'പറയാനുള്ളത് മുഖത്ത് നോക്കി പറയൂ, ഇത് മാത്രം എനിക്കൊരിക്കലും ക്ഷമിക്കാനാവില്ല'; മകള്‍ക്ക് നേരെ ഉയരുന്ന ട്രോളുകളോട് രൂക്ഷമായി പ്രതികരിച്ച് ബോളിവുഡ് നടന്‍
Dec 3, 2021, 15:03 IST
മുംബൈ: (www.kvartha.com 03.12.2021) മകളെ ട്രോളുന്നവരോട് രൂക്ഷമായി പ്രതികരിച്ച് അഭിഷേക് ബചന്‍. പുതിയ ചിത്രമായ 'ബോബ് ബിസ്വാസു'മായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. തന്നെ ആര് കളിയാക്കിയാല്‍ സഹിക്കുമെന്നും എന്നാല്‍ തന്റെ മകള്‍ ആരാധ്യയെ കളിയാക്കിയുള്ള ട്രോളുകള്‍ ക്ഷമിക്കാനാവില്ലെന്നും അഭിഷേക് പറഞ്ഞു.
'ഇത് അംഗീകരിക്കാനാവില്ല, എനിക്കൊരിക്കലും ക്ഷമിക്കാനുമാവില്ല. ഞാനൊരു പബ്ലിക് ഫിഗറാണ്, അത് സമ്മതിക്കാം. പക്ഷേ എന്റെ മകള്‍ അങ്ങനെയല്ല. നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്റെ മുഖത്തു നോക്കി പറയാം', അഭിഷേക് പറഞ്ഞു.
പ്രേക്ഷകര്‍ തന്റെ അഭിനയത്തില്‍ തെറ്റ് കണ്ടെത്തിയാല്‍ അത് മെച്ചപ്പെടുത്താന്‍ താന്‍ ബാധ്യസ്ഥനാണെന്നും തന്റെ പ്രശസ്തനായ അച്ഛന്‍ അമിതാഭ് ബചന്‍ ഇല്ലായിരുന്നുവെങ്കില്‍ താന്‍ സിനിമയില്‍ ഉണ്ടാകില്ലെന്ന് പറയുന്ന ട്രോളുകളോട് താന്‍ യോജിക്കുന്നുവെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. 'എന്റെ മാതാപിതാക്കള്‍ ഇല്ലായിരുന്നുവെങ്കില്‍, ഞാന്‍ ജനിക്കില്ലായിരുന്നു, ജീവശാസ്ത്രം ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്'.
നേരത്തെയും ആരാധ്യക്ക് നേരെ ട്രോളുകള്‍ വന്നിരുന്നു. അന്നും അഭിഷേകും ഐശ്വര്യയും രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. 2011ലാണ് ആരാധ്യ ജനിക്കുന്നത്. ആരാധ്യ പൊതുവെ നാണം കുണുങ്ങിയാണെന്നായിരുന്നു പാപരാസികളുടെ വിലയിരുത്തല്‍.
'നിങ്ങള്‍ എന്തും പറയൂ, അവള്‍ എന്റെ മകളാണ്. ഞാന്‍ അവളെ സ്നേഹിക്കും, ഞാന്‍ അവളെ സംരക്ഷിക്കും, ഞാന്‍ അവളെ കെട്ടിപ്പിടിക്കും, അവള്‍ എന്റെ മകളാണ്, എന്റെ ജീവിതവും', എന്നാണ് ഐശ്വര്യ നേരത്തെ പറഞ്ഞത്.
അഭിഷേക് ബചന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ബോബ് ബിസ്വാസ്' ക്രൈം ത്രിലെര്‍ വിഭാഗത്തിലുള്ള ചിത്രമാണ്. നവാഗതയായ ദിയ അന്നപൂര്‍ണ ഘോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രാംഗദ സിംഗ്, പരന്‍ ബന്ദോപാധ്യായ്, രജാതവ ദത്ത എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.