Silence | എമ്പുരാനും അണിയറ പ്രവർത്തകർക്കും സോഷ്യൽ മീഡിയയിൽ വിമർശനം കനക്കുമ്പോഴും മൗനം പാലിച്ച് ചലച്ചിത്ര സംഘടനകൾ; മലയാള സിനിമയിൽ ഗ്രൂപ്പിസം കത്തുന്നു


● സിനിമ റീസെൻസർ ചെയ്ത വിഷയത്തിലും താരങ്ങൾക്കെതിരായ സൈബർ ആക്രമണത്തിലും സംഘടനകൾ പ്രതികരിക്കുന്നില്ല.
● മലയാള സിനിമയിലെ ഗ്രൂപ്പിസത്തിന്റെ തെളിവാണിതെന്ന് ആരോപണമുണ്ട്.
● സുപ്രിയ മേനോനെതിരെയും വിമർശനങ്ങൾ ഉയർന്നു.
കണ്ണൂർ: (KVARTHA) പൃഥ്വിരാജ് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രം 'എമ്പുരാൻ' വിവാദങ്ങളിൽ ഇളകി മറിയുമ്പോഴും കനത്ത മൗനം തുടർന്ന് സിനിമാ സംഘടനകൾ. താര സംഘടനയായ 'അമ്മ'യോ, പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ, ഫെഫ്കയോ സിനിമ റീസെൻസർ ചെയ്ത വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. 'അമ്മ'യുടെ മുൻ ഭാരവാഹികളായ മോഹൻലാൽ, പൃഥ്വിരാജ് എന്നീ താരങ്ങൾക്കെതിരെ സൈബർ ആക്രമണം തുടരുമ്പോഴും സംഘടനകൾ മൗനം പാലിക്കുന്നത് മലയാള ചലച്ചിത്രലോകത്ത് തന്നെ വിമർശനമുണ്ടാക്കിയിട്ടുണ്ട്.
ഗുജറാത്ത് കലാപത്തിലെ ഗോധ്ര, ഗുജറാത്ത് കലാപങ്ങളെക്കുറിച്ച് എമ്പുരാൻ സിനിമയ്ക്കും താരങ്ങൾക്കുമെതിരെ ആർ.എസ്.എസ് മുഖപത്രം 'ഓർഗനൈസർ' രംഗത്തുവന്നതോടെ വിഷയം ദേശീയ തലത്തിൽ തന്നെ കത്തിപ്പടരുകയാണ്. എന്നാൽ ഇതിൽ പ്രതികരിക്കാനോ നിലപാട് വ്യക്തമാക്കാനോ സിനിമാ സംഘടനകൾ തയ്യാറായിട്ടില്ല. താര സംഘടനയായ 'അമ്മ'യും, നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും, സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും എമ്പുരാൻ വിഷയത്തിൽ മൗനം തുടരുകയാണ്. സംവിധായകൻ പൃഥ്വിരാജിനും അദ്ദേഹത്തിൻ്റെ ഭാര്യ സുപ്രിയയ്ക്കുമെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. സുപ്രിയ നടത്തിയ പ്രകോപനപരമായ കമൻ്റുകളാണ് ഇവരെ സോഷ്യൽ മീഡിയ ബുള്ളിയിംഗിന് ഇരയാക്കുന്നത്.
ചരിത്രത്തിലാദ്യമായി പ്രദർശനത്തിനായി തീയേറ്ററുകളിലെത്തിയ ഒരു സിനിമ എഡിറ്റ് ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ പോലും ചലച്ചിത്ര സംഘടനകൾ നിലപാട് വ്യക്തമാക്കിയിട്ടില്ല. പൃഥ്വിരാജ് രാജ്യവിരുദ്ധരുടെ ശബ്ദമായി മാറുന്നുവെന്ന പരാമർശമാണ് ആർഎസ്എസ് മുഖപത്രമായ 'ഓർഗനൈസർ' നടത്തിയത്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനെ 'അർബൻ നക്സൽ' എന്ന് വിളിച്ചാണ് ബിജെപി നേതാവ് വി. ഗോപാലകൃഷ്ണൻ വിമർശിച്ചത്. ഗുജറാത്ത് കലാപത്തിൻ്റെ ഒരു ഭാഗം മാത്രം സിനിമയിലൂടെ അവതരിപ്പിച്ചത് ആവിഷ്കാര സ്വാതന്ത്ര്യമാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ എമ്പുരാൻ കണ്ടതിന് ശേഷം പിന്തുണച്ചപ്പോൾ സഹപ്രവർത്തകർക്ക് പ്രതിരോധം ചമയ്ക്കാതെ മാളത്തിൽ ഒളിക്കുകയാണ് ഇടത് സഹയാത്രികനായ സംവിധായകൻ ബി. ഉണ്ണികൃഷ്ണനെപ്പോലെയുള്ളവർ. എന്നാൽ ആസിഫലിയെപ്പോലുള്ള താരങ്ങൾ എമ്പുരാന് പിന്തുണയുമായി എത്തിയിട്ടുണ്ട്. മലയാള സിനിമയിലെ ഗ്രൂപ്പിസവും തൊഴുത്തിൽ കുത്തുമാണ് എമ്പുരാൻ വിവാദത്തിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന വിമർശനമുണ്ട്.
ചലച്ചിത്രം ഇറങ്ങുന്നതിന് മുൻപ് തന്നെ ബഡ്ജറ്റിനെ കുറിച്ചുള്ള തർക്കങ്ങൾ നിർമ്മാതാക്കളുടെ സംഘടന ഉന്നയിച്ചിരുന്നു. ഇതിൽ ചേരിപ്പോര് നിലനിൽക്കവെയാണ് എമ്പുരാൻ രാഷ്ട്രീയ വിവാദമായി മാറുന്നത്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Malayalam film organizations remain silent amidst the controversies surrounding 'Empuraan' and the cyber attacks against Mohanlal and Prithviraj. Criticism arises over their inaction on issues like film recensoring and the RSS mouthpiece's allegations, highlighting potential groupism within the industry.
#EmpuraanControversy #MalayalamCinema #FilmOrganizations #AMMA #FEFKA #Groupism #Silence