Farewell | എം ജി സോമൻ വിട വാങ്ങിയിട്ട് 27 വർഷം; പ്രേക്ഷകർ മറക്കില്ല പൗരുഷം അഭിനയത്തിൽ ചാലിച്ച പ്രതിഭയെ; ആനക്കാട്ടിൽ ഈപ്പച്ചൻ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഹിറ്റ്

 
MG Soman: 27 Years Since His Passing; A Legend Remembered
MG Soman: 27 Years Since His Passing; A Legend Remembered

Phtot Credit: Facebook/M.G.Soman

● ഘനഗംഭീരവും മുർച്ചയേറിയതുമായ സംഭാഷണ കരുത്ത്.
● കാലയവനികയിലേക്ക് മറിഞ്ഞിട്ട്  27 വർഷം.
● മികച്ച നടനുള്ളതുമായ സംസ്ഥാന അവാർഡുകൾ നേടി.

(KVARTHA) മലയാള ചലച്ചിത്ര ലോകത്ത് നിരവധി ഇതിഹാസ താരങ്ങൾ നിറഞ്ഞു നിന്നിരുന്ന 1970  കളിൽ തന്റേതായ വഴി വെട്ടിതെളിച്ച്  തന്റെ സാന്നിധ്യം ഉറപ്പിച്ച അനശ്വരനടനായിരുന്നു എം ജി സോമൻ. ഘനഗംഭീരവും മുർച്ചയേറിയതുമായ സംഭാഷണ കരുത്തുകൊണ്ട് പ്രേക്ഷകരെന്നും നെഞ്ചിലേറ്റുന്ന നിരവധി കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവൻ പകർന്നിട്ടുണ്ട്. സോമൻ ജീവിതത്തിന്റെ കാലയവനികയിലേക്ക് മറിഞ്ഞിട്ട്  27 വർഷം തികയുന്നുവെങ്കിലും പ്രേക്ഷക മനസ്സിൽ അദ്ദേഹമിന്നും നിറഞ്ഞുനിൽക്കുന്നുണ്ട്. 

1975 ൽ മികച്ച സഹനടനുള്ളതും 1976 ൽ മികച്ച നടനുള്ളതുമായ സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്. ലേലം എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ  ശരിയാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല എന്ന തന്റെ ഘന ഗംഭീരമായ ശബ്ദത്തിൽ  ആനക്കാട്ടിൽ ഈപ്പച്ചൻ തിരശ്ശീലയിൽ നിറഞ്ഞാടിയപ്പോൾ ആ കഥാപാത്രം പ്രേക്ഷകലക്ഷങ്ങളുടെ മനസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ആനക്കാട്ടിൽ ഈപ്പച്ചനെപ്പോലെ  ഇത്രയും തന്റേടിയായ ഒരു കഥാപാത്രം മലയാള സിനിമയിൽ വേറെ ഉണ്ടോയെന്നത് സംശയമാണ്. 

ആനക്കാട്ടിൽ ഇപ്പച്ചൻ കേരളത്തിൽ അങ്ങോളം ഇങ്ങോളം നിറഞ്ഞാടുന്ന സമയത്തായിരുന്നു എം ജി സോമന്റെ വിയോഗവുമെന്നത്ആരാധകർക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. യൂട്യൂബിൽ ഇന്നും സിനിമ ആരാധകർ ഏറ്റവും അധികം തിരയുന്ന ഒരു സീൻ ലേലത്തിലെ ഈ  രംഗമാണെന്ന് സോമൻ വിടപറഞ്ഞതിനു ശേഷം ജനിച്ച തലമുറ പോലും സോമന്റെ ആരാധകരായി മാറി എന്നതിന്റെ തെളിവാണ്. 

എഴുപതുകളിൽ പ്രേംനസീർ , മധു, സുകുമാരൻ, ജയൻ എന്നി കരുത്തരോടൊപ്പം മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ച്  നായകവേഷം കൈകാര്യം ചെയ്ത സോമൻ 24 വർഷത്തെ സിനിമാ ജീവിതത്തിൽ ഏകദേശം നാനൂറോളം ചിത്രങ്ങളിൽ  അഭിനയിച്ചിരുന്നു. 
ആദ്യമായി വിദേശത്തു വച്ചു ചിത്രീകരിച്ച  ഐ വി ശശിയുടെ ഏഴാം കടലിനക്കരെ എന്ന മലയാളചിത്രത്തിലെ നായകനായിരുന്നു സോമൻ.

കുട്ടിക്കാലം മുതൽ മനസ്സിൽ കലയും നാടകവും കൊണ്ടു നടന്നിരുന്ന സോമൻ കോളേജ് വിദ്യാർത്ഥിയായിരിക്കെ   20 വയസ്സ് തികയുന്നതിനു മുൻപ് ഇന്ത്യൻ എയർ ഫോഴ്സിൽ ജോലിക്കുചേർന്നു. അവിടെ സേവനം ചെയ്യുമ്പോഴും കലയോടുള്ള തന്റെ പ്രതിബദ്ധത ഒട്ടും ഉപേക്ഷിച്ചിരുന്നില്ല എന്നതിന്റെ തെളിവാണ്  അവിടത്തെ വാർഷിക മേളകളിലും ആഘോഷങ്ങളിലും സോമന്റെ നിറസാന്നിധ്യം. 
വ്യോമസേനയിലെ സേവനത്തിൽ നിന്ന് വിരമിച്ച ശേഷം നാടകത്തിലൂടെയാണ് എം.ജി സോമൻ അഭിനയം ആരംഭിച്ചത്.  കൊട്ടാരക്കര ശ്രീധരൻ നായരുടെ സംഘത്തിലും മറ്റ് നിരവധി സമിതികളിലും സജീവമായിരുന്നു.  

മലയാറ്റൂർ രാമകൃഷ്ണൻ രചിച്ച ഗായത്രി എന്ന സിനിമയിലെ  രാജാമണി എന്ന ബ്രാഹ്മണ യുവാവിന്റെ വേഷത്തിന് ആളെ തിരയുന്ന സമയത്ത് കേരള ആർട്സ് തിയേറ്റേഴ്സിന്റെ രാമരാജ്യം എന്ന നാടകം കണ്ട മലയാറ്റൂരിന്റെ ഭാര്യ വേണി സോമനെ നായകനായി നിർദ്ദേശിച്ചത്. 1973-ൽ റിലീസായ ഗായത്രിയിൽ ദിനേശ് എന്ന പേരിലാണ് സോമൻ അഭിനയിച്ചത്. 

ചട്ടക്കാരിയിലെ റിച്ചാർഡ്, ഇതാ ഇവിടെവരെ വിശ്വനാഥൻ രാസലീലയിലെ ദത്തൻ നമ്പൂതിരി, തുറമുഖത്തിലെ ഹംസ, രക്തമില്ലാത്ത മനുഷ്യനിലെ ശിവൻകുട്ടി, ഒരു വിളിപ്പാടകലെയിലെ മേജർ, ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ തുടങ്ങിയ കഥാപാത്രങ്ങൾ മലയാള സിനിമ ചരിത്രത്തിൽ എന്നുമെന്നും ഓർമ്മിക്കപ്പെടുന്നവയാണ്. ജോൺ പോളി നൊപ്പം ഭൂമികയെന്ന ചിത്രം നിർമിച്ചു അദ്ദേഹം ചലച്ചിത്ര നിർമാതാവായും മാറി. താരസംഘടനയായ അമ്മയുടെ ആദ്യകാല പ്രസിഡന്റായും ചലച്ചിത്രവികസന കോർപറേഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

പല ചിത്രങ്ങളിലും വില്ലൻ വേഷങ്ങളിൽ അഭിനയിച്ചിരുന്ന സോമൻ ജീവിതത്തിൽ ഒരു പച്ചയായ മനുഷ്യനായിരുന്നു. സിനിമ ഷൂട്ടിങ്ങിന്റെ  ഇടവേള ലഭിക്കുമ്പോൾ തിരുവല്ല എന്ന തന്റെ കൊച്ചു ഗ്രാമത്തിൽ എത്തി പാടവരമ്പിലൂടെ നടന്നു ചിരകാല സുഹൃത്തുക്കളുടെ തോളിൽ കയ്യിട്ട് അവരിൽ ഒരാളായി ദേവീക്ഷേത്രത്തിലെ ദീപാരാധന തൊഴുത് നടന്നിരുന്ന സോമനെ നാട്ടുകാർ ഇന്നും ഓർക്കുന്നുണ്ട്. അഭിനയ ജീവിതത്തിൽ നിറഞ്ഞുനിൽക്കെ സോമൻ തന്റെ 56 മത്തെ വയസ്സിൽ മഞ്ഞപ്പിത്തത്തെത്തുടർന്ന് 1997 ഡിസം‌ബർ 12ന് ഈ ലോകത്തോട് വിട പറഞ്ഞത്. മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമായി മാറി ആ വിയോഗം.

#MGSoman, #MalayalamCinema, #IconicActor, #FilmLegacy, #ActorTribute, #LegendaryActor

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia