Artist | ജഗന്നാഥ വർമ വിട വാങ്ങിയിട്ട് 8 വർഷം; കാക്കിക്കുള്ളിലെ കലാകാരൻ
![Remembering Jagannatha Varma, Malayalam Cinema](https://www.kvartha.com/static/c1e/client/115656/uploaded/1f94f8e0ff53379ff684395d43015254.webp?width=730&height=420&resizemode=4)
![Remembering Jagannatha Varma, Malayalam Cinema](https://www.kvartha.com/static/c1e/client/115656/uploaded/1f94f8e0ff53379ff684395d43015254.webp?width=730&height=420&resizemode=4)
● മുപ്പത്തിയഞ്ചിൽ അധികം വർഷങ്ങൾ മലയാള ചലച്ചിത്രവേദിയിലെ സജീവ സാന്നിധ്യമായിരുന്നു.
● ജീവിതത്തിൽ പതിറ്റാണ്ടുകൾ പൊലീസ് വേഷം അണിഞ്ഞിട്ടുണ്ട് ജഗന്നാഥർമ. ഒരുപക്ഷേ സിനിമയിൽ അതിലേറെ വർഷം.
● 30ലേറെ ചിത്രങ്ങളിൽ പല രൂപങ്ങളിൽ ജഗന്നാഥ വർമ്മയെ പൊലീസ് വേഷത്തിൽ സിനിമയിൽ കണ്ടു.
(KVARTHA) മലയാള സിനിമ ലോകത്തെ പ്രശസ്ത നടനും ഔദ്യോഗിക ജീവിതത്തിൽ പൊലീസ് ഓഫീസറും കഥകളി ലോകത്തു തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനുമായ ജഗന്നാഥവർമ്മ വിടവാങ്ങിയിട്ട് എട്ടുവർഷം. മുപ്പത്തിയഞ്ചിൽ അധികം വർഷങ്ങൾ മലയാള ചലച്ചിത്രവേദിയിലെ സജീവ സാന്നിധ്യമായിരുന്നു.
അഭിനയ ജീവിതത്തിൽ ആദ്യം അഭിനയിച്ച മൂന്ന് ചിത്രങ്ങളും പൂർത്തിയാകാതെ നിർഭാഗ്യവാനായ കലാകാരനെന്ന പേരോട് കൂടി സിനിമ ലോകത്ത് കടന്നുവരുന്ന ജഗന്നാഥ് വർമ്മ പിന്നീട് 1978 ൽ എ. ഭീം സിംഗ് സംവിധാനം ചെയ്ത മാറ്റൊലി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. മാറ്റൊലിക്ക് ശേഷം നക്ഷത്രങ്ങളേ സാക്ഷി, അന്തഃപ്പുരം, ശ്രീകൃഷ്ണപ്പരുന്ത്, സർഗ്ഗം,പരിണയം, ന്യൂഡെൽഹി, സിബിഐ ഡയറിക്കുറിപ്പ്, ലേലം തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇദ്ദേഹം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ജീവിതത്തിൽ പതിറ്റാണ്ടുകൾ പൊലീസ് വേഷം അണിഞ്ഞിട്ടുണ്ട് ജഗന്നാഥർമ. ഒരുപക്ഷേ സിനിമയിൽ അതിലേറെ വർഷം. പൊലീസിൽ നിന്ന് വിരമിക്കുമ്പോൾ എസ് പി തസ്തികയിൽ ആയിരുന്നെങ്കിൽ സിനിമയിൽ പലപ്പോഴും ഡി ജി പി വേഷത്തിൽ ആയിരുന്നു. 30ലേറെ ചിത്രങ്ങളിൽ പല രൂപങ്ങളിൽ ജഗന്നാഥ വർമ്മയെ പൊലീസ് വേഷത്തിൽ സിനിമയിൽ കണ്ടു. ഒരു കലാ കുടുംബത്തിൽ ജനിച്ചുവീണ ജഗന്നാഥവർമ്മക്ക് ജീവിതം എന്നും കലയും സംഗീതവും കഥകളിയും നിറഞ്ഞതായിരുന്നു. ബാല്യം വിടും മുമ്പ് തന്നെ ചായം തേച്ച് കച്ചയണിഞ്ഞ് കഥകളി അരങ്ങിൽ തെളിഞ്ഞിരുന്നു.
കഥകളി ലോകത്തെ ജഗന്നാഥൻ ആകാനാണ് വിധി എന്ന് അന്ന് എല്ലാവരും കരുതി എങ്കിലും കാലം കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ചെറുപ്രായത്തിൽ തന്നെ സിനിമാ മോഹം വീട്ടിൽ അവതരിപ്പിച്ചു എങ്കിലും ഒരിക്കലും കുടുംബത്തിന് അത് അംഗീകരിക്കാൻ സാധിച്ചിരുന്നില്ല. അനിവാര്യമായ ഔദ്യോഗിക വേഷം പോലീസ് അതായിരുന്നു വിധി നിശ്ചയിച്ചിരുന്നത്. പക്ഷേ തന്റെ വിധി താൻ തന്നെ നിശ്ചയിക്കുമെന്ന ഉറച്ച തീരുമാനവുമായി സിനിമ മോഹമെന്നും മനസ്സിൽ കരുതിയ ജഗന്നാഥർമ തൃശ്ശൂർ രാമവർമ്മപുരം ട്രെയിനിങ് കോളേജിലെ ഇടവേള സമയം നാടകങ്ങളിലും മറ്റു കലാപരിപാടികളും പങ്കെടുത്ത് തന്റെ ആഗ്രഹത്തെ എന്നും തേച്ചു മിനുക്കി കൊണ്ടിരുന്നു.
ഔദ്യോഗിക ജീവിതത്തിൽ ഇരിക്കെ കലാസംസ്കാരിക പരിപാടിയിൽ പങ്കെടുക്കാനുള്ള സർക്കാറിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് സിനിമ ലോകത്തേക്ക് ഇറങ്ങിയത്. തന്റെ 74-ാം വയസ്സിൽ ചെണ്ടയിൽ അരങ്ങേറ്റം കുറിച്ച അവിശ്വസനീയമായ നിതാന്ത പരിശ്രമത്തിന്റെ ഉടമയായിരുന്നു ഈ കലാകാരൻ.
സിനിമയിൽ വരുന്നതിനുമുമ്പ് പൊലീസുകാരൻ ആവുകയും പൊലീസുകാരൻ ആയിരിക്കേ സിനിമ ലോകത്ത് തിളങ്ങുകയും ചെയ്ത അപൂർവ വ്യക്തിത്വം.
തന്റെ പൊലീസ് വേഷത്തോട് നീതിപുലർത്തിയത് അഭിനയത്തിലും ഔദ്യോഗിക ജീവിതത്തിലും മാത്രമായി ചുരുക്കി ബാക്കിയുള്ള മുഴുവൻ സമയങ്ങളിലും മറ്റുള്ളവരോട് സഹാനുഭൂതിയും സൗഹൃദവും പുലർത്തുന്ന ഒരു യഥാർത്ഥ കലാസ്നേഹി ആയിരുന്നു ജഗന്നാഥവർമ്മ. കഥകളിയും ക്ഷേത്ര കലകളും മരണം വരെ മനസ്സിൽ നിന്ന് മാഞ്ഞു പോകാത്ത ഒരു തനി നാടൻ മനുഷ്യൻ. തന്റെ കലാ ജീവിതത്തിൽ നിരവധി വ്യത്യസ്ത വേഷങ്ങൾ ആടി പ്രേക്ഷകമനസ്സിൽ വിവിധ വേഷങ്ങളിൽജീവിച്ച ജഗന്നാഥ വർമ്മ
2016 ഡിസംബർ 20ന് തന്റെ എഴുപത്തിയേഴാമത് വയസിൽ ഈ ലോകത്തോട് വിടവാങ്ങി.
#JagannathaVarma #MalayalamCinema #Kathakali #PoliceOfficer #FilmLegend #CinemaTribute