Praise | മലയാളം മോഹന്‍ലാലിനോട് കടപ്പെട്ടിരിക്കുന്നു, താരത്തിന്റെ മനുഷ്യത്വം എടുത്ത് പറയേണ്ടത്, കേരളത്തേയും കേരളീയരേയും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്ന കലാകാരനെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: (KVARTHA) മോഹന്‍ലാലിനെ പ്രശംസ കൊണ്ട് മൂടി മുഖ്യമന്ത്രി പിണറായി വിജയന്‍. കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയുടെ ശതാഭിഷേകത്തോട് അനുബന്ധിച്ച് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്റെ പുരസ്‌കാര സമര്‍പ്പണത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രശംസ.
വിശേഷണം ആവശ്യമില്ലാത്ത കലാകാരനാണെന്നാണ് ലാലിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. മലയാള സിനിമ രംഗത്ത് നിറഞ്ഞു നില്‍ക്കുകയും മലയാള സിനിമയുടെ യശസ് ഉയര്‍ത്തുകയും ചെയ്യുന്ന കലാകാരന്‍. മലയാളം മോഹന്‍ലാലിനോട് കടപ്പെട്ടിരിക്കുന്നു. മോഹന്‍ലാലിന്റെ മനുഷ്യത്വം എടുത്ത് പറയേണ്ടതാണ്. കേരളത്തേയും കേരളീയരേയും നെഞ്ചോട് ചേര്‍ത്തു നിര്‍ത്തുന്ന കലാകാരനാണു ലാലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിനിമാ മേഖലയിലടക്കം സ്ത്രീകള്‍ക്കു നിര്‍ഭയമായി ജോലി ചെയ്യാന്‍ കഴിയണം. കലാകാരികള്‍ക്ക് ഉപാധികള്‍ ഉണ്ടാകരുത്. സിനിമയിലെ ഓരോ അംശവും ജനങ്ങളെ സ്വാധീനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിനിമ പീഡന വിവാദങ്ങളെ തുടര്‍ന്നുണ്ടായ 'അമ്മ'യിലെ കൂട്ട രാജിയ്ക്കു പിന്നാലെ മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രശംസ. വിമര്‍ശനങ്ങള്‍ക്കിടെ ശനിയാഴ്ച ഉച്ചയ്ക്ക് മോഹന്‍ലാല്‍ മാധ്യമങ്ങളെ കണ്ടിരുന്നു. മലയാള സിനിമയില്‍ ശുദ്ധീകരണം ആവശ്യമുണ്ടെന്ന് പറഞ്ഞ താരം കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച് തന്നെ ബുദ്ധിമുട്ടിക്കരുതെന്നും തനിക്കറിയാവുന്ന കാര്യങ്ങള്‍ മാത്രമേ പറയാന്‍ കഴിയൂ എന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ചടങ്ങില്‍ പങ്കെടുത്തു. ശ്രീകുമാരന്‍ തമ്പിയുടെ പേരിലുള്ള പുരസ്‌കാരം മുഖ്യമന്ത്രി മോഹന്‍ലാലിന് സമ്മാനിച്ചു.
#Mohanlal #PinarayiVijayan #MalayalamCinema #Kerala #IndianCinema #Actor #Humanitarian