Allegations | ജൂനിയർ നടിമാരുടെ പീഡന പരാതികളിൽ സ്ത്രീകൾക്ക് പോലും വിശ്വാസമില്ലാതാകുന്നോ? ആരോപണങ്ങൾക്കപ്പുറമുള്ള യാഥാർഥ്യങ്ങൾ 

 
Malayalam Film Industry Faces Scrutiny Amidst Allegations
Malayalam Film Industry Faces Scrutiny Amidst Allegations

Representational Image Generated by Meta AI

സ്ത്രീകൾ പലപ്പോഴും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാൻ മടിക്കുന്ന ഒരു സമൂഹത്തിൽ, തുറന്ന് സംസാരിക്കാൻ തയ്യാറായ നടികളെ നാം പ്രോത്സാഹിപ്പിക്കണം

സോണിച്ചൻ മുണ്ടക്കയം

(KVARTHA) ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഒരുപാട് നടിമാർ നടന്മാർക്ക് എതിരെ പീഡന ആരോപണം ഉന്നയിച്ച് ദിനം തോറും രംഗത്ത് വരുന്നുണ്ട്. നമ്മുടെ നാട്ടിലെ സ്ത്രീകൾ പീഡന  ആരോപണങ്ങളോടും കേസുകളോടും ഒക്കെ പൊതുവേ താത്പര്യം കാണിച്ചിരുന്നവരല്ല. കൂടുതലും പുരുഷന്മാരാണ് ഇങ്ങനെയൊക്കെയുള്ള കാര്യങ്ങളിൽ ശ്രദ്ധചെലുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഇവിടുത്തെ സ്ത്രീകളും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നതിൽ കൂടുതൽ തത്പരരാണെന്ന് തോന്നുന്നു. ഹേമാ കമ്മീഷൻ റിപ്പോർട്ട് ആദ്യം പുറത്തുവന്നപ്പോൾ എതാനും ചില നടന്മാർക്കെതിരെ ചില നടികൾ പരാതിയുമായി ഇറങ്ങിയപ്പോൾ അത് വിശ്വസിച്ചിരുന്നവരാണ് ഇവിടുത്തെ ഏറെയും സ്ത്രീ ജനങ്ങൾ. ഇത് സിനിമ മേഖലയിൽ ഒരു ശുദ്ധികലശത്തിന് വഴിവെയ്ക്കുമെന്നും അവർ കരുതി. 

എന്നാൽ ഇതിൻ്റെ പേരിൽ തുടർച്ചയായി മുൻകാല നടിമാർ വരെ പരാതിയുമായി ഇറങ്ങി കണ്ടപ്പോൾ ഇവർ ഈ പറയുന്നതെല്ലാം സത്യമാണോയെന്നുള്ള വിശ്വാസത്തിന് അൽപം കോട്ടം വന്നിട്ടുണ്ടെന്നു വേണം പറയാൻ. പ്രത്യേകിച്ച് മലയാളത്തിലെ മുൻ നിരനായികമാർ എന്ന് അവകാശപ്പെടുന്ന പലരും പരാതിപറയാതെ ജൂനിയർ ആർട്ടിസ്റ്റുകളായ നടിമാരോ സിനിമയിൽ ഇന്ന് അത്രയൊന്നും പ്രശസ്തമല്ലാത്ത പഴയകാല നടിമാരോ ഒക്കെ ഇങ്ങനെ ഇറങ്ങുന്ന സാഹചര്യത്തിൽ ഇതിൽ എന്തോ പന്തിക്കേട് ഇല്ലേയെന്ന് സ്ത്രീകളുടെ ഇടയിൽ നിന്ന് തന്നെ സംശയിക്കുന്നവർ ഏറെയാണ്. ആ രീതിയിൽ ഈ വിഷയത്തിൽ ഒരു സ്ത്രീ നടത്തിയ ഒരു പ്രതികരണം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമായി. 

ആൻഡ്രിയ തോമസ് എന്ന ഉപയോക്താവിന്റെ കുറിപ്പിൽ പറയുന്നത്: 'ഇക്കണക്കിന് മലയാള സിനിമയിൽ പീഡനം ഏറ്റ് വാങ്ങാത്ത നടിമാരും പീഡനം കുറ്റം ആരോപിക്കപ്പെടാത്ത നടന്മാരും കൂട്ടത്തിൽ സംവിധായകരും ആരെങ്കിലും ഉണ്ടാവുമോ. ചിലപ്പോൾ സിനിമ അഭിനയ മേഖലയിലെ ഇവരുടെ വളർച്ചയിൽ അസൂയ പൂണ്ടവർ സ്വയം സ്വന്തം ഭാവനയിലും മറ്റുള്ള ചിലരുടെ പ്രേരണ മൂലവും അല്ല ഇത്തരം പരാതികൾ ഉണ്ടാവുന്നത് എന്ന് ആർക്കുംഇപ്പോൾ അന്വേഷണം നടക്കും മുൻപ് പറയാനും കഴിയില്ല.. ഇത്തരത്തിൽ ആണ് കാര്യങ്ങളുടെ മുന്നോട്ടുള്ള പോക്ക് എങ്കിൽ ഭാവിയിൽ സിനിമ എന്ന ദൃശ്യ മാധ്യമം തന്നേ നിയമം മൂലം നിരോധിക്കേണ്ടതായി വരുമോ.

ഈ പീഡന ലിസ്റ്റിൽഉള്ളവരുടെ കണക്ക് എടുക്കന്നതിലും ഭേദം ഇല്ലാത്തവർ ആരൊക്കെ എന്ന് എണ്ണുന്നതാ നല്ലത്. എന്തൊക്കെ ആണെങ്കിലും ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടേ. ഈ ആരോപണങ്ങൾ തെളിവ് സഹിതം കോടതിയിൽ തെളിയിക്കാൻ പറ്റിയില്ലെങ്കിൽ എതിരെ നിൽക്കുന്നവരെ മാനനഷ്ടം, അപകീർത്തി എന്നിങ്ങനെ വകുപ്പുകൾ ചുമത്തി നിയമത്തിന് മുന്നിൽ കൊണ്ട് വരേണ്ടതും അത്യാവശ്യം ആണ്. കാരണം വ്യാജ പരാതികളുടെ മേളം ആണ് എല്ലാ മേഖലയിലും. പല പരാതികളും വെറും വൈരാഗ്യം മൂലം. പൂർവ്വ വൈരാഗ്യം മൂലവും. അതിൽ ചിലതൊക്കെ വർഷങ്ങൾക്ക് മുന്നേ ഇരുകൂട്ടരും കാര്യങ്ങൾ പറഞ്ഞു ഒത്തുതീർപ്പ് ആക്കിയതും ആണ്. ഇതിനുള്ള തെളിവുകൾ ഒരുപാട് ഉണ്ട് ഇപ്പോൾ ഫാമിലി കോർട്ട് കളിൽ.

 വെറുതെ ഒരു നേരമ്പോക്ക് മാത്രം ആയി അത്ര മാത്രം നിസ്സാര വൽകരിച്ച് ഒക്കെ ആണ് ചില കേസുകൾ വന്ന് കൊണ്ടിരിക്കുന്നത്. ആരെയോ മനഃപൂർവം തോൽപ്പിക്കാൻ ഉള്ള തന്ത്രങ്ങൾ ആണ് പലതും. അത്തരത്തിൽ വരുന്ന കേസുകളിൽ പെട്ട ചിലരോട് ഒക്കെ മര്യാദ എത്ര കാണിച്ചാലും പറ്റില്ല. കോടതിയെ പോലും വിഡ്ഢികൾ ആക്കാൻ ഉള്ള ശ്രമം ആണ് പലർക്കും. ആരെയും എന്തും ചെയ്യാം ആരോടും എന്തും പറയാം എന്ന തന്റേടം ആണ് പൊതു സമൂഹത്തിൽ പലരുടെയും ധാരണ. 

എന്ത് തരത്തിൽ ഉള്ളവ ആണെങ്കിലും ഓരോ പരാതിയിന്മേലും നല്ല രീതിയിൽ തന്നെ അന്വേഷണം നടത്തിയേ മതിയാകൂ. കുറ്റവാളികൾ ഒരു കാരണവശാലും രക്ഷപെടാൻ ഇടയാവരുത്. അതേപോലെ തന്നെ ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടാനും പാടില്ല. ആർക്കും ആരെക്കുറിച്ചും എന്ത് ആരോപണം ഉന്നയിച്ചും പരാതിപ്പെടാം എന്നത് ചൂഷണം ചെയ്യുന്നവരും സമൂഹത്തിൽ ധാരാളം. എന്തായാലും അന്വേഷണം നടക്കട്ടേ. അതോടൊപ്പം സത്യങ്ങൾ മറനീക്കി പുറത്ത് വരട്ടെ'. 

ഈ കുറിപ്പിൽ നിന്ന് മനസിലാക്കാം നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച പല നടിമാരുടെയും പരാതിയിൽ 100 ശതമാനം വിശ്വാസം പോരാ എന്ന്. ഒരു പക്ഷേ പ്രമുഖർ ആയിരുന്നു ഇതുപോലെയുള്ള പരാതികൾ ഉന്നയിച്ചിരുന്നെങ്കിൽ അത് കുറച്ചൊക്കെ ശ്രദ്ധിക്കപ്പെടുമായിരുന്നു. അവരൊന്നും മുൻ നിരയിൽ  വന്ന് നിന്ന് വാ തുറക്കാൻ തയാറാകുന്നില്ല എന്നതാണ് വാസ്തവം. കുറച്ച് ജൂനിയർ ആർട്ടിസ്റ്റിനെക്കൊണ്ട് എന്തൊക്കെയോ വിളിച്ച് പറയിപ്പിച്ച് പിന്നിൽ നിന്ന് പലരും കയ്യടിക്കുന്നുവെന്നാണ് ആരോപണം. പല അഭിപ്രായങ്ങളും പറഞ്ഞവർ പോലും തന്നെ ആരാണ് പീഡിപ്പിച്ചതെന്ന് മിണ്ടിയിട്ടില്ലെന്നതാണ് സത്യം. 

ഇതൊക്കെ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ വിശ്വസ്തതയുടെ ശോഭ കെടുത്തുന്നതാണ്. നടിയുടെ ദൃശ്യങ്ങൾ പകർത്തി ഒരു നടന് അയച്ചു കൊടുത്തെന്ന കേസിൽ ആ നടൻ 90 ദിവസം ജയിലിൽ കിടന്ന നാടാണിത്. ഏഴു വർഷമായി കേസ് തുടരുന്നു. അവസരം കൊടുക്കാം എന്ന് പറഞ്ഞു ഒരു പുരുഷന്റെ ദൃശ്യങ്ങൾ പകർത്തി ഒരു നടിക്ക് അയച്ചു കൊടുത്തവെന്ന ആരോപണം ഉയർന്നപ്പോൾ എന്ത് കൊണ്ട് അവർക്കെതിരെ നടപടിയില്ലെന്നും ചോദിക്കുന്നവരുണ്ട്. ഡിജിറ്റൽ തെളിവുകൾ ഇരിക്കെ നടനില്ലാത്ത  എന്ത് പ്രിവിലേജ് ആണ് നടിക്ക് ഉള്ളത് എന്നും ഇവർ ചോദിക്കുന്നു.

ഒരു കാലത്ത് സ്ത്രീകൾ നിശ്ശബ്ദരായിരുന്നു, ഇന്ന് അവർ ശബ്ദമുയർത്തുന്നു. എന്നാൽ ആ ശബ്ദത്തിൽ നിന്ന് സത്യം വേർതിരിച്ചെടുക്കാൻ നമുക്ക് കഴിയണം. ആരോപണം മാത്രം മതിയാകില്ല, തെളിവുകൾ വേണം. അതേസമയം, നിരപരാധികൾ ശിക്ഷിക്കപ്പെടുന്ന അവസ്ഥയും ഉണ്ടാകരുത്. നീതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരട്ടെ, സത്യം പുറത്തുവരട്ടെ. സിനിമാ മേഖലയിലെ ഈ വിവാദം നമുക്ക് ഒരു പാഠമാകട്ടെ. 

സ്ത്രീകൾ പലപ്പോഴും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാൻ മടിക്കുന്ന ഒരു സമൂഹത്തിൽ, തുറന്ന് സംസാരിക്കാൻ തയ്യാറായ നടികളെ നാം പ്രോത്സാഹിപ്പിക്കണം. അവരുടെ ശബ്ദം കേൾക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. അതേസമയം, വ്യാജ ആരോപണങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു. സിനിമ ഒരു പ്രഭാവശാലിയായ മാധ്യമമാണ്, അതിനാൽ ഈ മേഖലയിലെ സ്ത്രീകൾ സുരക്ഷിതരായിരിക്കണം എന്നത് അനിവാര്യമാണ്.


 

#FilmIndustry #Misconduct #Investigation #ActressAccusations #MalayalamCinema #PublicScrutiny

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia