Re-release | രണ്ടാം വരവിൽ കോടികൾ വാരി ദേവദൂതൻ; കണക്കുകൾ പുറത്ത്
മമ്മൂട്ടിയുടെ വല്യേട്ടൻ, പാലേരിമാണിക്യം, ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളും മോഹൻലാലിന്റെ തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രവും റീ-റിലീസിന് ഒരുങ്ങുന്നതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്
കൊച്ചി: (KVARTHA) ഇപ്പോൾ സിനിമാ ലോകത്ത് റി-റിലീസുകളുടെ കാലമാണ്. ഒരിക്കൽ പരാജയപ്പെട്ട ചിത്രങ്ങൾ പോലും ഇപ്പോൾ വീണ്ടും പ്രേക്ഷകരുടെ മുന്നിൽ എത്തുന്നു.
അത്തരത്തിൽ 24 വർഷം മുമ്പ് പരാജയപ്പെട്ട സിബി മലയിലിന്റെ 'ദേവദൂതൻ' എന്ന ചിത്രം വീണ്ടും റിലീസ് ചെയ്തപ്പോൾ പ്രേക്ഷകർ അതിന് നൽകിയ സ്വീകാര്യത അപ്രതീക്ഷിതമായിരുന്നു. മോഹൻലാൽ നായകനായ ഈ ചിത്രം 50 ദിനം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചുകൊണ്ട് വൻ കളക്ഷൻ നേടിയിരിക്കുകയാണ്.
സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ പ്രകാരം, 5.4 കോടി രൂപയാണ് ദേവദൂതൻ റീ-റിലീസിൽ നേടിയത്. ഇത് മലയാള സിനിമയിലെ റീ-റിലീസ് ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന കളക്ഷനാണ്. സ്ഫടികം, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങളെ പിന്നിലാക്കിയാണ് ദേവദൂതൻ ഈ നേട്ടം കൈവരിച്ചത്.
ജൂലൈ 26ന് 56 തിയേറ്ററുകളിൽ തുടങ്ങിയ ചിത്രം പിന്നീട് 143 തിയേറ്ററുകളിലേക്ക് വ്യാപിച്ചു. 2000ൽ ആദ്യമായി റിലീസ് ചെയ്ത ചിത്രം ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വീണ്ടും വലിയ ചർച്ചയായിരിക്കുകയാണ്.
ഇതോടൊപ്പം, മമ്മൂട്ടിയുടെ വല്യേട്ടൻ, പാലേരിമാണിക്യം, ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളും മോഹൻലാലിന്റെ തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രവും റീ-റിലീസിന് ഒരുങ്ങുന്നതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.