Criticism | മോഹൻലാലിനെക്കൊണ്ട് കുറെ സ്ലോമോഷനിൽ നടത്തിക്കുന്നതാണോ സംവിധാനം! സിനിമയിൽ സ്ത്രീകളെ കച്ചവടചരക്കാക്കുന്ന ആഭാസ രംഗങ്ങൾ എന്തിന്? പൃഥ്വിരാജിൻ്റെ ലൂസിഫറും വർത്തമാന സംഭവങ്ങളും
* സിനിമയിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് വലിയ ചർച്ചകൾ ഉയർന്നിട്ടുണ്ട്.
* സൂപ്പർസ്റ്റാർമാർക്ക് സ്വാധീനം കൂടുതലായതിനാൽ സിനിമയിൽ മാറ്റങ്ങൾ വരുത്താൻ പ്രയാസമാണ്.
* സിനിമയിലെ പല സീനുകളും സ്ത്രീകളെ അപമാനിക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.
(KVARTHA) ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമാ രംഗത്തെ പല ഉള്ളുകളികളും മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മാന്യന്മാർ എന്ന് നമ്മൾ കരുതിയിരുന്ന പല നടന്മാരുടെയും പൊയ് മുഖമാണ് അഴിഞ്ഞുവീണുകൊണ്ടിരിക്കുന്നത്. പല സൂപ്പർതാരങ്ങളും സ്വന്തം നിലയിൽ പടം നിർമ്മിച്ച് രംഗത്ത് വരുന്ന പ്രവണതയും ഇന്ന് ഏറിവന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ പണ്ട് സിനിമാ രംഗത്ത് സംവിധായകൻ ആയിരുന്നു യഥാർത്ഥ വാക്കെങ്കിൽ ആ സ്ഥാനം ഇപ്പോൾ സൂപ്പർതാരങ്ങൾ പിടിച്ചടക്കിക്കൊണ്ടിരിക്കുന്നു.
അവരുടെ ചൊൽപ്പടിക്ക് നിൽക്കേണ്ട പാവകളായി സിനിമയിലെ മറ്റ് അണിയറ പ്രവർത്തകർ മാറുന്ന ഗതികേടിലായിരിക്കുന്നു ഇന്ന് മലയാള സിനിമ. സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് സ്വയം സിനിമയെ ചലിപ്പിക്കുന്ന സൂപ്പർതാരങ്ങൾ മലയാള സിനിമയിൽ നിരവധിയായിക്കൊണ്ടിരിക്കുകയാണ്. ചില സൂപ്പർതാരങ്ങൾ സംവിധായകരുടെ വേഷം കെട്ടാൻ വരെ ഇറങ്ങിത്തിരിച്ചിരിക്കുന്നു എന്നതാണ് സത്യം.
ഇവർ മാധ്യമങ്ങളുടെ മുന്നിലും പൊതുസമൂഹത്തിനും മുന്നിലും നിന്ന് വിളിച്ചു പറയുന്ന പല കാര്യങ്ങൾക്കും അവരുടെ പ്രവൃത്തിയുമായി യാതൊരു ബന്ധവുമില്ലെന്ന് തെളിയിക്കുന്നതാണ് അവർ ചെയ്യുന്ന ഒരോ സിനിമകളും. അങ്ങനെ ഒരു സിനിമയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരാൾ എഴുതിയ ഒരു കുറിപ്പ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. അത് നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമയെക്കുറിച്ചാണ് .
കുറിപ്പിൽ പറയുന്നത്: 'സിനിമയെക്കുറിച്ച് നെഗറ്റീവ് റിവ്യൂ കൊടുക്കുന്നത് വിലക്കണം എന്നാവശ്യപ്പെട്ട് ചിലർ ഹൈക്കോടതിയിൽ വരെയെത്തി! അപ്പോൾ വെറും ചവറ് സിനിമകൾ പിടിച്ചിട്ട് റിലീസിന് മുൻപുതന്നെ എന്തോ മഹാസംഭവം പോലെ നിരന്തരം വാർത്തകൾ കൊടുത്ത് അത് യുവാക്കളിൽ അടിച്ചേൽപ്പിക്കുന്നതും, അതേ ചവറുപടം കണ്ടിറങ്ങുന്ന നടന്മാരുടെ ഫാൻ അസ്സോസിയേഷനിൽ ഉള്ളവർ അത്യുഗ്രൻ എന്ന് പറഞ്ഞ് അത് കാണാത്തവരെ വിഡ്ഢികളാക്കുന്നതും നിരോധിക്കേണ്ടേ? പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന എമ്പുരാൻ എന്ന സിനിമയുടെ കാര്യം എടുക്കാം.
അത് ഷൂട്ട് ചെയ്യുന്നതിന് മുൻപുതന്നെ ലക്ഷങ്ങൾ മുടക്കി എല്ലാ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും എല്ലാം വാർത്തകളും പോസ്റ്റുകളും ഇട്ട് അത് യുവാക്കളിലേയ്ക്ക് അടിച്ചേൽപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. അത് ഷൂട്ട് ചെയ്തു തുടങ്ങിയിട്ടുപോലും ഇല്ലാത്തതിനാൽ ഇതേ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ കാണാൻ തിയേറ്ററിൽ കയറി സഹികെട്ട് ഇന്റർവൽ സമയത്ത് ഇറങ്ങിപ്പോന്ന കാര്യം പറയാം. അന്ന് ഞാൻ തിയേറ്ററിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. പിന്നീട് ആ സിനിമ മലയാളത്തിൽ ഏറ്റവും കൂടുതൽ പണം വാരിയ പടം ആയെന്നത് എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.
ഞാൻ പകുതിവച്ച് ഇറങ്ങിപ്പോന്നു എന്ന് പറഞ്ഞപ്പോൾ പലരും എന്നെ കളിയാക്കി. അവരുടെ അഭിപ്രായത്തിൽ ഏറ്റവും കൂടുതൽ പണം വാരിയ സിനിമ വെറും തറ പടം ആണെന്ന് പറയുന്ന ഞാൻ വെറുമൊരു വിഡ്ഢിയാണ്. അപ്പോൾ ഞാൻ ശരിക്കും വിഡ്ഢി തന്നെയാണോ എന്നെനിക്ക് തന്നെ സംശയം ആകയാൽ, ഞാൻ ആ പടം മുഴുവൻ കാണുവാൻ തീരുമാനിച്ചു. അതിനാൽ അടുത്തിടെ അത് ടിവിയിൽ വന്നപ്പോൾ പരസ്യസമയത്ത് പോലും എഴുന്നേറ്റ് പോകാതെ മുഴുവനും ഇരുന്നു കണ്ടു. എനിക്ക് തെറ്റിയില്ല. വെറും മൂന്നാം കിട പടമാണത്. ഹിറ്റായ നിരവധി ആക്ഷൻ സിനിമകളിൽ നിന്നും കോപ്പിയടിച്ച നിരവധി സീനുകളാൽ നിറഞ്ഞ പരിതാപകരമായ സിനിമ.
സീനുകൾ ഒരുപാട് ഉണ്ടെങ്കിലും നിങ്ങൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്ന ചില ഹോട്ട് രംഗങ്ങൾ പറയാം. കാലാകാലങ്ങളായി ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഉണ്ടാക്കുന്ന ചവറുസിനിമകളിൽ എല്ലാം കാണുന്ന രംഗങ്ങൾ. ഒന്ന്, വില്ലൻ സ്വിമ്മിങ് പൂളിനരികിൽ കിടക്കുന്നു. അപ്പോൾ ഒരു സ്ത്രീ സ്വിംസ്യൂട്ടിൽ സ്വിമ്മിങ് പൂളിൽ നിന്നും കയറി വെറുതെ നടന്നു പോകുന്നു. അപ്പോൾ ക്ലോസപ്പിൽ കാണുന്ന ആ സ്ത്രീയുടെ തുടകളും ചന്തിയും അങ്ങിങ്ങായി കാണുന്ന സ്തനങ്ങളുടെ ഭാഗങ്ങളും കണ്ട് സിനിമ കണ്ടിരിക്കുന്ന യുവാക്കൾ കയ്യടിക്കുന്നു.
രണ്ട്. വലുതോ ചെറുതോ ആയ വില്ലൻ ഏതെങ്കിലും ഒരു സ്ത്രീയുടെ മറപൊക്കി അകത്തു കയറി അവരുടെ അടുത്ത് ലൈംഗിക ചേഷ്ടകൾ കാണിക്കുമ്പോൾ നായകൻ വന്ന് ആ വില്ലനെ അടിക്കുകയോ കൊല്ലുകയോ ചെയ്യുന്നു. ആദ്യം വില്ലൻ സ്ത്രീയുടെ ശരീരത്തിൽ പിടിച്ചും തലോടിയും ഒക്കെ സീൻ കൊഴുപ്പിക്കുമ്പോൾ കസേരയിൽ അമർന്നിരുന്ന് ആസ്വദിക്കുന്ന അതേ യുവാക്കൾ പിന്നെ നായകൻ വില്ലനെ തല്ലുമ്പോൾ വിസിലടിക്കുകയും കയ്യടിക്കുകയും ചെയ്യുന്നു.
മൂന്ന്, ഇതില്ലാത്ത ചവറുപടങ്ങൾ ഇല്ലെന്നുതന്നെ പറയേണ്ടിവരും. അതായത് ഒരു ബാറിൽ കുറെ സ്ത്രീകൾ അല്പവസ്ത്രങ്ങളുമായി ബാർ ഡാൻസ് കളിക്കുന്നു. ചില സിനിമകളിൽ നായകൻ അവരുടെ കൂടെ കൂടി ഡാൻസ് കൊഴുപ്പിക്കും. ഏകദേശം എല്ലാ തെലുങ്ക് സിനിമകളിലും ഇത് കാണാം. അല്ലെങ്കിൽ നായകൻ വില്ലനെ കണ്ടെത്തുന്നത് ഈ ബാർ ഡാൻസിന് ഇടയിലാണ്! ഇതുപോലെ ഏകദേശം എല്ലാ സീനുകളും തനി കോപ്പിയടികൾ ആണ്. എന്നാൽ സംവിധാനം എന്ന് പറയാമോ, അതൊട്ടില്ലതാനും. മോഹൻ ലാലിനെക്കൊണ്ട് കുറെ സ്ലോമോഷനിൽ നടത്തിക്കുന്നതാണോ സംവിധാനം?!
ഞാൻ ഇതൊക്കെയും ഇപ്പോൾ എഴുതിയത് ഇതൊന്നും പറയാൻ അല്ല. മറിച്ച്, ലൂസിഫറിൽ ഉള്ള സ്ത്രീകളെ കച്ചവട ചരക്കാക്കുന്ന തരത്തിലുള്ള ആഭാസ രംഗങ്ങൾ എന്തിനാണ് ചേർത്തത് എന്ന് ഒരാൾ പ്രിത്വിരാജിനോട് ചോദിച്ചപ്പോൾ, 'അത് സിനിമയിൽ ആ രംഗങ്ങളിലെ സിറ്റുവേഷൻ ഡിമാൻഡ് ചെയ്തതാണ്' എന്ന് അതിന് മറുപടി നൽകിയാണ് ന്യായീകരിച്ചത്. ഞാൻ മുൻപറഞ്ഞ എല്ലാ രംഗങ്ങളും ഒന്നുകൂടി മനസ്സിൽ റീവൈൻഡ് ചെയ്തുനോക്കി. ഞാൻ ഉറപ്പിച്ചു പറയുന്നു, അതിൽ ഒരു രംഗവും ഒഴിച്ചുകൂടാൻ പറ്റാത്തതല്ല. ഉദാഹരണത്തിന് വില്ലൻ സ്വിമ്മിങ് പൂളിനരികിൽ കിടക്കുമ്പോൾ ചന്തിയും തുടകളും മുലകളും കാണിച്ച് ഒരു യുവതി പൂളിൽ നിന്നും കയറി എങ്ങോട്ടോ നടന്നു പോകേണ്ട ഒരു കാര്യവുമില്ല.
അത് ചേർത്തത് സ്ത്രീകളെ വെറും കച്ചവടച്ചരക്കായും ഭോഗവസ്തുവായും കാണുന്ന മനസ്സിനുടമയായ വെറുമൊരു ഇസ്‌പേഡ് ഏഴാംകൂലിയാണ്. അതിനെ ന്യായീകരിച്ച പ്രിത്വിരാജിൻറെ ഭാര്യ സുപ്രിയയുടെ ഫോട്ടോകൾ ഞാൻ സെർച്ച് ചെയ്തു നോക്കി. അവർ ശരീരം മുഴുവൻ മറച്ചല്ലാതെയുള്ള ഒരു ഇമേജും എനിക്ക് കാണാൻ കഴിഞ്ഞില്ല. അപ്പോൾ പ്രിത്വിരാജ് അവൻറെ സിനിമയിൽ അഭിനയിച്ച നടികളെക്കൊണ്ട് വസ്ത്രം ഊരിച്ചെങ്കിലും അവൻറെ ഭാര്യയെ വസ്ത്രം ഉടുപ്പിച്ചേ നടത്തൂ. എന്നുവച്ചാൽ അതൊക്കെ സഭ്യമായ വസ്ത്രധാരണം അല്ലെന്ന് അവനറിയാം, പക്ഷെ, ആ സഭ്യത സ്വന്തം ഭാര്യയിൽ മാത്രമേ അവൻ നടപ്പാക്കൂ.
മറ്റൊരു ഭാഗത്ത്, വില്ലൻ കാമപുരസ്സരം ഒരു സ്ത്രീയുടെ കവിളിൽ ഞാൻ മറ്റൊരു സിനിമയിലും കണ്ടിട്ടില്ലാത്തവിധം അതീവ വൾഗർ ആയി പിടിക്കുന്നത് കാണാം. അത് സിറ്റുവേഷൻ ഡിമാൻഡ് ചെയ്തതൊന്നുമല്ല. അധികം അറിയപ്പെടാത്ത ഒരു നടിയ്ക്ക് കുറച്ച് പണം കൊടുത്തപ്പോൾ അവർ അതിനൊക്കെ തയ്യാറാകും എന്ന തിരിച്ചറിവിൽ അവരുടെ സ്ത്രീത്വത്തെ ചൂഷണം ചെയ്യുകയാണ് പ്രിത്വിരാജ് എന്ന മഹാൻ ചെയ്തത്. അത് സുപ്രിയ അല്ലല്ലോ, അല്ലേ പ്രിത്വിരാജേ? ഇനി ബാർ ഡാൻസ് (ഐറ്റം നമ്പർ) രംഗത്ത്, നായകൻ വില്ലന്മാരെ അടിച്ചൊതുക്കുമ്പോൾ അത്തരം സീനുകളിൽ പോലും ശരീരം പ്രദർശിപ്പിച്ചുള്ള വസ്ത്രം ധരിച്ച് ഡാൻസ് കളിക്കുകയാണ് സ്ത്രീകളുടെ ജോലിയെന്നും, അവർ അത്തരം ഭോഗവസ്തുക്കൾ മാത്രമാണെന്നുമുള്ള ആൺകോയ്മയുടെ പരസ്യ പ്രഖ്യാപനമാണ് ആ ഡാൻസ് സീക്വെൻസ്.
ഒരു സിറ്റുവേഷനും അത് ഡിമാൻഡ് ചെയ്യുന്നില്ല. ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ കച്ചവട സിനിമകളിലും ചേർത്തിട്ടുള്ള സമാനമായ സീനുകളുളുടെ തനി കോപ്പിയടി മാത്രമാണത്. കച്ചവടം മാത്രം ലക്‌ഷ്യം വച്ചുള്ള, സ്ത്രീകളെ വെറും ഭോഗവസ്തുക്കളായി മാത്രം കാണുന്ന സ്ത്രീപക്ഷക്കാരൻ എന്ന് പുറമെ നടിക്കുന്ന ഒരു കപടവേഷക്കാരനായ പ്രിത്വിരാജിനെയാണ് ഈ രംഗങ്ങളിലൂടെ ഞാൻ കാണുന്നത്. ഇത് വെറുമൊരു സിനിമയല്ലേ എന്ന് പറഞ്ഞ് തള്ളിക്കളയാവുന്നതേയുള്ളു എന്ന് തോന്നാം. പക്ഷെ, ആ സിനിമയുടെ ഇതിവൃത്തം തന്നെ വില്ലൻ സ്വന്തം മകളെപ്പോലും അഭ്യൂസ് ചെയ്യുന്നതായി കാണിച്ച് സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് എതിരെയുള്ള ശബ്ദം ആയാണ്.
പക്ഷേ, അതേ സിനിമയിൽ സ്ത്രീകളെ ചൂഷണം ചെയ്യുകയും, അവരെ വെറും ഭോഗവസ്തുക്കളുമായി ചിത്രീകരിച്ച് പണം ഉണ്ടാക്കാൻ ശ്രമിക്കുകയും വഴി അഭ്രപാളിക്ക് പുറത്ത് യദാർത്ഥ ജീവിതത്തിൽ ശരിക്കുള്ള വില്ലന്മാർ സ്ത്രീകളെ കച്ചവടച്ചരക്കാക്കുന്ന പ്രത്വിരാജിനെപ്പോലെ ഉള്ളവരാണ് എന്നതാണ് സത്യം. അവർ സ്ത്രീകളെ ഭോഗവസ്തുക്കളാക്കി നിർമ്മിച്ച സിനിമകൾ കണ്ട് യുവാക്കൾ സ്ത്രീകളെയും കുട്ടികളെയും വരെ അഭ്യൂസ് ചെയ്യുമ്പോൾ പ്രിത്വിരാജും കൂടെ മുഴുവൻ വസ്ത്രവും ധരിച്ച് മാത്രം നടക്കുന്ന സുപ്രിയയും അങ്ങിനെ ഉണ്ടാക്കുന്ന പണം കൊണ്ട് കോടിക്കണക്കിന് രൂപ വിലവരുന്ന കാറുകളിൽ വിലസും. ഇതേ പ്രിത്വിരാജ് തന്നെയാണ് ദിലീപ് വിഷയം വന്നപ്പോൾ ഞാൻ സ്ത്രീപക്ഷത്താണ് എന്ന് കാണിക്കാൻ നിജസ്ഥിതി എന്താണെന്ന് ഇന്നും ആർക്കും അറിയില്ലായിട്ടുപോലും ദിലീപിനെതിരെ പടവാളെടുത്തത്.
കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ തൻറെ സിനിമയിൽ സ്ത്രീകളെ വെറും കച്ചവടച്ചരക്കും ഭോഗവസ്തുക്കളും ആക്കി പണം കൊയ്ത പൃഥ്വിരാജ് എന്ന കപടനാട്യക്കാരൻ ആണ് യാതൊരു തെളിവും ഇല്ലാത്ത, ഒരു കുറ്റവാളിയുടെ മൊഴിയെ അടിസ്ഥാനമാക്കി മാത്രം അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിനുമേൽ ചെളിവാരി എറിഞ്ഞ് സ്ത്രീപക്ഷക്കാരൻ എന്ന് അഭിനയിക്കുന്നത്. ഇത്രയും വായിച്ചു കഴിയുമ്പോൾ ഒരു സ്ത്രീ എന്ന നിലയ്ക്ക് ഞാൻ സുപ്രിയയെ അപമാനിച്ചു എന്ന് തോന്നാം. പക്ഷെ, മറക്കരുത്, സ്വന്തം ഭർത്താവ് സ്ത്രീകളെ വെറും കച്ചവട ചരക്കായും ഭോഗവസ്തുക്കളായും കാണിച്ച് സിനിമ എടുത്ത് പണം ഉണ്ടാക്കിയപ്പോൾ, അത് ശരിയല്ല, എനിക്ക് മാത്രമല്ല, മറ്റുള്ളവർക്കും സ്വാഭിമാനത്തോടെ ജീവിക്കാൻ അവകാശമുണ്ട് എന്ന് ഭർത്താവായ പ്രിത്വിരാജിനോട് പറയാൻ സുപ്രിയയ്ക്ക് കഴിഞ്ഞില്ലെങ്കിൽ, അവളും മറ്റുള്ളവരുടെ അവകാശങ്ങളെ അറിയുകയോ അംഗീകരിക്കുകയോ ചെയ്യാത്ത കപടനാട്യക്കാരി തന്നെയാണ്.
അത് തുറന്നുപറയുന്നത് സുപ്രിയയെ അപമാനിക്കലല്ല, സ്ത്രീവിരുദ്ധതയുമല്ല. ലൂസിഫർ വിജയിച്ചതും ഇനി എമ്പുരാൻ വിജയിക്കാൻ പോകുന്നതും ആ സിനിമകളുടെ മേന്മ കൊണ്ടല്ല, മറിച്ച് നെഗറ്റീവ് റിവ്യൂ പാടില്ലെന്ന് പറയുന്നവർ തന്നെ ലക്ഷങ്ങൾ മുടക്കി വാർത്തകളും പോസിറ്റീവ് റിവ്യൂകളും കൊടുത്ത് യുവാക്കളിൽ ഈ ചവറുകൾ അടിച്ചേൽപ്പിക്കുക വഴിയാണ്. അത് തിരിച്ചറിയാനുള്ളത്ര ചിന്താശക്തിയില്ലാതെ ആരുടെയെങ്കിലും ഒക്കെ അടിമകളായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ജനത ഉള്ളിടത്തോളം കാലം മതങ്ങളെ കൂട്ടുപിടിച്ച് ജനങ്ങളെ അടിമകളാക്കി വച്ച് കുറേപ്പേർ ചൂഷണം ചെയ്യുന്നതുപോലെ ലൂസിഫർ, എമ്പുരാൻ ഒക്കെ പോലെയുള്ള ചവറുസിനിമകളും പണം വാരിക്കൊണ്ടേയിരിക്കും.
ഇതിനിടയിൽ നെഗറ്റീവ് റിവ്യൂ (എന്നുവച്ചാൽ സിനിമ ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നവരുടെ അഭിപ്രായം) വേണ്ടെന്ന് പറയാൻ പാടുണ്ടോ? അല്ല, പാടുണ്ടോ?! ഇനി മനഃപൂർവ്വം നെഗറ്റീവ് റിവ്യൂ പറയുന്നതാണെങ്കിൽ അത് ചെയ്യുന്നതും ഈ നടന്മാരുടെ പേരുകളിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഫാൻസ് അസോസിയേഷനുകളിൽ ഉള്ള അടിമകൾ തന്നേയല്ലേ, അപ്പോൾ അതിൻറെ കാരണക്കാരും നിങ്ങൾ തന്നെയല്ലേ?!'.
ഇതാണ് ആ പോസ്റ്റ്. ശ്രദ്ധിച്ചാൽ ഇന്ന് മലയാള സിനിമയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പല സംഭവങ്ങൾക്കും ഇതുമായി നല്ല സാമ്യമുള്ളതായി കാണാം. വേണ്ടാത്ത പല രംഗങ്ങളും പലരും സൃഷ്ടിച്ചെടുക്കുന്നതിന് പിന്നിൽ പല തരത്തിലുള്ള ദുരൂഹതയില്ലെയെന്ന് സംശയിച്ചു പോകുക സ്വഭാവികമാണ്. സ്ത്രീകളെ ചൂഷണം ചെയ്യാനുള്ള വേദി സൃഷ്ടിച്ചെടുക്കാൻ ചിലരൊക്കെ വ്യഗ്രതപ്പെടുന്നതുപോലെയുണ്ട് ഓരോ സിനിമയുടെയും സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുള്ള ചില സീനുകൾ ഒരുക്കുന്നത് കാണുമ്പോൾ.
അത് ഒരു സൂപ്പർസ്റ്റാറിൽ മാത്രം ഒതുങ്ങുന്നില്ല. മിക്ക സൂപ്പർസ്റ്റാർ പടങ്ങളും ശ്രദ്ധിച്ചാൽ ഇങ്ങനെ തന്നെയെന്ന് മനസ്സിലാകും. ഇവർക്ക് സിന്ദാബാദ് വിളിക്കാൻ ഫാൻസുകാർ ഉള്ളിടത്തോളം കാലം മലയാള സിനിമയിൽ ഇത് അല്ല ഇതിനപ്പുറവും ഇനിയും നടന്നെന്ന് ഇരിക്കും. എല്ലാത്തിനെയും പാലഭിഷേകം നടത്തി വെള്ളപൂശാൻ ഇവരുണ്ടല്ലോ. എന്തായാലും ഇനി ദിലീപ് ഒറ്റയ്ക്കല്ല, ഒരുപാട് കൂട്ടുകാരും കൂടെ എത്തിക്കഴിഞ്ഞു എന്നതാണ് സത്യം.
#MalayalamCinema #WomenInCinema #Objectification #PrithvirajSukumaran #LuciferMovie #KeralaNews #IndianCinema