Controversy | രഞ്ജിത്തിനെ താന്‍ സംരക്ഷിക്കുന്നു എന്ന വാര്‍ത്ത വേദനിപ്പിച്ചു; ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍
ആലപ്പുഴ: (KVARTHA) ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ രഞ്ജിത്തിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം തന്നെ രാജിസന്നദ്ധത അറിയിക്കുകയായിരുന്നുവെന്നും വ്യക്തമാക്കി മന്ത്രി സജി ചെറിയാന്‍. രഞ്ജിത്തിനെ താന്‍ സംരക്ഷിക്കുന്നു എന്ന വാര്‍ത്ത വേദനിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഹേമ കമ്മിഷന്‍ റിപോര്‍ട്ടില്‍ പരാതി കിട്ടിയാലെ നിയമനടപടി സ്വീകരിക്കുകയുള്ളുവെന്ന മുന്‍ നിലപാട് തന്നെ മന്ത്രി ആവര്‍ത്തിച്ചു. തന്റേത് എപ്പോഴും സ്ത്രീപക്ഷ നിലപാടാണെന്ന് പറഞ്ഞ മന്ത്രി സര്‍ക്കാര്‍ ഇരയോടൊപ്പമാണെന്നും വേട്ടക്കാര്‍ക്കൊപ്പമല്ലെന്നും വ്യക്തമാക്കി. നല്‍കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കും എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി അറിയിച്ചു.
അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് സംവിധായകന്‍ രഞ്ജിത്ത് ഞായറാഴ്ച രാവിലെ രാജിവച്ചത്. കഴിഞ്ഞദിവസം തന്നെ രാജിവെക്കുമെന്നുള്ള അഭ്യൂഹം ഉയര്‍ന്നിരുന്നു. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രഞ്ജിത്തിനെ സംരക്ഷിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഇടതു മുന്നണിയില്‍ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു.
എന്നാല്‍, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രഞ്ജിത്തിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതിനെതിരെ വിമര്‍ശനം കടുത്തതോടെ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ രഞ്ജിത്തുമായി സംസാരിക്കുകയും പിന്നാലെ അദ്ദേഹം രാജിസന്നദ്ധത അറിയിക്കുകയുമായിരുന്നു.
#KeralaFilmAcademy #RanjithResigns #Immaoral Assault #MeToo #MalayalamCinema