തെന്നിന്ത്യന്‍ നടന ഇതിഹാസമായിരുന്ന ശിവാജി ഗണേശന്റെ 93 -ാം ജന്മവാര്ഷികത്തില് ആദരവുമായി ഗൂഗിള്‍ ഡൂഡില്‍
Oct 1, 2021, 16:36 IST
ചെന്നൈ: (www.kvartha.com 01.10.2021) തെന്നിന്ത്യന്‍ നടന തിലകമായിരുന്ന ശിവാജി ഗണേശന്റെ 93 -ാം ജന്മവാര്ഷികത്തില് ആദരവുമായി ഗൂഗിള്‍ ഡൂഡില്‍. ഗൂഗിള്‍ ഇന്‍ഡ്യയും ബെംഗ്ളൂറില്‍ നിന്നുള്ള കലാകാരന് നൂപുര്‍ രാജേഷ് ചോക്സിയും ചേര്‍ന്നാണ് ഡൂഡില്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
തമിഴ്നാട്ടിലെ വില്ലുപുരത്ത് ജനിച്ച ശിവാജി 'ഇന്‍ഡ്യയിലെ ആദ്യത്തെ തനത് രീതിയിലുള്ള അഭിനേതാക്കളിലൊരാളെന്നും രാജ്യത്തെ എക്കാലത്തെയും ഏറ്റവും സ്വാധീനമുള്ള നടന്മാരില് ഒരാളെന്നുമാണ്' ഗൂഗിളില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
1928 ഒക്ടോബര്‍ ഒന്നിനാണ് ശിവാജി ഗണേശന്റെ ജനനം. വി. ചിന്നയ്യ മണ്റയാര് ഗണേശമൂര്‍ത്തി എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. 'ശിവാജി കണ്ട ഹിന്ദുരാജ്യം' എന്ന നാടകത്തിലെ മികച്ച പ്രകടനത്തിനുശേഷമാണ് 'ശിവാജി' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
1952 ലെ പരാശക്തി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ അരങ്ങേറ്റം കുറിച്ചത്. ഇതിന്റെ തിരക്കഥ എഴുതിയത് എം കരുണാനിധി ആയിരുന്നു. തുടര്‍ന്ന് ആയിരക്കണക്കിന് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. എം ജി ആര്, ജെമിനി ഗണേശന് എന്നിവര്‍ക്കൊപ്പം ശിവാജിയും ഒരു പ്രധാന താരമായി അഭിനയിച്ചു വന്നു. മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1999ല്‍ പുറത്തിറങ്ങിയ പടയപ്പ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.
അഭിനേതാവ് എന്നതിലുപരി മികച്ച നര്‍ത്തകനുമായിരുന്നു ഗണേശന്. ഭരതനാട്യം, കഥക്, മണിപ്പൂരി എന്നീ നൃത്ത രൂപങ്ങളില്‍ അദ്ദേഹം പ്രാവീണ്യം നേടി. ഇന്‍ഡ്യയിലെ മര്ലിന് ബ്രാന്‍ഡോ എന്നാണ് ശിവാജി ഗണേശന് വിശേഷിപ്പിക്കപ്പെട്ടത്. 1997ല്‍ ദാദ സാഹിബ് ഫാല്‍കെ അവാര്‍ഡ് നല്‍കിയും അദ്ദേഹത്തെ കേന്ദ്രസര്‍കാര്‍ ആദരിച്ചിരുന്നു. 2001 ജൂലൈ 21നായിരുന്നു അന്ത്യം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.