അടുത്ത തിങ്കളാഴ്ച കൂടി ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കും; അപകീര്‍ത്തിക്കേസില്‍ ഹാജരാകാത്ത കങ്കണയ്ക്ക് കോടതിയുടെ അന്തിമ താക്കീത്
Sep 14, 2021, 18:06 IST
മുംബൈ: (www.kvartha.com 14.09.2021) കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ ഹാജരാകാത്ത ബോളിവുഡ് നടി കങ്കണ റണാവത്തിന് മുന്നറിയിപ്പുമായി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി. അടുത്ത ഹിയറിംഗിന് ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. തുടര്‍ച്ചയായി ഹാജരാകാതിരുന്നതോടെയാണ് താരത്തിന് കോടതി താക്കീത് നല്‍കിയത്.
അടുത്ത തിങ്കളാഴ്ച കൂടി ഹാജരായില്ലെങ്കില്‍ നടിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് ജഡ്ജി ആര്‍ ആര്‍ ഖാന്‍ വ്യക്തമാക്കി. സെപ്തംബര്‍ 20നാണ് അടുത്ത ഹിയറിംഗ്. തിങ്കളാഴ്ച കൂടി ഹാജരായില്ലെങ്കില്‍ കങ്കണയുടെ അറസ്റ്റ് സാധ്യത കൂടുതലായി.
പുതിയ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 2 ആഴ്ചകളിലായി തിരക്കിലായിരുന്നുവെന്നും കോവിഡ് രോഗലക്ഷണങ്ങളുണ്ടെന്നും പറഞ്ഞാണ് ചൊവ്വാഴ്ചയും നടി കോടതിയില്‍ എത്താതിരുന്നത്. അതേസമയം പരാതിക്കാരനായ ജാവേദ് അക്തര്‍ ഭാര്യ ശബാന ആസ്മിയോടൊപ്പം കോടതിയിലെത്തി.
കഴിഞ്ഞ വര്‍ഷമാണ് ജാവേദ് അക്തറിനെതിരെ ബോളിവുഡില്‍ പലരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന സംഘത്തിന്റെ ഭാഗമാണെന്ന വിവാദ പരാമര്‍ശം കങ്കണ നടത്തിയത്. ഇതിന് പിന്നാലെയാണ് ജാവേദ് അക്തര്‍ കങ്കണയ്‌ക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. കേസ് റദ്ദാക്കണമെന്ന കങ്കണയുടെ അപേക്ഷ കഴിഞ്ഞയാഴ്ച ബോംബെ ഹൈകോടതി തള്ളിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.