Movie Review | നോട്ടിന് പുല്ല് വിലയോ? മോഹൻലാലും മുരളിയും തകർത്തഭിനയിച്ച 'ധനം' ഇറങ്ങിയിട്ട് 30 വർഷങ്ങൾ പിന്നിടുന്നു


● മോഹൻലാലിന്റെയും മുരളിയുടെയും മികച്ച പ്രകടനം.
● പണത്തിന്റെ മൂല്യമില്ലായ്മയെക്കുറിച്ചുള്ള ചിന്തകൾ.
● തങ്കം എന്ന കഥാപാത്രമായി ചാർമിളയുടെ മനോഹരമായ പ്രകടനം.
● നെടുമുടി വേണുവിന്റെ വില്ലൻ കഥാപാത്രം.
● ഇന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഗാനങ്ങൾ.
ഹന്നാ എൽദോ
(KVARTHA) ലോഹിതദാസ് രചന നിർവഹിച്ച് സിബി മലയിൽ സംവിധാനം ചെയ്ത സിനിമയായിരുന്നു ധനം. അറ്റ്ലസ് രാമചന്ദ്രനായിരുന്നു നിർമാണം. ഇറങ്ങിയിട്ട് 30 വർഷങ്ങൾ പിന്നിടുമ്പോഴും ഈ സിനിമയും ഇതിലെ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ പച്ചപിടിച്ചു നിൽക്കുന്നു. നല്ലൊരു സിനിമ അല്ലെങ്കിൽ സമൂഹത്തിന് മികച്ച ഒരു സന്ദേശം തരുന്ന ഒരു സിനിമ എന്ന് വേണമെങ്കിൽ ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്നതാണ്.
ചിലപ്പോൾ നോട്ടുകെട്ടുകൾക്ക് കടലാസ്സിന്റെ വില പോലും ഉണ്ടാവില്ല എന്നറിയുക, ഓർക്കുക. പണം ഉപകരിക്കാതെ വരുന്ന സാഹചര്യങ്ങളും ചിലപ്പോൾ ജീവിതത്തിൽ ഉണ്ടായെന്നു വരാം. ഇതൊക്കെയായിരുന്നു അന്ന് ഈ സിനിമ ഇറങ്ങുമ്പോൾ ഇതിലൂടെ മലയാളിക്ക് ലഭിച്ച സന്ദേശങ്ങൾ. മോഹൻലാൽ, മുരളി, ചാർമിള, നെടുമുടി, നാസർ, തിലകൻ, എന്നിവരായിരുന്നു ഈ സിനിമയിൽ പ്രധാന റോളുകളിൽ അഭിനയിച്ചത്.
ജീവിത പ്രാരാബ്ദങ്ങൾ ആയിരുന്നു എങ്ങനെയും പണമുണ്ടാക്കണം എന്നൊരു ചിന്തയിലേക്ക് ശിവശങ്കരനെ കൊണ്ടെത്തിച്ചത്. പല വഴികളും അതിനായി അയാൾ തേടുന്നുണ്ടായിരുന്നു. സ്വസ്ഥവും സന്തോഷവുമായി ജീവിക്കാൻ പണം കൂടിയേ തീരൂ എന്ന ചിന്ത അയാളെ ചില റിസ്കുകൾ എടുക്കാൻ പ്രേരിപ്പിക്കുന്നു. ആത്മാർത്ഥ സുഹൃത്ത് അബുവിനോപ്പം രാത്രിയിൽ ഒരു ട്രിപ്പ് കഴിഞ്ഞു മടങ്ങി വരുന്നതിനിടയിൽ അവരുടെ വാഹനം കേടാവുന്നു. കടൽകരയിൽ വിശ്രമിക്കുന്നതിനിടയിൽ ഒരു കള്ളക്കടത്തു ഡീലിനെ കുറിച്ചുള്ള രഹസ്യ വിവരം അവർക്കു കിട്ടുന്നത്.
കസ്റ്റംസിനെ ഇൻഫോം ചെയ്‌താൽ പിടിച്ചെടുക്കുന്ന സാധനങ്ങളുടെ മൂല്യത്തിനെ നിശ്ചിത ശതമാനം പാരിതോഷികം ആയി കിട്ടും എന്നറിയാവുന്ന ശിവശങ്കരൻ ആ സാഹസത്തിനു മുതിരുന്നു. പക്ഷെ അയാളെ കുറിച്ചുള്ള വിവരങ്ങൾ ആരെയാണോ ഒറ്റിയത് അവർക്കു കിട്ടുന്നത്തോടെ കാര്യങ്ങൾ കൂടുതൽ വഷളാവുന്നു. തുടർന്നുണ്ടാവുന്ന ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേൽകുന്ന ശിവശങ്കരൻ പ്രാണരക്ഷാർത്ഥം ചെന്ന് കേറുന്നത് ക്ഷയിച്ചു പോയ ഒരു മഠത്തിലെ തട്ടിൻപുറത്തേക്ക്. അവിടെ വെച്ച് കണ്ടു മുട്ടുന്നതാണ് തങ്കത്തെ.
അയാളുടെ കഥകൾ അറിയുന്ന തങ്കം ആരുമറിയാതെ ശിവശങ്കരനെ ശുശ്രൂഷിക്കുന്നു. അവിടെ വെച്ച് ആണ് അയാൾ കണ്ട് മനസിലാക്കുന്നത്, പണം ഇല്ലാത്തത് മാത്രമല്ല അതിനേക്കാൾ മോശം അവസ്ഥയിൽ ജീവിക്കുന്നവരും നമുക്ക് ചുറ്റിലും ഉണ്ടെന്നുള്ള ദയനീയമായ കാഴ്ച. കയ്യിൽ ഇരിക്കുന്ന ലക്ഷങ്ങൾക്ക് ചിലപ്പോൾ യാതൊരു വിലയുമില്ല എന്ന തിരിച്ചറിവ്. പ്രിയപ്പെട്ടവരേ നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്കു കാര്യങ്ങൾ കൂടുതൽ വഷളാവുന്നു. സിനിമയിൽ ശിവശങ്കരനായി മോഹൻലാലും സുഹൃത്ത് അബുവായി അന്തരിച്ച പ്രശസ്തനടൻ മുരളിയും തകർപ്പൻ അഭിനയമാണ് കാഴ്ചവെച്ചത്.
എടുത്തു പറയേണ്ടത് ഈ സിനിമയിലെ മുരളി -മോഹൻലാൽ കോമ്പിനേഷൻ ആണ്. ഇരുവരും തമ്മിൽ ഉള്ള സൗഹൃദം, ആ കെമിസ്ട്രി ഒക്കെ നന്നായി വർക്ഔട്ട് ആയി എന്നുതന്നെ പറയണം. അബുവിനെ പോലെ ഒരു ചങ്ങാതിയെ ആരും ആഗ്രഹിച്ച് പോകും എന്നതാണ് സത്യം. വില്ലൻ റോളിൽ വന്ന നാസർ, അങ്ങനെ അധികം ആരും പരാമർശിക്കാത്ത ഒരു വേഷം, സേവ്യർ ജേക്കബ് എന്ന സുന്ദരനും മാന്യനും ആയ വില്ലൻ. നാസറിന്റെ കഥാപാത്രം സിനിമയിൽ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്. മോഹൻലാലിൻ്റെ നായികയായി എത്തിയ ചാർമിളയെ ഈ സിനിമയിൽ കാണാൻ നല്ല ഭംഗിയായിരുന്നു. ഗ്രാമീണ സുന്ദരി എന്നൊക്ക പറയാറില്ലേ അതുപോലെ. നന്നായി തന്നെ തങ്കം എന്ന കഥാപാത്രത്തെ അവർ അവതരിപ്പിച്ചു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്.
ഏറ്റവും വൃത്തികെട്ടതും കാണുമ്പോൾ വെറുപ്പും ദേഷ്യവും തോന്നുന്ന ഒരു കഥാപാത്രം, കോൺസ്റ്റബിൾ രാജപ്പൻ, നെടുമുടി വേണു ചെയ്ത വേഷം. താന്തോന്നിയും സ്ത്രീ ലമ്പടനും ആയ കഥാപാത്രം. തങ്കത്തിന്റെ ചേച്ചിയുടെ ഭർത്താവ്. അവളെ കൂടി കൂടെ പാർപ്പിക്കാൻ ആഗ്രഹിക്കുന്ന വഷളൻ കഥാപാത്രം. അയാളുണ്ടാക്കുന്ന പ്രശ്നങ്ങൾ ആണ് ആ വാര്യത്തെ സമാധാനം നശിപ്പിക്കുന്നത്. നെടുമുടി നന്നായി ചെയ്ത കഥാപാത്രം. മറ്റു വേഷങ്ങളിൽ തിലകൻ : തങ്കത്തിന്റെ അച്ഛൻ, കവിയൂർ പൊന്നമ്മ: ശിവശങ്കരന്റെ അമ്മ, സീനത്ത്: തങ്കത്തിന്റെ ചേച്ചി, ബാബു നമ്പൂതിരി: ശിവശങ്കരന്റെ ചേട്ടൻ എല്ലാവരും മികച്ച അഭിനയം തന്നെയാണ് സിനിമയിൽ കാഴ്ചവെച്ചത്.
'ആനക്കെടുപ്പത് പൊന്നുണ്ടേ, ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ' എന്ന രണ്ട് ഗാനങ്ങളും ഈ സിനിമയിലേത് ആണ്. ഇവ രണ്ടും മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട ഗാനങ്ങളും ആണ്. ഇന്നും ഈ ഗാനങ്ങൾ കേൾക്കുന്നവർ അനവധിയുണ്ട്. പി കെ ഗോപി എഴുതി രവീന്ദ്രൻ സംഗീതം നൽകിയ മൂന്ന് ഗാനങ്ങളാണ് സിനിമയിലുള്ളത്. മൂന്നും നല്ല പാട്ടുകൾ. സിനിമയുടെ ബിജിഎം ചെയ്തിരിക്കുന്നത് ജോൺസൻ ആണ്. ക്യാമറ: എസ് കുമാർ, എഡിറ്റിംഗ് : ഭൂമിനാഥൻ എന്നിവരാണ് സിനിമയിലെ മറ്റ് അണിയറ പ്രവർത്തകർ.
ക്ലൈമാക്‌സിൽ പ്രിയപ്പെട്ടത് പലതും നഷ്ടമാവുന്ന ദുരന്ത നായകൻ. അവസാനത്തെ ആ കരച്ചിൽ പിന്നെ ചിതറിവീഴുന്ന നോട്ടുകൾ. ഇതൊക്കെ തന്നെയാണ് ഈ സിനിമയെ മലയാളിയുടെ ഇഷ്ട സിനിമയാക്കുന്നതും. ചിന്തിക്കാനും ഈ സിനിമയിൽ ധാരാളം പഠിക്കാനും ഉണ്ട് എന്നതാണ് ഈ സിനിമയുടെ തിരക്കഥയെ ഇന്നും വ്യത്യസ്തമാക്കുന്നത്. ലോഹിദാസിൻ്റെ എക്കാലത്തെയും മികച്ച തിരക്കഥ തന്നെയായിരുന്നു ഈ സിനിമയിലേത്. സിബി മലയിൽ സംവിധാനം ചെയ്ത സിനിമകളുടെ കൂട്ടത്തിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നും. ഒപ്പം മോഹൻലാൽ സിനിമകളിൽ എക്കാലവും ശ്രദ്ധിക്കപ്പെടുന്ന സിനിമയും. തീർച്ചയായും അക്കാലത്തെ മികച്ച സിനിമ തന്നെയായിരുന്നു ധനവും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
'Dhanam' movie, starring Mohanlal and Murali, continues to be loved by Malayalis even after 30 years. A timeless classic with a deep social message.
#DhanamMovie #Mohanlal #Murali #MalayalamCinema #ClassicMovies #30Years