Controversy | മോഹന്‍ലാലിന് പിന്നാലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ പ്രതികരണവുമായി നടന്‍ മമ്മൂട്ടിയും; അഭിപ്രായം തുറന്നുപറയാന്‍ ഇത്രയും ദിവസം കാത്തുനിന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി താരം 

 
Mammootty Responds to Hema Committee Report, Denies Power Groups in Malayalam Cinema
Mammootty Responds to Hema Committee Report, Denies Power Groups in Malayalam Cinema

Photo Credit: Facebook / Mammootty

പൊലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെ. 

കൊച്ചി: (KVARTHA) ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയുണ്ടായ സിനിമ പീഡന വിവാദത്തില്‍ നടന്‍ മോഹന്‍ലാലിന് പിന്നാലെ ആദ്യ പ്രതികരണവുമായി മമ്മൂട്ടിയും. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. 

റിപ്പോര്‍ട്ട് പുറത്തുവന്നതിന് ദിവസങ്ങള്‍ക്ക് ശേഷം ശനിയാഴ്ചയാണ് മോഹന്‍ലാല്‍ ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. താന്‍ ഒളിച്ചോടിയിട്ടില്ലെന്നും വ്യക്തിപരമായ ചില കാരണങ്ങളാല്‍ പുറത്തായിരുന്നുവെന്നുമാണ് പ്രതികരിക്കാന്‍ വൈകിയതില്‍ താരം കാരണമായി പറഞ്ഞത്. 

സിനിമയില്‍ ഒരു ശദ്ധീകരണം ആവശ്യമാണെന്നും പവര്‍ ഗ്രൂപ്പ് ഇല്ലെന്നുമാണ് താരം പറയുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ താരം സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്നും മലയാള സിനിമയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് എല്ലാവര്‍ക്കും ഒത്തൊരുമിച്ച് നില്‍ക്കാം എന്നും പറഞ്ഞിരുന്നു. തനിക്കറിയാവുന്ന കാര്യങ്ങള്‍ മാത്രമേ പറയാന്‍ കഴിയൂ എന്നും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കരുതെന്നും താരം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

എന്നാല്‍  ഇപ്പോള്‍ സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ലെന്നും അങ്ങനെയൊന്നിന് നിലനില്‍ക്കാന്‍ പറ്റുന്ന രംഗമല്ല സിനിമയെന്നുമാണ് പവര്‍ ഗ്രൂപ്പിനെ കുറിച്ച് മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നത്. താന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അഭിപ്രായം പറയാന്‍ ഇത്രയും വൈകിയതിന് പിന്നിലെ കാരണവും താരം വ്യക്തമാക്കി. 

സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. ഔദ്യോഗിക പ്രതികരണങ്ങള്‍ക്ക് ശേഷമാണ് അംഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തതെന്നും തന്റെ പോസ്റ്റില്‍ മമ്മൂട്ടി വിശദീകരിച്ചു. 

ഇപ്പോള്‍ ഉയര്‍ന്നുവന്ന പരാതികളിന്മേല്‍ പൊലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കോടതിയുടെ മുന്നിലുമാണ്. പൊലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെ. സിനിമയില്‍ ഒരു 'ശക്തികേന്ദ്ര'വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാന്‍ പറ്റുന്ന രംഗവുമല്ല സിനിമ. 


സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ എന്ന് പറഞ്ഞ മമ്മൂട്ടി. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ടെന്നും വ്യക്തമാക്കി. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചര്‍ച്ചയ്ക്കിടയാക്കുമെന്നും താരം വ്യക്തമാക്കി.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മലയാള സിനിമാരംഗം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോഗിക പ്രതികരണങ്ങള്‍ക്ക് ശേഷമാണ് അംഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. 

സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചര്‍ച്ചയ്ക്കിടയാക്കും.


ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാന്‍ സിനിമാപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതും ജാഗരൂകരാകേണ്ടതുമാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടര്‍ന്ന് സിനിമാമേഖലയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും നടപടികള്‍ ശുപാര്‍ശ ചെയ്യാനും സര്‍ക്കാര്‍ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ നടപ്പാക്കാന്‍ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേര്‍തിരിവുകളില്ലാതെ കൈകോര്‍ത്തുനില്‌ക്കേണ്ട സമയമാണിത്.

ഇപ്പോള്‍ ഉയര്‍ന്നുവന്ന പരാതികളിന്മേല്‍ പൊലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കോടതിയുടെ മുന്നിലുമാണ്. പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെ. സിനിമയില്‍ ഒരു 'ശക്തികേന്ദ്ര'വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാന്‍ പറ്റുന്ന രംഗവുമല്ല സിനിമ. 


ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പ്രായോഗികമായ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കില്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും അഭ്യര്‍ഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനില്ക്കണം.

#MalayalamCinema, #HemaCommittee, #Mammootty, #Mohanlal, #Immoral Assault, #Bollywood

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia