Support | നടി ഹണി റോസിനെ ഫോണിൽ ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ; നിയമപടികൾക്ക് പിന്തുണ
● മുഖ്യമന്ത്രി പിണറായി വിജയൻ നടി ഹണി റോസിനെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചു.
● ഹണി റോസിനെതിരായ അധിക്ഷേപത്തിൽ ബോബി ചെമ്മണ്ണൂർ അറസ്റ്റിലായി.
● കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
കൊച്ചി: (KVARTHA) നടി ഹണി റോസിനെ ഫോണിൽ ബന്ധപ്പെട്ട് നിയമപടികൾക്ക് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചെന്നും, നിയമപരമായ എല്ലാ സഹായവും ഉറപ്പുനൽകിയെന്നും ഹണി റോസിനെ ഉദ്ധരിച്ച് മനോരമ ഓൺലൈൻ റിപോർട് ചെയ്‌തു. മുഖ്യമന്ത്രിയുടെ പിന്തുണ വലിയ ആശ്വാസമാണ് നൽകുന്നതെന്നും, ശക്തമായ നടപടികൾ ഉണ്ടാകുമെന്ന ഉറപ്പ് ലഭിച്ചതായും അവർ കൂട്ടിച്ചേർത്തു. ഡിജിപിയുമായും ഹണി റോസ് വിഷയത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.
അതേസമയം നടി ഹണി റോസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഉടമ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബോബി ചെമ്മണ്ണൂരിനെ വയനാട്ടിലെ മേപ്പാടിയിലുള്ള അദ്ദേഹത്തിന്റെ എസ്റ്റേറ്റിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തിരിക്കുന്നത്. കൊച്ചി സെൻട്രൽ പൊലീസാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഹണി റോസിന്റെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സെൻട്രൽ എസിപി ജയകുമാറിന്റെ മേൽനോട്ടത്തിൽ മൂന്ന് വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 10 പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
#HoneyRose #PinarayiVijayan #BobbyChemmannur #KeralaNews #JusticeForHoneyRose