിന്റെ ധ്രുവത്തിലെ ജോസ് നരിമാൻ, സുരേഷ് ഗോപിക്ക് ഏറെ കയ്യടി നേടിക്കൊടുത്തു. മമ്മൂട്ടിയുടെ നരസിംഹ മന്നാഡിയാരുടെ ഒപ്പം നിന്ന് പോരാടി ജീവത്യാഗം ചെയ്ത ഇൻസ്പെക്ടർ ജോസ് നരിമാൻ, ഷോലെയിലെ അമിതാഭ് ബച്ചനെ അനുസ്മരിപ്പിച്ചു. പോരാട്ട വഴിയിൽ വീണ് പോയെങ്കിലും ആ ബച്ചൻ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ജോസ് നരിമാനും അങ്ങനെ തന്നെയായിരുന്നു. പിൽക്കാലത്തവതരിപ്പിച്ച് വിജയിപ്പിച്ച അസംഖ്യം ഫയർ ബ്രാന്റ് പോലീസ് ഓഫീസർ റോളുകളുടെ തുടക്കവും നരിമാനിൽ നിന്നായിരുന്നു.
അതേ വർഷമിറങ്ങിയ ഏകലവ്യന്റെ മഹാവിജയം സുരേഷ് ഗോപിയെ സൂപ്പർതാര സിംഹാനത്തിൽ അവരോധിച്ചു. 80കളുടെ അവസാനം ധാരാളം ആക്ഷൻ ചിത്രങ്ങളുടെ ഭാഗമായ മമ്മൂട്ടിയും മോഹൻലാലും 90കളുടെ തുടക്കത്തിൽ തുടർച്ചയായി ആക്ഷൻ ചിത്രങ്ങൾ ചെയ്യുന്നതിൽ നിന്നും വിട്ടുനിന്നു. ഇൻസ്പെക്ടർ ബൽറാമും ഇന്ദ്രജാലവുമൊക്കെ ഉണ്ടെങ്കിലും മമ്മൂട്ടിയും മോഹൻലാലും പെർഫോമൻസ് ഓറിയന്റഡായ റോളുകൾക്കാണ് കൂടുതൽ മുൻതൂക്കം നൽകിയത്. മികച്ച നടനുള്ള ദേശീയ പുരസ്കാര ജേതാക്കാളായ അവർ തങ്ങളുടെ പ്രതിഭയോട് നീതി പുലർത്താൻ കഴിയുന്ന ചിത്രങ്ങളിൽ സജീവമായി. ഈ വിടവിലേക്കായിരുന്നു സുരേഷ് ഗോപിയുടെ രംഗപ്രവേശം.
കൂടാതെ ലോ ബജറ്റിൽ ഇറങ്ങുന്ന കോമഡി ചിത്രങ്ങൾ പതിയെ ചെടിപ്പിച്ചു തുടങ്ങിയിരുന്നു. ഇതിനൊക്കെ പുറമേ അക്കാലത്തെ കേരള രാഷ്ടീയത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം ജനരോഷം അണപൊട്ടി ഒഴുകുന്ന രാഷ്ട്രീയ പരിതസ്ഥിതിയും ഒരു ക്ഷോഭിക്കുന്ന യുവത്വത്തെ ആവശ്യപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചു. സിനിമക്കകത്തും പുറത്തുമുള്ള ഈ സംഭവ വികാസങ്ങളെല്ലാം തന്നെ താരപദവിയിലേക്കുള്ള സുരേഷ് ഗോപിയുടെ വഴികളെ സുഗമമാക്കി തീർത്തു. 1994 വിഷു റിലീസായ ഷാജി കൈലാസ്- രഞ്ജി പണിക്കർ ടീമിൻ്റെ കമ്മീഷണർ സുരേഷ് ഗോപിയുടെ കരിയർ പീക്ക് ആയിരുന്നു. എ, ബി, സി സെൻററുകളിൽ എല്ലാം ഹൗസ്ഫുൾ ആയി ഓടിയ കമ്മീഷണർ ആ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായി മാറി.
കമ്മീഷണറിലെ ഭരത് ചന്ദ്രൻ സുരേഷ് ഗോപിയുടെ ഏറ്റവും ജനകീയ കഥാപാത്രമാണ്. തെലുങ്കിൽ ഡബ് ചെയ്ത് പ്രദർശിപ്പിച്ച കമ്മീഷണർ ആന്ധ്രയിലും സൂപ്പർ ഹിറ്റായി മാറി. സാമ്രാജ്യത്തിന് ശേഷം ആന്ധ്രയിൽ ഒരു മലയാളം ഡബിംഗ് ചിത്രം വൻ വിജയം നേടുന്നത് കമ്മീഷണറായിരുന്നു. തുടർന്ന് പഴയതും പുതിയതു മായ ഒട്ടേറെ സുരേഷ് ഗോപി ചിത്രങ്ങൾ തെലുങ്കിൽ ഡബ് ചെയ്ത് ആന്ധ്രയിൽ പ്രദർശിപ്പിക്കുകയുണ്ടായി. പിന്നീടുള്ള വർഷങ്ങളിൽ ഹൈവേ ഒഴിച്ചുള്ള സുരേഷ് ഗോപി ചിത്രങ്ങൾ എല്ലാം തന്നെ ബോക്സ് ഓഫീസിൽ തകർന്നു വീണു. ജോമോൻ, സിബി മലയിൽ, ഷാജി കൈലാസ്, തമ്പി കണ്ണന്താനം തുടങ്ങിയ പ്രഗൽഭരായ സംവിധായകരുടെ ചിത്രങ്ങൾ വരെ പരാജയമടഞ്ഞു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജോഷിയുടെ ഭൂപതിയും നിലം തൊട്ടില്ല.
ഈ തുടർ പരാജയങ്ങൾക്കിടയിലാണ് സുരേഷ് ഗോപിയിലെ നടന് വെല്ലുവിളി ഉയർത്തിയ ജയരാജിന്റെ കളിയാട്ടം റിലീസ് ചെയ്തത്. ഇന്നലെയിലെ നരേന്ദ്രന് ശേഷം നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഒരു സുരേഷ് ഗോപി കഥാപാത്രമായിരുന്നു കളിയാട്ടത്തിലെ പെരുമലയൻ. 1997ൽ റിലീസ് ചെയ്ത ലേലം സുരേഷ് ഗോപിയുടെ പരാജയ പരമ്പരക്ക് വിരാമമിട്ടു. രഞ്ജി പണിക്കർ രചിച്ച് ജോഷി സംവിധാനം ചെയ്ത ലേലം ബ്ലോക്ക് ബസ്റ്റർ വിജയമായിരുന്നു. ഈ വിജയത്തിനൊപ്പം സന്തോഷം പകരുന്നതായിരുന്നു കളിയാട്ടത്തിന് കിട്ടിയ ദേശീയ പുരസ്ക്കാരം. 1998ൽ റിലീസ് ചെയ്ത പ്രണയ വർണങ്ങൾ, സമ്മർ ഇൻ ബെത് ലഹേം എന്നീ സിബി മലയിൽ ചിത്രങ്ങൾ മറ്റൊരു സുരേഷ് ഗോപിയെ പ്രേക്ഷകർക്ക് കാട്ടിക്കൊടുത്തു. സമ്മറിലെ ഡെന്നീസിന് ഇന്നും ആരാധകരുണ്ട്.
1999ലെ പത്രം, എഫ്‌ഐആർ, ക്രൈം ഫയൽ എന്നീ ചിത്രങ്ങൾ പ്രേക്ഷകാഭിപ്രായം നേടിയെടുത്തു. പുതു നൂറ്റാണ്ട് പിറന്നു വീണത് ഒരു സുരേഷ് ഗോപി ചിത്രത്തിന്റെ റിലീസോടെയാണ്. പാട്ടുകൾ മികച്ചതെങ്കിലും മില്ലേനിയം സ്റ്റാർസ് എന്ന പ്രസ്തുത ചിത്രം ഒരു ദയനീയ പരാജയമായിരുന്നു. 2001ൽ സുരേഷ് ഗോപി ഏറെ പ്രതീക്ഷ വച്ചു പുലർത്തിയ രണ്ടാം ഭാവം പരാജയമായി. ഈ പരാജയം സുരേഷ് ഗോപിയെ തീർത്തും നിരാശനാക്കി മാറ്റി. നരിമാൻ അടക്കം ഹിറ്റ് സിനിമകൾ ചെയ്തെങ്കിലും പതിയെ അദ്ദേഹം സിനിമയിൽ സജീവമല്ലാതായി. അതിനിടയിൽ ഇനി തോക്ക് എടുത്ത് അഭിനയിക്കില്ല എന്ന അപക്വമായ തീരുമാനവും അദ്ദേഹത്തിൽ നിന്നുമുണ്ടായി. തുടർ വർഷങ്ങളിൽ കാര്യമായ വിജയങ്ങൾ ഉണ്ടായില്ല എന്ന് മാത്രമല്ല പ്രതീക്ഷയുളവാക്കുന്ന ഒരു പ്രൊജക്റ്റിലും അദ്ദേഹത്തിന്റെ പേര് ഉണ്ടായതുമില്ല.
ആ സമയത്താണ് രഞ്ജി പണിക്കർ തന്റെ പ്രഥമ സംവിധാന സംരംഭം പ്രഖ്യാപിക്കുന്നത്. കമ്മീഷണറിന്റെ സീക്വലായ ഭരത്ചന്ദ്രൻ ഐപിഎസ്! ആ പേര് മാത്രം മതിയായിരുന്നു പ്രേക്ഷകരെ തീയറ്ററുകളിലേക്ക് ആകർഷിക്കാൻ. അക്കാലത്തെ പ്രധാന വിതരണക്കാരായ ലാൽ റിലീസാണ് ഈ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്തത്. കേരളത്തിലുടനീളം 'ഓർമ്മയുണ്ടോ ഈ മുഖം' എന്നെഴുതിയ സുരേഷ് ഗോപിയുടെ ഫ്ലെക്സുകൾ ഉയർന്നു. വമ്പൻ ഇനീഷ്യൽ കളക്ഷൻ നേടിയ ഭരത് ചന്ദ്രൻ ഐപിഎസ് സൂപ്പർ ഹിറ്റായിരുന്നു. ഷാജി കൈലാസിന്റെ ക്രാഫ്റ്റിന്റെ അഭാവം നിഴലിച്ചെങ്കിലും പടം നന്നായി ഓടി. തുടർ വർഷങ്ങളിൽ സുരേഷ് ഗോപി മലയാള സിനിമയിൽ കൂടുതൽ സജീവമായി.
ചിന്താമണി കൊലക്കേസ്, നാദിയ കൊല്ലപ്പെട്ട രാത്രിയിൽ തുടങ്ങി ആക്ഷൻ മൂഡിലുള്ള ഒട്ടേറെ ഹിറ്റുകളും അത്യാവശ്യം ഫ്ലോപ്പുകളുമായി കരിയർ മുന്നോട്ട് നീങ്ങി. വ്യക്തിപരമായി എനിക്കിഷ്ടപ്പെട്ട അവസാന സുരേഷ് ഗോപി ചിത്രം ട്വന്റി 20 ആണ്. മറ്റെല്ലാ സൂപ്പർ താരങ്ങളും ഉണ്ടായിട്ടും സിനിമയുടെ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന സുരേഷ് ഗോപിയെയാണ് എനിക്കിഷ്ടപ്പെട്ടത്. തുടർന്നുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ എന്നിലെ സിനിമാ പ്രേമിയെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. ഏറെ പ്രതീക്ഷ വച്ചു പുലർത്തിയ കിംഗ് ആൻഡ് കമ്മീഷണർ ബോക്സ് ഓഫീസ് ദുരന്തമായി. മലയാളികളുടെ മനസിൽ ഐക്കണിക് പരിവേഷമുള്ള രണ്ടു കഥാപാത്രങ്ങളായ ജോസഫ് അലക്സിനോടും ഭരത് ചന്ദ്രനോടും നീതി പുലർത്താൻ അതിന്റെ സൃഷ്ടാക്കൾക്ക് കഴിഞ്ഞില്ല.
പിന്നീട് രാഷ്ട്രീയ പ്രവേശനത്തെ തുടർന്നദ്ദേഹം സിനിമയിൽ അത്ര സജീവവുമായിരുന്നില്ല. കൂട്ടത്തിൽ അൽപ്പം വിയോജിപ്പുകൾ കൂടി പറഞ്ഞു കൊള്ളട്ടെ. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ പിന്നെ കേരളത്തിൽ ഏറ്റവും അധികം ഫാൻ ബേസ് ഉള്ള സൂപ്പർ താരം അന്നുമിന്നും സുരേഷ് ഗോപി തന്നെയാണ്. ജയറാമിനും ദിലീപിനും സുരേഷ് ഗോപിയേക്കാൾ ഹിറ്റുകൾ ഉണ്ടെങ്കിലും ആരാധകരുടെ എണ്ണത്തിൽ ഇവരിരുവരും സുരേഷ് ഗോപിയോളം എത്തില്ല. പക്ഷേ ആനക്ക് ആനയുടെ വലിപ്പം അറിയില്ല എന്നത് പോലെ തന്റെ വലിപ്പം സുരേഷ് ഗോപിക്കിനിയും വ്യക്തമായിട്ടില്ല. രഞ്ജി പണിക്കർ - ഷാജി കൈലാസ് ദ്വയത്തെ ആശ്രയിച്ചുള്ള ചിത്രങ്ങൾ കൂടാതെ മറ്റ് കൂട്ടായ്മകൾക്ക് കൂടി മുൻ കൈ എടുക്കാൻ അദ്ദേഹം മെനക്കെട്ടിട്ടില്ല.
പ്രണയ വർണങ്ങൾക്കും സമ്മറിനും ഒരു തുടർച്ച ഉണ്ടായില്ല. മനസിനക്കരെയിൽ ആദ്യം സുരേഷ് ഗോപിയെയാണ് വിളിച്ചതെന്ന് കേട്ടിട്ടുണ്ട്. ആ ചിത്രത്തിൽ ജയറാം അഭിനയിക്കുന്നതിനേക്കാൾ ഒരു ഫ്രഷ്നെസ് കൊടുക്കുവാൻ സുരേഷ് ഗോപിക്കായേനെ. സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിലെ നായക വേഷം അദ്ദേഹത്തിന്റെ കരിയറിനെ വേറൊരു തലത്തിൽ എത്തിച്ചേനെ. യുവാക്കൾക്കൊപ്പം കുടുംബ പ്രേക്ഷകർക്ക് കൂടി സ്വീകാര്യമായ പ്രമേയങ്ങളുള്ള ചിത്രങ്ങളിൽ നായക വേഷം അവതരിപ്പിച്ചുവെങ്കിൽ ഫാൻ ബേസ് ഇരട്ടിയാകുമായിരുന്നു. അന്തിക്കാടിനും അതൊരു വ്യത്യസ്തത ആകുമായിരുന്നു. ജയസൂര്യയും ആസിഫ് അലിയും വരെ തനിക്കിണങ്ങുന്ന വേഷങ്ങൾ നൽകുന്ന ഒരു കൂട്ടായ്മയെ കൂടെ നിർത്തുന്നുണ്ട്. അത്തരത്തിൽ ഒരു പ്രൊഫഷണൽ സമീപനം കരിയറിൽ ഒരിക്കൽ പോലും സുരേഷ് ഗോപിക്കുണ്ടായിരുന്നില്ല.
ജിത്തു ജോസഫിന്റെ ആദ്യ നായകനായിരുന്നിട്ടും അതിന് തുടർച്ച നൽകാനുള്ള എഫർട്ട് സുരേഷ് ഗോപി എടുത്ത് കാണാൻ വഴിയില്ല. അതിനിടയിൽ അതിവൈകാരികതയും അപക്വ സമീപനങ്ങളും അദ്ദേഹത്തെ വിജയത്തിൽ നിന്നകറ്റി നിർത്തി. ഒരു നടൻ എന്ന നിലയിൽ ഭരത് ചന്ദ്രന്റെ ക്ലോണുകൾക്ക് വ്യത്യസ്തത പകരാൻ സുരേഷ് ഗോപി ശ്രമിച്ചില്ല. പ്രതിഭാദാരിദ്ര്യം കൊണ്ടല്ല മറിച്ച് മടി കൊണ്ടാണതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അൽപ്പം വ്യത്യസ്തമായി ചെയ്ത ടൈം വിജയിച്ചതുമില്ല. കളിയാട്ടത്തിലെ പെരുമലയനെ തന്ന ജയരാജിനെ 'ഇരിക്കപ്പൊറുതി കൊടുക്കാതെ ശല്യപ്പെടുത്തി' മികച്ച കഥാപാത്രങ്ങളെ മേടിച്ചെടുക്കാമായിരുന്നു. ഏറെ അടുപ്പമുള്ള തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത് വഴിമാറി സഞ്ചരിച്ചപ്പോൾ തന്നെയും അതിന്റെ ഭാഗമാക്കണമെന്ന ഒരു സമീപനം സുരേഷ് ഗോപിക്കില്ലായിരുന്നു.
യാതൊരു കരിയർ പ്ലാനിംഗുമില്ലാതെ, തന്നെ തേടിയെത്തുന്ന റോളുകൾ തന്നാലാവും വിധം അവതരിപ്പിച്ച് സുരേഷ് ഗോപി തൃപ്തിയടഞ്ഞു. തന്നിലെ നടനെ വെല്ലുവിളിക്കുന്ന കഥാപാത്രങ്ങൾ തേടിയലയാനോ തന്റെ തന്നെ ഇമേജിനെ നിരന്തരം പുതുക്കി പണിയാനോ അദ്ദേഹം മെനക്കെട്ടില്ല എന്നതാണു വാസ്തവം. ഇത്രയൊക്കെ വിമർശനങ്ങൾക്ക് അർഹത ഉണ്ടായിരിക്കുമ്പോൾ പോലും അദ്ദേഹം ഭാഗ്യവാനാണ് എന്നാണ് എന്റെ വിലയിരുത്തൽ. ശക്തമായ ഒരു വേഷം കിട്ടുകയും അതിന് പോസിറ്റീവ് റെസ്പോൺസ് കിട്ടുകയും ചെയ്താൽ ആ ചിത്രം സൂപ്പർ ഹിറ്റായി മാറിയിരിക്കും. ദുൽഖർ സൽമാൻ പറഞ്ഞത് പോലെ 'അദ്ദേഹത്തിന്റെ സ്റ്റാർഡം ഒരിടത്തും പോയിട്ടില്ല'.
ആ സ്റ്റാർഡത്തിനോട് നീതി പുലർത്തുന്ന കാരക്ടറുകളെ കണ്ടെത്തി അവതരിപ്പിക്കാൻ അദ്ദേഹം യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല എന്നതാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. രാഷ്ട്രീയ പ്രവേശനം സുരേഷ് ഗോപിയുടെ താരപദവിയേയും ആരാധക വൃന്ദത്തെയും സ്വാധീനിച്ചിട്ടുണ്ടോ എന്നതിന് കാലമാണ് മറുപടി പറയേണ്ടത്. കാലടി വിക്ടറി തീയേറ്ററിൽ പണ്ട് കമ്മീഷണർ കണ്ട് കയ്യടിച്ചും വിസിലടിച്ചും ആർപ്പു വിളിച്ച ആ പഴയ കൗമാരക്കാരൻ ഇന്ന് യൗവനം വിട പറയാൻ ഒരുങ്ങി നിൽക്കുമ്പോഴും കമ്മീഷണർ കണ്ട അതേ അതേ ആവേശത്തിലാണ് കഴിഞ്ഞ വർഷം പാപ്പൻ എഫ്‌ഡിഎഫ്എസ്കാണാൻ പോയതും. മലയാള സിനിമയിലെ ആദ്യത്തെ 'ആംഗ്രി യംഗ് മാൻ' സൂപ്പർ സ്റ്റാർ സുരേഷ് ഗോപിക്ക് ഈ എളിയ ആരാധകന്റെ പിറന്നാൾ ആശംസകൾ.
ഇതാണ് ആ കുറിപ്പ്. കേന്ദ്ര സഹമന്ത്രിയെക്കുറിച്ച് അല്ല, സുരേഷ് ഗോപി എന്ന സൂപ്പർസ്റ്റാറിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ കുറിപ്പ് ഉപകാരപ്പെടും.