Legacy | ജയന്റെ മരണമില്ലാത്ത ഓർമ്മകൾക്ക് 44 വർഷം; അഭ്രപാളികളിൽ ഇന്നും ആവേശം

 
Jayan's Immortal Memories: 44 Years Since His Tragic End
Jayan's Immortal Memories: 44 Years Since His Tragic End

Photo Credit : Facebook/ JAYAN : ജയന്‍ : The Man Behind The Legend

● ജയന്റെ 44-ാം ചരമവാർഷം.
● മലയാള സിനിമയുടെ ആദ്യ ആക്ഷൻ നായകൻ.
● 'കോളിളക്കം' ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ മരണം.
● 'അങ്ങാടി' ജയനെ ജനകീയ നടനാക്കി മാറ്റി.

(KVARTHA) മലയാള സിനിമ ലോകം പൗഡർ ഇട്ട സുന്ദരക്കുട്ടപ്പന്മാരായ നായകന്മാരുടെ പിന്നാലെ ചുറ്റിക്കറങ്ങി നടന്നിരുന്ന കാലത്ത് സാഹസികതയും പൗരുഷവും കൊണ്ടാണ് ജയൻ പ്രേക്ഷകരുടെ മനസിനെ കീഴടക്കിയത്. അങ്ങാടിയിലെ ചുമട്ട് തൊഴിലാളിയായും, കുതിരക്കാരനായുമൊക്കെ മലയാള സിനിമ വേദിയിൽ മാറ്റത്തിന്റെ പ്രകമ്പനം സൃഷ്ടിച്ച കഥാപാത്രങ്ങളാണ്. ചലച്ചിത്ര പ്രേമികളുടെ ചിന്തയും വികാരവും മാറ്റിമറിച്ച അനശ്വര നായകൻ  കൃഷ്ണൻ നായർ എന്ന ജയൻ  സിനിമ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ പെട്ട് തന്റെ നാല്പത്തിയൊന്നാമത് വയസ്സിൽ  ലോകത്തോട് വിടവാങ്ങിയിട്ട് നവംബർ 16ന് 44 വർഷമായി.

വിട വാങ്ങിയിട്ട് 44 വർഷം കഴിഞ്ഞെങ്കിലും മലയാള സിനിമയിൽ  യുവത്വത്തിന്റെയും സാഹസികതയുടെയും  പ്രതീകമായി ഒരേ ഒരു നടൻ മാത്രമേ അന്നും ഇന്നും ഉള്ളൂ. കാലമേറെ കഴിഞ്ഞിട്ടും ഇന്നും ആരാധകരുടെ മനസ്സിൽ നിന്ന് ജയൻ ഇറങ്ങിപ്പോയിട്ടില്ല. 1939 ജൂലൈ 25ന് ജനിച്ച് 1980 നവംബർ 16 ന് ഒരു മിന്നൽ പോലെ അപ്രത്യക്ഷനായ ജയൻ പ്രമുഖനായ മലയാള സിനിമാ അഭിനേതാവും 1970 കളിലെ കേരളത്തിൻ്റെ സാംസ്കാരികചിഹ്നവുമായിരുന്നു. സിനിമയിൽ വരുന്നതിനുമുമ്പ് നേവിയിൽ ഓഫീസർ ആയിരുന്നു. 
 
115  മലയാള ചിത്രങ്ങളിലും പൂട്ടാത്ത പൂട്ടുകൾ എന്ന തമിഴ് ചിത്രമടക്കം അദ്ദേഹം 116 സിനിമകളിൽ അഭിനയിച്ചു.  തന്റേതായ പൗരുഷഭാവങ്ങൾക്കും അതുല്യമായ അഭിനയ ശൈലിയ്ക്കും പ്രശസ്തനായിരുന്നു. അതിസങ്കീർണ്ണമായ സ്റ്റണ്ട് രംഗങ്ങളിൽ അവയുടെ അപകടസ്വഭാവം ഗൗനിക്കാരെ തന്മയത്വമായ പ്രകടനം കാഴ്ചവയ്ക്കുന്നതിൻ അദ്ദേഹം അത്യധികം ശ്രദ്ധിച്ചിരുന്നു. അഭിനയത്തോടുള്ള ഈ അപാരമായ പ്രതിബദ്ധത തന്നെയായിരുന്നു പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കെ  ആ ജീവൻ കവർന്ന് പോകാനുമുള്ള കാരണം. 

1970 കളുടെ അന്ത്യപാദങ്ങളിൽ മലയാള സിനിമയിലെ ഏറ്റവും ജനപ്രിയനായ നടനായി പ്രശസ്തി നേടിയ അദ്ദേഹത്തിന് മലയാള സിനിമയിലെ ആദ്യ ആക്ഷൻ നായകനെന്ന വിശേഷണം തികച്ചും അർഹമായ ഒന്നായിരുന്നു. കേരളത്തിലെ യുവാക്കൾക്കിടയിൽ വേഷവിധാനത്തിലും ശൈലിയിലും മറക്കാനാവത്ത ഒരു തരംഗം സൃഷ്ടിച്ച അഭിനേതാവായിരുന്നു ജയൻ. 1970-കളിൽ നിരവധി ചിത്രങ്ങളിൽ ആക്ഷൻ ഹീറോയായി അഭിനയിച്ച് വളരെ ചുരുങ്ങിയ സമയം കൊണ്ട് അഭിനേതാവായി ഉയർന്നുവന്ന് 41-ാം വയസിൽ തന്റെ പ്രശസ്തിയുടെ ഉത്തുംഗത്തിലായിരിക്കെ കോളിളക്കം എന്ന സിനിമയിൽ അത്യന്തം അപകടം പിടിച്ച ഒരു ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് ഹെലികോപ്റ്റർ അപകടത്തിലാണ് ഈ ദുരന്തം സംഭവിച്ചത്. 

പറന്നു പൊങ്ങിയ ഹെലികോപ്റ്ററിന്റെ ലാന്റിംഗ് പാഡിൽ തൂങ്ങി ഫൈറ്റ് സീൻ ചിത്രീകരിക്കുന്ന വേളയിൽ ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു. കാലത്തിന്റെ തിരശീലയ്ക്കു പിന്നിൽ മറഞ്ഞുവെങ്കിലും പൗരുഷത്തിന്റേയും സാഹസകതയുടേയും പ്രതീകമായി ഇന്നും ജനമനസുകളിൽ സ്ഥാനം ലഭിക്കുന്ന എന്നത് ഇന്ത്യൻ സിനിമയിൽ ജയനു മാത്രമാണ് സാധിച്ചിട്ടുള്ളത്. പതിനഞ്ച് വർഷത്തെ നാവികജീവിതം ജയന് ജീവിതാനുഭവങ്ങളുടെ ബൃഹത്തായ ഒരു പുസ്തകമായിരുന്നു. ആ സമയത്ത് ലഭിച്ച അനുഭവ കരുത്ത് പകർന്ന ശക്തിയിലാണ് പിന്നീട് പ്രേക്ഷകരെ തന്റെ കയ്യിലെടുക്കാൻ ജയനെ സഹായിച്ചത്. 

1974-ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.  തുടർന്ന് ലഭിച്ച പലതും വില്ലൻവേഷങ്ങളായിരുന്നു. പ്രേക്ഷകർ ഏറ്റുവാങ്ങുന്ന അഭിനയ സിദ്ധിയാണ് എന്ന് നിർമ്മാതാക്കൾക്ക് മനസ്സിലായതിനാൽ പിന്നെ അവസരങ്ങൾ ജയനെ തേടി എത്തുകയായിരുന്നു.  മിന്നിമറയുന്നത് ഒരു സീനിലാണെങ്കിൽ പോലും ജയന്റെ കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. ഭാവാഭിനയത്തിൽ മികവു പുലർത്തിയിതോടൊപ്പം ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തിൽ സംക്രമിപ്പിച്ച് ജയൻ അവതരിപ്പിച്ച ജയനെ പ്രേക്ഷകർ ആവേശപൂർവ്വം നെഞ്ചിലേറ്റി. ജയന്റെ സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾ അക്ഷരാർത്ഥത്തിൽ പൂരപ്പറമ്പുകൾ പോലെയായി.  

സംഭാഷണത്തിൽ വളരെയധികം സ്വാഭാവികതയുണ്ടായിരുന്ന ജയന്റെ ശബ്ദം അതുവരെ മലയാള സിനിമയിലെ നായകൻമാർക്കില്ലാതിരുന്ന തരത്തിൽ ഗാംഭീര്യമുള്ളതായിരുന്നു. ജയന്റെ മനസ്സിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ സംവിധായകർ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും തിരുത്തിയെഴുതി. തനിക്കു ലഭിക്കുന്ന കയ്യടികൾ തന്റെ അദ്ധ്വാനത്തിനു കിട്ടുന്ന പ്രതിഫലമായിരിക്കണമെന്ന് അദ്ദേഹം ആത്മാർ‌ത്ഥമായി ആഗ്രഹിച്ചു. 

ജയന്റ അസാധ്യമായ പ്രകടനങ്ങൾക്കൊപ്പം നിഴലുപോലെ സഞ്ചരിച്ചിരുന്ന മരണം ഒടുവിൽ ജയനെ കീഴ്‌പെടുത്തി. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജയനെ ജയിച്ചെന്നു കരുതുന്ന മരണത്തെ ആരാധക ഹൃദയങ്ങളിലെ കെടാത്ത സാന്നിധ്യമായി നിന്ന് ജയൻ തോല്പിച്ചുകൊണ്ടേയിരിക്കുന്നു. ജീവിതാഭിനയത്തിന് വളരെ ചെറുപ്പത്തിൽ തന്നെ അപകടം തിരശ്ശീല വീഴ്ത്തിയെങ്കിലും പൗരുഷത്തിന്റെയും സാഹസികതയുടെയും പ്രതീകമായി ഇന്നും ജനമനസ്സുകളിൽ സ്ഥാനം ലഭിക്കുന്നു എന്നത് ഇന്ത്യൻ സിനിമയിൽ ജയനു മാത്രം സാധ്യമായ അപൂർവ്വതയാണ്. ജയനെ ജനകീയ നടനാക്കിത്തീർത്തത് അങ്ങാടി ആയിരുന്നു.  ഐ വി ശശി സംവിധാനം ചെയ്ത ഈ ചിത്രം മുൻകാല കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു.

കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്റർ അപകടത്തിൽ ആയിരുന്നു ആ ദാരുണ അന്ത്യം സംഭവിച്ചത്. പ്രേക്ഷകരുടെ മനസ്സിൽ മരണമില്ലാത്ത ജയന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ജന്മ സ്ഥലമായ കൊല്ലം 'ഓലയിൽ' എന്ന സ്ഥലത്തിന് ജയൻ നഗർ എന്ന് പേര് നൽകുകയും അദ്ദേഹത്തിന്റെ പേരിൽ ഒരു ക്ലബ് രൂപീകരിക്കുകയും ചെയ്തു. മരിച്ച് 44 വർഷങ്ങൾ കഴിഞ്ഞിട്ടും ജയന്റെ ആരാധകർ ഈ ദിനം ഒരു നൊമ്പരത്തോടെയാണ് ഓർക്കുന്നത്. ജയന്റെ ആരാധകർ കേരളത്തിൽ പല സ്ഥലങ്ങളിലും അദ്ദേഹം   അഭിനയിച്ച ചിത്രങ്ങളുടെ പ്രദർശനം നടത്താറുണ്ട്. കൊല്ലം ജില്ലാ പഞ്ചായത്ത് അവരുടെ പുതിയ കോൺഫ്രൻസ് ഹാളിന് ജയൻ്റെ പേര് നൽകിയിട്ടുണ്ട്.

#Jayan #MalayalamCinema #Legend #ActionHero #Kolilakkam #Angadi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia