Criticism | മേജർ രവിക്ക് പിന്നാലെ എമ്പുരാനെതിരെ രാജീവ് ചന്ദ്രശേഖറും; സത്യം വളച്ചൊടിച്ചുവെന്ന് വിമർശനം; സിനിമ കാണില്ലെന്നും പരാജയപ്പെടുമെന്നും ബിജെപി അധ്യക്ഷൻ


● എമ്പുരാനിൽ 17 ഭേദഗതികൾ വരുത്തി.
● പ്രേക്ഷകരെ അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ട്.
● എമ്പുരാൻ കാണില്ല
തിരുവനന്തപുരം: (KVARTHA) മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിനിമ കാണില്ലെന്നും, സത്യം വളച്ചൊടിച്ച് കഥ കെട്ടിപ്പടുത്താൻ ശ്രമിക്കുന്ന സിനിമ പരാജയപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം സിനിമ നിർമാണത്തിൽ താൻ നിരാശനാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ വ്യക്തമാക്കി.
'ലൂസിഫർ കണ്ടിരുന്നു, എനിക്കത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സിനിമയുടെ നിർമാതാക്കൾതന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഒരു സിനിമയെ സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും. അപ്പോൾ, ലൂസിഫറിന്റെ ഈ തുടർച്ച ഞാൻ കാണുമോ?- ഇല്ല. ഇത്തരത്തിലുള്ള സിനിമാനിർമാണത്തിൽ ഞാൻ നിരാശനാണോ? അതെ', രാജീവ് ചന്ദ്രശേഖർ പോസ്റ്റിൽ കുറിച്ചു.
നേരത്തെ, എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മോഹൻലാലിനെ പിന്തുണച്ച് ബിജെപി നേതാവും സംവിധായകനുമായ മേജർ രവി രംഗത്തെത്തിയിരുന്നു. സിനിമയിലെ വിവാദ ഭാഗങ്ങൾ ഒഴിവാക്കാൻ മോഹൻലാൽ ആവശ്യപ്പെട്ടുവെന്നും, റിലീസിന് മുൻപ് മോഹൻലാൽ ചിത്രം പൂർണമായി കണ്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മോഹൻലാലിന് മാനസികമായി വളരെയധികം വിഷമമുണ്ടെന്നും മേജർ രവി വ്യക്തമാക്കി.
മോഹൻലാലിനൊപ്പം അഞ്ച് സിനിമകൾ ചെയ്തിട്ടുണ്ട്. ഒരുതവണ കഥ കേട്ട് കഴിഞ്ഞാൽ ഓക്കെ ആണെന്ന ഫീൽ കിട്ടിക്കഴിഞ്ഞാൽ പിന്നീട് അതിൽ അദ്ദേഹം ഇടപെടില്ല. റിലീസിന് മുൻപ് കീർത്തിചക്ര പോലും മോഹൻലാൽ കണ്ടിട്ടില്ല. അതുപോലെ റിലീസിന് മുൻപ് സിനിമ കാണുന്ന സ്വഭാവം മോഹൻലാലിന് ഇല്ല. ഈ സിനിമയ്ക്കും അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്.
ദയവ് ചെയ്ത് വിശ്വസിക്കൂ. അദ്ദേഹം സിനിമ കണ്ടിട്ടില്ല. ഞാൻ അറിയുന്ന മോഹൻലാൽ നിങ്ങളോടെല്ലാം മാപ്പ് പറയും. അതെനിക്ക് ഉറപ്പുണ്ട്. കാരണം മോഹൻലാലിന് വളരെയധികം മാനസിക വിഷമമുണ്ട്. പ്രശ്നങ്ങളെല്ലാം കട്ട് ചെയ്യാൻ നേരത്തെ തന്നെ നിർദേശം കൊടുത്തിട്ടുണ്ട്. ഇനിമുതൽ ലാലേട്ടൻ സിനിമകൾ റിലീസിന് മുൻപ് കാണും. കാരണം ഇതൊരു പാഠമായിട്ടുണ്ട്’, മേജർ രവി ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
വിവാദങ്ങളുമായി ബന്ധപ്പെട്ട് മോഹൻലാൽ ഒരു ക്ഷമാപണം എഴുതി തയ്യാറാക്കിയിട്ടുണ്ടെന്നും അത് പക്ഷേ എവിടെയും പങ്കുവെച്ചതായി അറിയില്ലെന്നും മേജർ രവി പറയുന്നു. അരമണിക്കൂറിലേറെ നീണ്ട ഫേസ്ബുക്ക് ലൈവിലാണ് മോഹൻലാലുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തികളിലൊരാളായ മേജർ രവി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മോഹൻലാൽ ഒരു തവണ കഥ കേട്ടുകഴിഞ്ഞ് നല്ലതെന്ന് തോന്നിയാൽ പിന്നീട് ഒരിക്കലും അതിൽ ഇടപെടാറില്ല. കീർത്തിചക്രപോലും അദ്ദേഹം മുഴുവൻ സിനിമ പൂർണമായി കണ്ടിട്ടില്ല. അതുകൊണ്ട് മോഹൻലാൽ പൂർണമായി കണ്ടിട്ടാണ് എമ്പുരാൻ പുറത്തിറക്കിയതെന്ന് പറയരുത്.
അതേസമയം ചിത്രത്തിൽ എല്ലാവർക്കും വിഷമമുണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടെന്ന് മേജർ രവി പറഞ്ഞു. തിരക്കഥാകൃത്തായ മുരളി ഗോപിയെയും അദ്ദേഹം വിമർശിച്ചു. ഗുജറാത്ത് കലാപത്തെ വളരെ ഏകപക്ഷീയമായാണ് അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആ കലാപം എങ്ങനെ തുടങ്ങിയെന്ന വിഷയങ്ങൾ കൂടി കാണിക്കേണ്ടത് എഴുത്തുകാരനെന്ന നിലയിൽ മുരളി ഗോപിക്ക് ഉത്തരവാദിത്വമുണ്ടായിരുന്നു. മുസ്ലീങ്ങളെ കൊല്ലുന്ന ഹിന്ദുക്കൾ എന്ന് ചിത്രീകരിച്ചത് വർഗീയതയാണെന്നും മേജർ രവി പറഞ്ഞു.
മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ചിത്രത്തിലെ വിവാദ രംഗങ്ങളിൽ പലതും സ്വമേധയാ ഒഴിവാക്കാനുള്ള നീക്കത്തിലാണ് അണിയറ പ്രവർത്തകർ. നിർമാതാക്കളുടെ ആവശ്യപ്രകാരമാണ് നീക്കം. വിവാദ പരാമർശങ്ങൾ മ്യൂട്ട് ചെയ്തും ചില രംഗങ്ങൾ ഒഴിവാക്കിയുമായിരിക്കും ചിത്രം ബുധനാഴ്ചയോടെ തീയേറ്ററുകളിലെത്തുക. 26 മിനിറ്റോളം സിനിമയിൽ നിന്ന് ഒഴിവാക്കുമെന്നാണ് മേജർ രവി പറയുന്നത്. മാർച്ച് 27 ന് റിലീസ് ചെയ്ത എമ്പുരാൻ ആദ്യ രണ്ട് ദിവസത്തിനുള്ളിൽ നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Following Major Ravi's statements, BJP State President Rajeev Chandrasekhar also criticized the movie Empuraan, stating he won't watch it and believes it will fail for distorting the truth. He expressed disappointment in such filmmaking.
#Empuraan, #RajeevChandrasekhar, #BJP, #Mohanlal, #MalayalamCinema, #Controversy