Mammootty Movie | പുലിപിടുത്തക്കാരൻ വാറുണ്ണി ഇന്നും ഹീറോ തന്നെയാണ്; 35 വയസ് പിന്നിടുന്ന മമ്മൂട്ടിയുടെ 'മൃഗയ'
● വാറുണ്ണിയുടെ വേട്ടയ്ക്ക് ഇപ്പോൾ 35 വയസ് തികഞ്ഞിരിക്കുകയാണ്.
● മമ്മൂട്ടിയുടെ പുലിയെ പിടിക്കുന്ന രംഗങ്ങളാണ് ഈ സിനിമയുടെ പ്രധാന ഹൈലൈറ്റ്സ്.
● എല്ലാവരും മിന്നുന്ന പ്രകടനങ്ങൾ തന്നെയാണ് സിനിമയിൽ കാഴ്ചവെച്ചത്.
● നിർമ്മാണവും വിതരണവും കെആർജി ഫിലിംസ് ആയിരുന്നു.
ഡോണൽ മൂവാറ്റുപുഴ
(KVARTHA) മലയാളത്തിൻ്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് 1989 ഡിസംബർ 23ന് റിലീസ് ആയ മൃഗയ. പുലിപിടുത്തക്കാരൻ വാറുണ്ണിയായി ഈ സിനിമയിൽ മമ്മൂട്ടി തകർത്ത് അഭിനയിക്കുകയായിരുന്നു. ഐവി ശശിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് എന്നും ഈ സിനിമയ്ക്ക് അവകാശപ്പെടാവുന്നതാണ്. ഈ സിനിമയുടെ സംവിധാനം ഐ.വി.ശശി ആയിരുന്നു. തിരക്കഥ ലോഹിതദാസും. ഇതൊരു ലോഹിതദാസ് ചിത്രമായിരുന്നു എന്നുവേണമെങ്കിലും പറയാവുന്നതാണ്. അതുകൊണ്ട് തന്നെ കുടുംബ ബന്ധങ്ങളുടെ നേർക്കാഴ്ച സുന്ദരമായി തന്നെ എഴുതി ചേർത്തിരിക്കുന്നു.
വാറുണ്ണിയുടെ വേട്ടയ്ക്ക് ഇപ്പോൾ 35 വയസ് തികഞ്ഞിരിക്കുകയാണ്. പുലിപിടുത്തക്കാരൻ വാറുണ്ണി, മലയാളികളുടെ മനസ്സിൽ അത് അന്നും ഇന്നും ഹീറോ തന്നെയാണ്. പുലിയെ പിടിക്കുവാൻ വന്നവൻ പുലിയേക്കാൾ വലിയ പ്രശ്നമാകുന്നു. മമ്മൂട്ടിയുടെ പുലിയെ പിടിക്കുന്ന രംഗങ്ങളാണ് ഈ സിനിമയുടെ പ്രധാന ഹൈലൈറ്റ്സ്. ഈ സിനിമയിൽ മമ്മൂട്ടിയുടെ നായികയായി എത്തിയത് നടി സുനിത ആയിരുന്നു. ഇവരെക്കൂടാതെ തിലകൻ, ഉർവ്വശി, ലാലു അലക്സ്, ഭീമൻ രഘു, ജഗന്നാഥവർമ്മ, ജഗതി, മഹേഷ്, കുതിരവട്ടം പപ്പു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
എല്ലാവരും മിന്നുന്ന പ്രകടനങ്ങൾ തന്നെയാണ് സിനിമയിൽ കാഴ്ചവെച്ചത്. മികച്ച നടനുളള സംസ്ഥാന അവാർഡ് മമ്മൂട്ടിയ്ക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാകുന്നു മൃഗയ. ഗിമ്മിക്കുകൾ ഒന്നുമില്ലാതെ കലാമൂല്യം കാത്തു സൂക്ഷിച്ചു നിർമ്മിച്ച ത്രില്ലർ സിനിമ, അത് അർഹിച്ച വാണിജ്യ വിജയവും നേടിയാണ് തിയേറ്റർ വിട്ടത്. ശങ്കർ ഗണേഷ് ആയിരുന്നു ഈ സിനിമയുടെ സംഗീതം. നിർമ്മാണവും വിതരണവും കെആർജി ഫിലിംസ് ആയിരുന്നു. ടെക്നോളജികൾ വരുന്നതിനും മുമ്പ് ഗ്രാഫിക്സുകൾ പ്രചാരം നേടുന്നതിനും മുമ്പ് പരിശീലനം നേടിയ യഥാർത്ഥ പുലിയെ വെച്ച് ഷൂട്ടു ചെയ്ത സിനിമ മലയാള സിനിമാ ചരിത്രത്തിലെ മികച്ച വേട്ട സിനിമയായി കണക്കാക്കുന്നു.
ത്രില്ലർ മൂഡിലുളള സിനിമയാണെങ്കിലും സെന്റിമെൻസും കോമഡിയുമെല്ലാം കൃത്യമായി എഴുതി ചേർത്തിട്ടുണ്ട്. ഭീമൻ രഘുവിന്റെ കഥാപാത്രത്തിന് പേ വിഷബാധ ഏറ്റു മരിക്കുന്ന രംഗവും, വാറുണ്ണി പുലിയെ കീഴ്പെടുത്തുന്ന ക്ലൈമാക്സും എല്ലാം ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് ജനങ്ങൾ കണ്ടത്. പുട്ടുറുമീസു പോലെ മമ്മൂട്ടി എന്ന നടനെ തിരിച്ചറിയാൻ കഴിയാത്ത രീതിയിലുളള മേക്ക് ഓവർ. രൂപത്തിലും ഭാവത്തിലും മാത്രമല്ല ശബ്ദം കൊണ്ടു പോലും അത്ഭുതപ്പെടുത്തിയ മെഗാസ്റ്റാർ മാജിക്. ഇതൊക്കെ ഈ സിനിമയുടെ പ്രത്യേകതകളാണ്.
ഇനി ഇതുപോലെയൊരു മികച്ച സിനിമ മലയാളത്തിൽ പിറവിയെടുക്കുമോ എന്ന് പോലും സംശയമാണ്. അത്രയ്ക്ക് ശക്തമായ തിരക്കഥയാണ് ഈ സിനിമയെ വലിയ വിജയത്തിലേയ്ക്ക് നയിച്ചതെന്ന് നിസംശയം പറയാൻ സാധിക്കും. ഇന്നും ഇത് ടി.വിയിലും മറ്റും വരുമ്പോൾ ധാരാളം പേർ കാണുന്നു എന്നതാണ് വാസ്തവം. മമ്മൂട്ടിയുടെ ഒരു സൂപ്പർ അഭിനയം കാണണം എന്ന് ആഗ്രഹിക്കുന്ന പുതുതലമുറയ്ക്കും ഈ സിനിമ ധൈര്യപൂർവ്വം കാണാം. എല്ലാവരെയും രസിപ്പിക്കും ഇന്നും ഈ സിനിമ.
#Mammootty #Mrigaya #MalayalamCinema #ThrillerMovie #Mammootty35Years #IconicRole